കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് മറ്റൊരു വിദേശ താരത്തെ കൂടി കൊണ്ടുവരും എന്ന് സൂചന നല്‍കുകയാണ് കോച്ച് ഡേവിഡ് ജെയിംസ്. ഡല്‍ഹി ഡൈനാമോസിനെതിരായ കളിക്ക് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കേരളാ കോച്ച് പുതിയ സൈനിങ്ങിന്റെ സൂചന തന്നിരിക്കുന്നത്. “ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്നിരിക്കുന്നതിനാല്‍ ഇനിയും താരങ്ങളെ കൊണ്ടുവരാനുള്ള അവസരമുണ്ട്” ഡേവിഡ് ജെയിംസ് പറഞ്ഞു. പരുക്കേറ്റ മധ്യനിര താരം കെസിറ്റോ കിസിരോണിന് പകരമാകും പുതിയ താരം എത്തുക.
ഇന്നലെയാണ് ടീം വിട്ട മാര്‍ക്ക് സിഫ്നിയോസിന് പകരം ഐസ്ലാന്‍ഡ് സെന്റര്‍ ഫോര്‍വേഡ് ഗുധോണ് ബാള്‍ഡ്വിനുമായി കേരളാ ബ്ലാസ്റ്റേഴ്സ് കരാറിലെത്തുന്നത്. പുതിയ താരത്തെ കുറിച്ച് ആരാഞ്ഞപ്പോള്‍ ”
പുതിയ സൈനിങ്ങായ ഗുധോന് ബാള്‍ഡ്വിന്‍സനെ കുറിച്ച് ആരാഞ്ഞപ്പോള്‍ ” അദ്ദേഹം കളിക്കാന്‍ തയ്യാറാണ് എന്നായിരുന്നു ഡേവിഡ് ജെയിംസിന്റെ മറുപടി. ” ഐസ്ലാന്ഡില് നിന്നുമുള്ള സമര്‍ത്ഥനായ താരമാണ് അദ്ദേഹം. നമുക്ക് മുന്നോട്ട് പോകുവാനുള്ള പ്രതീക്ഷ നല്കുന്ന താരമാണ് അദ്ദേഹം” എന്നും കോച്ച് പറഞ്ഞു.
തന്റെ താരങ്ങളെ പ്രശംസിച്ച മാനേജര്‍ സീസണിന്റെ പകുതി എത്തി നില്‍ക്കെ എല്ലാ ടീമിനേയും നേരിടുക ഒരുപോലെ ബുദ്ധിമുട്ടാണ് എന്നും അഭിപ്രായപ്പെട്ടു.
Read More: ബ്ലാസ്റ്റേർസിലേക്ക് ഡേവിഡ് ജയിംസ് കൊണ്ടുവരുന്ന താരങ്ങൾ ഇവർ
” ഒരു സീസണിന്റെ പകുതിയില്‍ ഒരു ക്ലബ്ബിലേക്ക് പോകുക എന്നത് ഏത് ലീഗായാലും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇനി ആറ് മത്സരങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. അതില്‍ ആറും ജയിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ക്ലബ്ബിന്റെ ആരാധകന് എന്ന നിലയില്‍ മികവുറ്റ കളിയാണ് നമ്മുടെ താരങ്ങള്‍ കാഴ്ചവെക്കുന്നത് എന്നാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ” നാല്‍പ്പത്തിയേഴുകാരനായ ഇംഗ്ലീഷ് കോച്ച് പറഞ്ഞു.
ഐഎസ്എല്‍ കളികളുടെ ഷെഡ്യൂളിനെ വിമര്‍ശിച്ചു ഡേവിഡ് ജെയിംസ് സംസാരിച്ചു ” മറ്റൊരു ക്ലബ്ബിനും നമുക്കുണ്ടായ പോലെ അത്രയും ചെറിയ കാലയളവില്‍ നാല് കളികള്‍ കളിക്കേണ്ടി വന്നിട്ടില്ല” എന്നായിരുന്നു ഡേവിഡ് ജെയിംസിന്റെ ആക്ഷേപം.
ബ്ലാസ്റ്റേഴ്സ് നായകന് സന്ദേശ് ജിങ്കനെതിരെ മുന്‍ കോച്ച് റെനെ മ്യൂലെന്സ്റ്റീന് നടത്തിയ അഭിപ്രായത്തെ കുറിച്ചും തുടര്‍ന്നുണ്ടായ വിവാദങ്ങളെ കുറിച്ചും ആരാഞ്ഞപ്പോള്‍ ടീമില്‍ നടന്ന കാര്യം ടീമില്‍ തന്നെ നില്‍ക്കണം എന്നായിരുന്നു ഡേവിഡ് ജെയിംസിന്റെ മറുപടി. റെനെ മ്യൂലെന്‍സ്റ്റീന്റെ രീതികളെ പരോക്ഷമായി വിമര്‍ശിക്കുവാനും ഡേവിഡ് ജെയിംസ് മടിച്ചില്ല.
” ഒരു സ്ഥലം വിട്ട ശേഷം അവര്‍ ആ സ്ഥലത്തെ കുറിച്ച് സംസാരിക്കുക എന്നതൊക്കെ അവരുടെ വ്യക്തിപരമായ കാര്യമാണ്. എനിക്ക് ഒരാളോട് പ്രശ്നം ഉണ്ട് എങ്കില്‍ ഞാന്‍ നേരിട്ട് അയാളോട് തന്നെയാണ് സംസാരിക്കുക.” മുന്‍ ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ കൂടിയായ ഡേവിഡ് ജെയിംസ് പറഞ്ഞതായി ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.