കോഴിക്കോട്: കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുന്ന ഒരു വീഡിയോയുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫുട്ബോൾ ആരാധകരുടെ ഹൃദയത്തിലേക്ക് തുളച്ച് കയറിയ ഒരു ഗോളിന്ററെ വീഡിയോ. സീറോ ആംഗിളിൽ നിന്ന് മൈതാനത്തിന്റെ വലത്തെ കോർണറിൽ നിന്ന് ഒരു കുഞ്ഞുകാൽ തൊടുത്ത ബോൾ നേരെ ഗോൾ പോസ്റ്റിൽ. ഡാനിഷ് പി.കെ എന്ന കുഞ്ഞുബാലനാണ് ആ ഗോളിനുടമ.
മീനങ്ങാടിയില്‍ നടന്ന അഖില കേരള കിഡ്‌സ് അണ്ടര്‍ 9 ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലിൽ കെ എഫ് ടി സിക്ക് വേണ്ടിയായിരുന്നു ഡാനിയുടെ ഗോൾ. ഇതിനോടകം തന്നെ ഫുട്ബോളിൽ തന്റെ കഴിവ് തെളിയിച്ച ഡാനിയിൽ നിന്ന് അത്തരത്തിലൊരും അത്ഭുതം പിതാവ് അബു ഹാഷിം പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ഡാനിയുടെ പിറകിൽ നിന്ന് കോർണർ മൊബൈൽ ക്യാമറയിൽ പകർത്താൻ അബു തീരുമാനിച്ചത്. ആ ദീർഘവീക്ഷണം വെറുതെയായില്ല.
മത്സരത്തിൽ ഡാനിയുടെ ഡയറക്ട് കോർണർ കിക്ക് ഗോളുൾപ്പടെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ഡാനിയുടെ ടീമായ കെ എഫ് ടി സി ജയം സ്വന്തമാക്കി. കലാശപോരാട്ടത്തിലെ തകർപ്പൻ ജയത്തോടെ കപ്പും സ്വന്തമാക്കിയ ഡാനി ടൂർണമെന്റിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
രാജ്യന്തര ഫുട്ബോളിൽ പോലും വളരെ വിരളമായിട്ടാണ് ഇത്തരം ഗോളുകൾ പിറന്നിട്ടുള്ളത്. അങ്ങനെയുണ്ടായ ഗോളുകളെല്ലാം ഇതിഹാസങ്ങളുടെ പേരിലുമാണ്. ഡേവിഡ് ബെക്കാം, ടോണി ക്രൂസ്, റൊണാൾഡിഞ്ഞോ ഇങ്ങനെ നീളുന്ന പട്ടിക. ഇവരുടെ ഗണത്തിലേക്കാണ് ഡാനിയുടെ മനോഹര ഗോളും ചേർത്ത് വായിക്കപ്പെടുന്നത്. എന്നാൽ ഇതിഹാസങ്ങളുടെ ഗോളിനേക്കാൾ മനോഹാരിത ഡാനിയുടെ ഗോളിനുണ്ടെന്ന് പറയുന്നവരുമുണ്ട്. ആ കുഞ്ഞുകാലിൽ നിന്ന് അത്തരമൊരു അത്ഭുതം ആരും പ്രതീക്ഷിച്ചിട്ടുണ്ടായില്ല എന്നതാണ് സത്യം.
ഇഷ്ടതാരം മെസിയാണ് ഫുട്ബോളിൽ ഡാനിയുടെ ആത്മാവ്. മെസിയുടെ സ്കില്ലുകൾ മൈതാനത്ത് പുനരാവിഷ്കരിക്കുന്നു പലപ്പോഴും ഡാനി. കളിമികവിൽ മാത്രമല്ല പലപ്പോഴും മെസി അനുസ്മരിക്കുന്ന ശൈലി മൈതാനത്തിന് പുറത്തും ഡാനിയിൽ കാണാം. മെസിയെ പോലെയാകണമെന്നാണ് ഡാനിയുടെ ആഗ്രഹവും.
കോഴിക്കോട് പ്രസന്റേഷൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഡാനി. കഴിഞ്ഞ അഞ്ച് വർഷമായി കെഎഫ്ടിസിയിൽ ഫുട്ബോൾ പരിശീലനം നടത്തുന്ന ഡാനി ഫുട്ബോൾ കളിക്കുന്നതിൽ മാത്രമല്ല ഫുട്ബോൾ അറിവുകളിലും കേമനാണ്. പിതാവ് അബു ഹാഷിം മാധ്യമപ്രവർത്തകനാണ്, മാതാവ് നോവിയ, അമ്മയാണ് മകന്റെ വീഡിയോ ആദ്യം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഐ.എം.വിജയനടക്കമുള്ള താരങ്ങൾ ഇത് ഷെയർ ചെയ്യുകയും ചെയ്തു