കേപ്ടൗണ്‍: പന്തില്‍ കൃത്രിമത്വം കാണിക്കുക എന്നത് ക്രിക്കറ്റില്‍ ഗുരുതരമായ പിഴവാണ്. പിടിക്കപ്പെട്ടാല്‍ പിഴയോ ചിലപ്പോള്‍ വിലക്കോ ഉറപ്പാണ്. ക്രിക്കറ്റിന്റെ സ്പിരിറ്റിനെ തന്നെ നശിപ്പിക്കുന്ന കുറ്റകൃത്യമാണത്. എന്നാല്‍ പലപ്പോഴായി പന്തില്‍ കൃത്രിമത്വം കാണിച്ചതിന് പിടിക്കപ്പെട്ടിട്ടുള്ളവരാണ് ഓസീസ് താരങ്ങള്‍.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിനിടെ ഓസീസ് താരം ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രമിത്വം കാണിച്ചത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. നേരത്തെ തന്നെ വിവാദങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്ന പരമ്പരയിലെ ഏറ്റവും വലിയ വിവാദത്തിനാണ് ഇപ്പോള്‍ തിരശ്ശീല ഉയര്‍ന്നിരിക്കുന്നത്.

പന്തില്‍ കൃത്രിമത്വം കാണിക്കാനായി സാന്റ് പേപ്പര്‍ ഉപയോഗിക്കുന്ന കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യം പുറത്തായെന്ന് വ്യക്തമായതോടെ പീറ്റര്‍ ഹാന്‍സ്‌കോമ്പിലൂടെ കോച്ച് ഡാരന്‍ ലീമാന്‍ ബാന്‍ക്രോഫ്റ്റിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് താരം സാന്റ് പേപ്പര്‍ തന്റെ പാന്റ്‌സിനുള്ള ഒളിപ്പിച്ചത്.

സംഭവം ക്രിക്കറ്റ് ലോകത്ത് വന്‍ വിവാദമായി മാറിയിരിക്കുകയാണ്. താരങ്ങളും ക്രിക്കറ്റ് പണ്ഡിതരുമടക്കം നിരവധി പേരാണ് ഓസീസ് ടീമിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സ്മിത്തിന്റെ ക്യാപ്റ്റന്‍സി സ്ഥാനത്തിനെതിരേയും ശബ്ദം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. അതേസമയം, വിഷയം മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പരിശോധിച്ചതിന് ശേഷമായിരിക്കും നടപടിയുണ്ടാവുക.

ഇതിനിടെ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനേയും കോച്ച് ലീമാനേയും പരിഹസിച്ച് ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയിന്‍ രംഗത്തെത്തിയിരിക്കുകയാണ്. ക്രിക്കറ്റിനെ തന്നെ നാണംകെടുത്തിയ സംഭവത്തിന് പിന്നില്‍ ബാന്‍ക്രോഫ്റ്റിന്റെ ബുദ്ധിയായിരിക്കില്ലെന്നും കോച്ചിനും നായകനും പങ്കുണ്ടാകുമെന്നുമായിരുന്നു സ്റ്റെയിന്റെ പ്രതികരണം.

പ്രൊഫഷണള്‍ കായിക രംഗത്ത് കോച്ചും ക്യാപ്റ്റനും അറിയാതെ ഒന്നും നടക്കില്ലെന്നായിരുന്നു സ്‌റ്റെയിന്റെ ട്വീറ്റ്. കോച്ചെന്ന നിലയില്‍ ലീമാന്റെ കരിയറിലെ പരീക്ഷണമായിരിക്കും വിവാദമെന്ന മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണിന്റെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു സ്റ്റെയിന്‍. അതേസമയം, ബാന്‍ക്രോഫ്റ്റിന്റെ മാത്രം ബുദ്ധിയായിരിക്കില്ല സംഭവത്തിന് പിന്നിലെന്നും കെപി പറയുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ