ടൂറിൻ: ബ്രസീലിയൻ വലത് വിങ്ങ്ബാക്ക് ഡാനി ആൽവേസ് യുവന്റസ് വിട്ടു. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ലീഗ് കിരീടവും, കോപ്പ ഇറ്റാലിയയും യുവന്റസിന് നേടികൊടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് ഡാനി ആൽവേസ്. ക്ലബുമായുള്ള കരാർ ആൽവേസ് അവസാനിപ്പിച്ചതായി യുവന്രസ് അധികൃതർ അറിയിച്ചു.
34 വയസ്സുള്ള ഡാനി ആൽവേസ് കഴിഞ്ഞ വർഷമാണ് യുവന്റസിലേക്ക് ചേക്കേറിയത്. യുവന്റസിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽവരെ എത്തിക്കുന്നതിൽ നിർണ്ണായക പ്രകടനമാണ് ഈ ബ്രസീലിയൻ താരം കാഴ്ചവെച്ചത്. വലത് വിങ്ങറായാണ് ആൽവേസ് യുവന്റസിനായി കളിച്ചത്. സ്പാനിഷ് ക്ലബ് ബാഴ്സിലോണയിൽ നിന്നാണ് ആൽവേസ് യുവന്റസിലേക്ക് എത്തിയത്. 8 വർഷം ബാഴ്സിലോണയ്ക്ക് വേണ്ടി ബൂട്ട് കെട്ടിയ ആൽവേസ് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ നിരവധി കിരീടങ്ങളാണ് നേടിയത്.
ഡാനി ആൽവേസ് ഇനി ഏത് ക്ലബിനായി ബൂട്ട് കെട്ടും എന്നതാണ് ഏവരും ഉറ്റ് നോക്കുന്നത്. ബ്രസീലിയൻ താരത്തെ റാഞ്ചാൻ മാഞ്ചസ്റ്റർ സിറ്റി സജീവമായി രംഗത്തുണ്ട്. ആൽവേസിന്റെ മുൻ പരിശീലകനായ പെപ് ഗ്വാർഡിയോള ഇതിനകം തന്നെ താരവുമായി സംസാരിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. സിറ്റിയുമായി 2 വർഷത്തെ കരാർ ആൽവേസ് ഒപ്പിട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ബ്രസീലയൻതാരത്തെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനും പദ്ധതിയുണ്ട്. വൻതുക മുടക്കി ആൽവേസിനെ ടീമിലെത്തിക്കാൻ ഹോസെ മൗറീഞ്ഞോയും രംഗത്തുണ്ട് .