മെൽബൺ: പന്തിൽ കൃത്രിമത്വം കാട്ടിയ സംഭവം വിവാദമായ സാഹചര്യത്തിൽ ഓസീസ് ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ഥാനം രാജിവയ്ക്കാൻ ഡാരൻ ലീമാൻ തീരുമാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ടെസ്റ്റിന് പിന്നാലെ അദ്ദേഹം കോച്ച് സ്ഥാനം രാജിവയ്ക്കുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയെ അറിയിച്ചിരിക്കുന്നത്.

മൂന്നാം ടെസ്റ്റിലുണ്ടായ വിവാദ സംഭവത്തിന് പിന്നാലെ ഓസീസ് ടീം നാണംകെട്ട് ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇരിക്കുന്നതിനിടയിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടി ഉണ്ടായിരിക്കുന്നത്. വിവാദത്തിൽ ആദ്യം ഡാരൻ ലീമാന് പങ്കുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയ നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു.

മൽസരത്തിനിടെ പന്ത് ചുരണ്ടിയ യുവതാരം ബാൻക്രോഫ്റ്റിന് ഒൻപത് മാസത്തെ വിലക്കും സംഭവത്തിന്റെ ഗൂഢാലോചന നടത്തിയ നായകൻ സ്റ്റീവ് സ്മിത്ത്, ഉപനായകൻ വാർണർ എന്നിവർക്ക് ഒരു വർഷത്തെ വിലക്കുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വിധിച്ചത്. ഇരുവർക്കും രണ്ട് വർഷത്തേക്ക് നായകസ്ഥാനം ഏറ്റെടുക്കാനുമാവില്ല.

കളിക്കാരുടെ പെരുമാറ്റം ടീമിനെയും രാജ്യത്തെയും അപമാനിതരാക്കിയെന്ന നിരീക്ഷണത്തിന് പിന്നാലെയാണ് കോച്ചിന്റെയും കടുത്ത തീരുമാനം. തന്റെ കൂടി വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് രാജിവയ്ക്കുന്നതെന്നാണ് കോച്ച് ഡാരൻ ലീമാൻ വ്യക്തമാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ