ജമൈക്ക: മലയാളി താരം ബേസിൽ തമ്പി ഒരിക്കൽ ഇന്ത്യൻ ടീമിൽ കളിക്കുമെന്ന് താൻ മുൻപ് പ്രവചിച്ചിരുന്നതായി വെസ്റ്റ് ഇൻഡീസ് താരം ഡാരൻ ബ്രാവോ. എഴ് മാസം മുൻപാണ് ബേസിൽ ഇന്ത്യൻ ടീമിൽ കളിക്കുമെന്ന് താൻ പ്രവചിച്ചതെന്ന് ഡാരൻ ബ്രാവോ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ ബേസിൽ തമ്പിക്കൊപ്പമുള്ള ചിത്രവും ഡാരൻ ബ്രാവോ പങ്കുവച്ചിട്ടുണ്ട്. ട്വന്റി-20യിൽ പ്രയോഗിക്കേണ്ട പ്രധാന ബോളുകൾ മറക്കരുതെന്നും ബ്രാവോ ബേസിലിനെ ഓർമ്മിപ്പിക്കുന്നുണ്ട്.

ഐപിഎല്ലിൽ ഡാരൻ ബ്രാവോയ്ക്കൊപ്പം ഗുജറാത്ത് ലയൺസിന് വേണ്ടിയാണ് ബേസിൽ തമ്പി കളിച്ചത്. ഇന്ത്യന്‍ പ്രിമിയർ ലീഗിലെ ഭാവി താരമായി തിരഞ്ഞെടുക്കപ്പെട്ട ബേസിലിനെ ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത് പ്രശംസിച്ചിരുന്നു. ഐപിഎല്ലില്‍ സാക്ഷാല്‍ ക്രിസ് ഗെയിലിനെ വീഴ്ത്തിയ ബേസിലിന്‍റെ യോര്‍ക്കര്‍ ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി നേടിയിരുന്നു.

ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ബേസിലിനെ ഉൾപ്പെടുത്തിയത്. മികച്ച പേസിലും കൃത്യതയിലും പന്തെറിയുന്ന ബേസിലിന്‍റെ ഓള്‍റൗണ്ട് മികവാണ് സെലക്ടര്‍മാരെ ആകര്‍ഷിച്ചത്. ഹരിയാനക്കെതിരായ നിര്‍ണായക രഞ്ജി ട്രോഫി മത്സസരത്തിൽ തകര്‍ത്തടിച്ച് അര്‍ധസെഞ്ചുറി നേടിയിരുന്നു താരം.

ശ്രീലങ്കയ്ക്കെതിരായ ഇന്ത്യൻ ടീം: രോഹിത് ശർമ്മ, കെ.എൽ.രാഹുൽ, ശ്രേയസ്സ് അയ്യർ, മനീഷ് പാണ്ഡ്യ, ദിനേശ് കാർത്തിക്, എം.എസ്.ധോണി, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, യുഷ്‌വേന്ദ്ര ചഹൽ, കുൽദ്ദീപ് യാദവ്, ദീപഖ് ഹൂഡ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ബേസിൽ തമ്പി, ജയദേവ് ഉനാദ്കഡ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ