ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ഒറ്റയാൻ പോരാട്ടത്തിലൂടെ ഡാരൻ സാമി നേടിയത് മിന്നും ജയം. കാൽമുട്ടിനേറ്റ പരുക്കുമായി ക്രീസിലെത്തിയ സാമി ഒറ്റക്കാലിൽനിന്നാണ് പോരാടിയത്. സാമിയുടെ പോരാട്ടം ടീം പെഷവാർ സാൽമിക്ക് നൽകിയത് ത്രസിപ്പിക്കുന്ന ജയം.

ആദ്യ ഇന്നിങ്സിന്റെ 15-ാം ഓവറിലാണ് സാമിയുടെ കാൽമുട്ടിന് പരുക്കേറ്റത്. തന്റെ മൂന്നാം ഓവർ ബോളിങ് പൂർത്തിയാകുന്നതിനുമുൻപേ പരുക്കു മൂലം സാമിക്ക് പവലിയനിലേക്ക് മടങ്ങേണ്ടി വന്നു. പക്ഷേ തന്റെ ടീം പരാജയപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തിൽ കാലിലെ പരുക്ക് അവഗണിച്ച് ബാറ്റേന്തി സാമി ക്രീസിലെത്തി.

ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് ബോളർമാരുടെ ആക്രമണത്തിൽ പെഷാവർ സാൽമിയുടെ ബാറ്റ്സ്മാന്മാർ ഓരോരുത്തരായി മടങ്ങി. 9 ബോളിൽനിന്ന് 17 റൺസ് ആണ് വേണ്ടിയിരുന്ന സമയത്താണ് സാമി ക്രീസിലെത്തുന്നത്. അപ്പോൾ സ്ട്രൈക്കിൽ ഖാലിദ് ഉസ്മാൻ ആയിരുന്നു. ഖാലിദ് സിംഗിളെടുത്തു. തുടർന്ന് ജയിക്കാൻ 7 ബോളിൽനിന്ന് 16 റൺസാണ് വേണ്ടിയിരുന്നത്. ആദ്യ ബോൾ നേരിട്ട സാമി സിക്സർ ഉയർത്തി.

6 ബോളിൽനിന്നും ഇനി വേണ്ടത് 10 റൺസ്. ഒരു ബോളിൽ സാമിക്ക് റൺസൊന്നും നേടാനായില്ല. എന്നാൽ സാമി മനോധൈര്യം കൈവിട്ടില്ല. ഒരു ബോൾ സിക്സർ ഉയർത്തി.

മറ്റൊരു ബോൾ ബൗണ്ടറി കടത്തിയും സാമി മൽസരം അവസാനിപ്പിച്ചു. ഒറ്റക്കാലിൽനിന്ന് പോരാടി നേടിയ വിജയത്തിൽ സാമി നെഞ്ചുവിരിച്ചുനിന്നു.

വെറും 4 ബോളിൽനിന്നായിരുന്നു വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടറായ സാമി തന്റെ ടീമിന് തിളക്കമാർന്ന വിജയം നേടിക്കൊടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ