സച്ചിന്റെ മകൻ അർജുൻ തെൻഡുൽക്കർ ഇപ്പോൾ ലണ്ടനിലാണുളളത്. മേരിലിബോൺ ക്രിക്കറ്റ് ക്ലബിനൊപ്പം പരിശീലനത്തിലാണ് അർജുൻ. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് മൽസരം കളിക്കുന്ന ഇന്ത്യൻ ടീമിന്റെ പരിശീലന സെഷനിലും അർജുൻ പങ്കെടുക്കുന്നുണ്ട്. ലോർഡ്സിൽ രണ്ടാം ടെസ്റ്റിനു മുന്നോടിയായി വിരാട് കോഹ്‌ലിക്ക് നെറ്റ്സിൽ പന്തെറിയുന്ന അർജുന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.

രണ്ടാം ടെസ്റ്റിൽ മഴമൂലം കളി മുടങ്ങിയപ്പോൾ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാനും അർജുൻ മടി കാട്ടിയില്ല. വെളളിയാഴ്ച ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടെ രണ്ടു തവണയാണ് മഴമൂലം കളി മുടങ്ങിയത്. മഴ മൂലം ഗ്രൗണ്ട് സ്റ്റാഫ് സാധാരണ ഡ്യൂട്ടി സമയത്തേക്കാള്‍ കൂടുതല്‍ സമയമാണ് ജോലി ചെയ്യേണ്ടി വന്നത്. ഇതു മനസ്സിലാക്കിയാണ് ഇവരെ സഹായിക്കാന്‍ അർജുൻ മുന്നോട്ടുവന്നത്. അർജുന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് തങ്ങളുടെ ഔദ്യോഗിക പേജിൽ ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു.

Read More: ലോർഡ്‌സ് സ്ട്രീറ്റിൽ റേഡിയോ വിറ്റ് ജൂനിയർ സച്ചിൻ

മൽസരം കാണാനായി അർജുന്റെ സുഹൃത്തും ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് താരവുമായ ഡാനില്ലി വൈറ്റും എത്തിയിരുന്നു. ഗ്രൗണ്ട് സ്റ്റാഫിനെ അർജുൻ സഹായിക്കുന്നത് കണ്ട് ഡാനില്ലി ചില നിർദ്ദേശങ്ങളും ഗ്യാലറിയിൽ ഇരുന്ന് നൽകുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്.

അർജുന്റെ അടുത്ത സുഹൃത്താണ് ഡാനില്ലി വൈറ്റ്. ലണ്ടനിലെത്തിയ അർജുൻ കിട്ടുന്ന ഇടവേളകളിലെല്ലാം ഡാനില്ലിക്ക് ഒപ്പമാണ് ചെലവിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും ലഞ്ചിനെത്തിയപ്പോൾ പകർത്തിയ സെൽഫി അർജുൻ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

Read More: ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരത്തിനൊപ്പം സമയം ചെലവിട്ട് സച്ചിന്റെ മകൻ

അടുത്തിടെയാണ് രാജ്യാന്തര ക്രിക്കറ്റിൽ അർജുൻ തെൻഡുൽക്കർ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീം അംഗമായി ശ്രീലങ്കയ്ക്ക് എതിരെ നടന്ന യൂത്ത് ടെസ്റ്റിലായിരുന്നു അർജുന്റെ അരങ്ങേറ്റം. ടെസ്റ്റിൽ ഇടം നേടിയെങ്കിലും യൂത്ത് ഏകദിന ടീമിൽ അർജുന് സ്ഥാനം കണ്ടെത്താനായില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ