ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐക്കണുകളിലൊരാളാണ് എംഎസ് ധോണി എന്ന് നിസ്സംശയം പറയാം. 36ാം വയസിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മുന്നില്‍ നിന്ന് നയിക്കുകയാണ് മഹി. താരത്തിന്റെ ബാറ്റിംഗ് പോലെ തന്നെ അദ്ദേഹത്തിന്റെ കളിക്കളത്തിലെ മിസ്റ്റര്‍ കൂള്‍ ആറ്റിറ്റിയൂഡും ഏറെ പ്രശസ്തമാണ്.

അതുപോലെ തന്നെയാണ് ധോണിയുടെ ഹെയര്‍സ്‌റ്റൈലുകളും. നീളന്‍ മുടിയുമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ തിരുമുറ്റത്ത് നടന്നു വന്ന കാലം മുതല്‍ തന്റെ മുടിയിലെ പരീക്ഷണങ്ങള്‍ കൊണ്ടും ധോണി ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.

ഈ ഐപിഎല്ലിലും ധോണിയെത്തിയത് വെറൈറ്റി ഹെയര്‍ സ്‌റ്റൈലുമായാണ്. തലയുടെ രണ്ട് വശവും ഷേവ് ചെയ്തിട്ടുളള വ്യത്യസ്തമായ ഹെയര്‍ സ്‌റ്റൈല്‍ ആരാധകരുടെ പ്രശംസ നേടിയിരുന്നു. രാജസ്ഥാനെതിരായ മത്സരത്തിലായിരുന്നു ധോണിയുടെ തലയിലെ പുതിയ പരീക്ഷണം ആരാധകര്‍ കണ്ടത്.

ഇപ്പോഴിതാ ധോണിയെ തേടി വിദേശത്തു നിന്നുമൊരു പ്രശംസ എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ കട്ട ആരാധികയായ ഡാനിയേല വയറ്റാണ് ധോണിയുടെ ഹെയര്‍സ്‌റ്റൈലിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു ഡാനിയേല ധോണിയുടെ ഹെയര്‍സ്‌റ്റൈലിനെ കുറിച്ചു പറഞ്ഞത്.

ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീമംഗമായ ഡാനിയേല ഇതിനും മുമ്പും ഇന്ത്യന്‍ താരങ്ങളെ കുറിച്ചും ഇന്ത്യയെ കുറിച്ചുമുള്ള ട്വിറ്റുകളിലൂടെ വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. വിരാടിനോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയായിരുന്നു താരം ആദ്യം വാര്‍ത്തയില്‍ ഇടം നേടിയത്. കഴിഞ്ഞ തവണ ഇംഗ്ലണ്ട് വനിതാ ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ വിരാട് സമ്മാനം നല്‍കിയ ബാറ്റുമായാണ് ഡാനിയേല കളിക്കാനിറങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ