കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും ഡേവിഡ് ജെയിംസ് പുറത്ത്. സീസണിലെ ടീമിന്റെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ജെയിംസ് ക്ലബ്ബ് വിടുന്നത്. പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ജെയിംസ് മുഖ്യ പരിശീലക സ്ഥാനം ഒഴിയുന്നതെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനായി ഡേവിഡ് ജെയിംസ് ചുമതലയേറ്റെടുക്കുന്നത്. കഴിഞ്ഞ സീസണിന്റെ നിർണ്ണായക ഘട്ടത്തിൽ ടീമിന്റെ ഭാഗമായി എത്തിയ ജെയിംസ് ടീമിനെ ആറാം സ്ഥാനത്ത് വരെ എത്തിച്ചിരുന്നു.
എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പിൽ ടീം മോശം പ്രകടനമാണ് ജെയിംസിന്റെ കീഴിൽ ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. പകുതിയിലേറെ മത്സരങ്ങൾ പിന്നിടുമ്പോഴും ഉദ്ഘാടന മത്സരത്തിൽ നേടിയ വിജയം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് ആകെ മൂന്ന് പോയിന്റ് തികച്ച് സമ്മാനിച്ചത്. പന്ത്രണ്ട് മത്സരങ്ങളിൽ ആറ് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ അഞ്ചെണ്ണം പരാജയപ്പെട്ടു.
ഡേവിഡ് ജെയിംസ് ടീമിന് നൽകി വന്ന സേവനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നന്ദി പറയുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാ ആശംസകളും നൽകുന്നതായും കേരള ബ്ലാസ്റ്റേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വരുൺ ത്രിപുരനേനി അറിയിച്ചു.
ക്ലബ്ബിനോടൊപ്പമുള്ള നാളുകളിൽ, ടീമംഗങ്ങളും, മാനേജ്മെന്റും നൽകി വന്ന പിന്തുണയ്ക്കും, സഹായങ്ങൾക്കും പൂർണ്ണ സംതൃപ്തിയും നന്ദിയും അറിയിച്ച ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സിന് എല്ലാ ആശസകളും നേർന്നുകൊണ്ടാണ് ടീമിൽ നിന്നുള്ള വിടവാങ്ങൽ അറിയിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പിന്തുണയ്ക്കും ഡേവിഡ് ജെയിംസ് നന്ദി അറിയിച്ചു.