ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയുടെ പേരെഴുതി പുലിവാല് പിടിച്ച ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഡാനില്ലി വൈറ്റ് വിമര്‍ശകര്‍ക്ക് മറുപടിയുമായി രംഗത്ത്. കോഹ്ലി ഡാനില്ലിക്ക് സമ്മാനമായി നല്‍കിയ ബാറ്റിന് താഴെ ഇന്ത്യന്‍ നായകന്റെ പേര് തെറ്റായി എഴുതിയതാണ് ആരാധകരെ ചൊടിപ്പിച്ചിരുന്നത്. എന്നാല്‍ ബാറ്റിന് താഴെ പേരെഴുതിയത് താന്‍ അല്ലെന്നും കോഹ്ലിയുടെ ബാറ്റ് നിര്‍മ്മിക്കുന്നയാളാണെന്നും ഡാനില്ലി ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം കോഹ്ലി നല്‍കിയ ബാറ്റിന്റെ ചിത്രം ഡാനില്ലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ് സംഭവത്തിന്റെ തുടക്കം. ആകാംക്ഷ കൊണ്ട് കാത്തിരിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ ട്വീറ്റില്‍ ബാറ്റിന്റെ താഴെയാണ് വിരാട് കോഹ്ലിയുടെ പേര് തെറ്റിച്ച് എഴുതിയിരിക്കുന്നത്. Virat Kohli എന്നതിന് പകരം Virat Kholi എന്നാണ് എഴുതിയത്.

2014ല്‍ കോഹ്ലിയോട് വിവാഹ അഭ്യര്‍ത്ഥന പരസ്യമായി നടത്തിയ താരമാണ് ഡാനില്ലി. വൈറ്റ് അന്ന് ട്വിറ്ററിലിട്ട വിവാഹാഭ്യര്‍ത്ഥനയിലും കോഹ്ലിയുടെ പേര് തെറ്റിച്ചായിരുന്നു എഴുതിയിട്ടുണ്ടായിരുന്നത്. ഇതേ തെറ്റ് തന്നെ ഇത്തവണയും ആവര്‍ത്തിച്ചതാണ് ട്വിറ്റര്‍ ഉപയോക്താക്കളെ ചൊടിപ്പിച്ചത്. എന്നാല്‍ ഇത് എഴുതിയത് താന്‍ അല്ലെന്ന് പറഞ്ഞാണ് ഡാനില്ലി ട്രോളുകളില്‍ നിന്നും തലയൂരുന്നത്.

2014ല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കിടെ കോഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനം കണ്ട് തന്നെ വിവാഹം കഴിക്കുമോയെന്ന് ഡാനില്ലി പരസ്യമായി ചോദിച്ചിരുന്നു. പിന്നീട് ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിക്കാനെത്തിയ കോഹ്ലിയെ വൈറ്റ് നേരിട്ട് കണ്ടിരുന്നു. പിന്നീട് സുഹൃത്തുക്കളായ ഇരുവരും ഗോസിപ്പ് കോളങ്ങളിലും ഇടംപിടിച്ചു.

തുടര്‍ന്നാണ് കോഹ്ലി കഴിഞ്ഞയാഴ്ച്ച ഡാനില്ലിക്ക് ബാറ്റ് സമ്മാനിച്ചത്. ഇത് ആദ്യമായല്ല കോഹ്ലി സുഹൃത്തുക്കള്‍ക്ക് ബാറ്റ് സമ്മാനമായി നല്‍കുന്നത്. പാക് ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് ആമിറിനും ഷാഹിദ് അഫ്രിദിക്കും ഈയടുത്താണ് കോഹ്ലി ബാറ്റ് സമ്മാനമായി നല്‍കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ