അമേരിക്കയിൽ കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിന് തുടർന്ന് കൊറോണക്കാലത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്. പലപ്പോഴും വംശീയ അധിക്ഷേപങ്ങൾക്ക് വേദിയാകാറുള്ളത് കായിക മത്സരങ്ങളും ഇരയാകാറുള്ളത് താരങ്ങളുമാണ്. കൂടുതലും ഫുട്ബോളിലാണ് ഈ പ്രവണത നിലനിന്നിരുന്നെങ്കിലും തനിക്കും വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വിൻഡീസ് താരം ക്രിസ് ഗെയ്ൽ തുറന്ന് പറഞ്ഞിരുന്നു. ഗെയ്‌ലിന് പിന്നാലെ ഇപ്പോൾ മുൻ നായകൻ കൂടിയായ ഡാരൻ സമിയും താൻ നേരിട്ട വംശീയാധിക്ഷേപത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിലാണ് താൻ വംശീയമായി അധിക്ഷേപിക്കപ്പെട്ടതെന്ന് സമി പറയുന്നു. 2013-2014 കാലഘട്ടത്തിൽ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കുമ്പോൾ തന്നെയും ശ്രീലങ്കൻ ഓൾറൗണ്ടർ തിസാര പെരേരയെയും കലും എന്ന് പേരുപയോഗിച്ചാണ് വിളിച്ചിരുന്നതെന്നും അതിന്റെ അർഥം തനിക്കിപ്പോഴാണ് മനസിലായതെന്നും സമി പറഞ്ഞു.
Also Read: കറുത്തവനായതിനാൽ ഞാനും തഴയപ്പെട്ടു; ക്രിക്കറ്റിലും വംശീയതയുണ്ടെന്ന വെളിപ്പെടുത്തലുമായി ക്രിസ് ഗെയ്ൽ
‘ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി കളിക്കുമ്പോഴാണ് കാണികൾ എന്നേയും പെരേരയേയും കാലു എന്നു വിളിച്ചത്. കരുത്തനായ കറുത്ത മനുഷ്യൻ എന്ന തരത്തിലാണ് അവർ അതു വിളിച്ചിരുന്നത് എന്നാണ് ഞാൻ കരുതിയത്. എന്നാൽ അതിന്റെ അർത്ഥം ഇപ്പോഴാണ് എനിക്ക് മനസ്സിലാകുന്നത്. അത് എന്നെ വല്ലാതെ ക്രുദ്ധനാക്കുന്നു. സമി ഇൻസ്റ്റഗ്രമിൽ കുറിച്ചു.
നേരത്തെ വംശീയതയ്ക്കെതിരായ പോരാട്ടത്തിൽ ഐസിസിയുടേയും മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകളുടേയും പിന്തുണയും സമി തേടിയിരുന്നു. വംശീയ പ്രശ്നങ്ങളോടുള്ള നിശബ്ദത അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ ക്രിക്കറ്റ് ബോർഡുകളും കൊലയാളികൾക്കൊപ്പമാണെന്ന് കരുതേണ്ടി വരുമെന്നും സമി ട്വിറ്റ് ചെയ്ത ദിവസങ്ങൾക്ക് ശേഷമാണ് താൻ നേരിട്ട വംശീയാധിക്ഷേപത്തിനെതിരെ താരം മനസ് തുറന്നത്.
Also Read: അദ്ദേഹം മഹാനായ ക്രിക്കറ്റർ, എനിക്ക് പ്രതീക്ഷയുണ്ട്; ഗാംഗുലിയെ വാനോളം പുകഴ്‌ത്തി പാക് മുൻതാരം
കഴിഞ്ഞ ദിവസമാണ് താൻ അനുഭവിച്ച വംശീയാധിക്ഷേപങ്ങളെക്കുറിച്ച് ക്രിസ് ഗെയ്ൽ പറഞ്ഞത്. ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ട സംഭവത്തിൽ തന്റെ പ്രതിഷേധം അറിയിക്കുന്നതിനിടയിലാണ് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും ഗെയ്ൽ വെളിപ്പെടുത്തൽ നടത്തിയത്. സമൂഹമാധ്യമങ്ങളിൽ ഒരു കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു ഗെയ്ൽ തന്റെ അമർഷം വ്യക്തമാക്കിയത്. രൂക്ഷമായ ഭാഷയിലായിരുന്നു താരത്തിന്റെ പ്രതികരണം. ലോകത്തിന്റെ പല ഭാഗങ്ങളിൽ വച്ചും കറുത്തവനായി പോയതിന്റെ പേരിൽ അവഗണനയും അപമാനവും നേരിട്ടിട്ടുണ്ടെന്ന് ഗെയ്ൽ പറഞ്ഞു.