ബിസിസിഐ പ്രസിഡന്റായി സ്ഥാനമേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ പുകഴ്ത്തി വീണ്ടും വീരേന്ദര്‍ സേവാഗ്. വിദേശത്ത് എങ്ങനെ ജയിക്കണമെന്ന് പഠിപ്പിച്ച നായകനാണ് ഗാംഗുലിയെന്ന് സേവാഗ് പറഞ്ഞു. ക്രിക്കറ്റ് ഫീല്‍ഡില്‍ എങ്ങനെ പോരാടണമെന്ന് ഇന്ത്യന്‍ ടീമിനെ പഠിപ്പിച്ചത് രണ്ടായിരത്തില്‍ നായകനായി സ്ഥാനമേറ്റെടുത്ത ഗാംഗുലിയാണ്. ക്യാപ്റ്റനായിരുന്നപ്പോള്‍ കാണിച്ച അതേ മികവ് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തും ഗാംഗുലി കാണിക്കുമെന്ന് തനിക്കു ഉറപ്പുണ്ടെന്ന് സേവാഗ് പറഞ്ഞു.

Read Also: സച്ചിന്റെ ആ റെക്കോർഡ് തകർക്കാൻ കോഹ്‌ലിക്ക് സാധിക്കില്ല: വീരേന്ദർ സേവാഗ്

ആഭ്യന്തര ക്രിക്കറ്റിനു മുന്‍തൂക്കം നല്‍കുമെന്നാണ് ഗാംഗുലി ബിസിസിഐ അധ്യക്ഷ സ്ഥാനത്തെത്തിയ ശേഷം പറഞ്ഞത്. അതില്‍ നിന്നു തന്നെ ഗാംഗുലി എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. ആഭ്യന്തര ക്രിക്കറ്റിനെ മെച്ചപ്പെടുത്താന്‍ ഗാംഗുലി തന്നെയാണ് നല്ല നേതാവ്. ടീമില്‍ നിന്നു പുറത്താക്കപ്പെട്ട സമയത്ത് ഗാംഗുലി രാജ്യത്തുടനീളം സഞ്ചരിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിനു എന്താണ് ആവശ്യമെന്ന് ഗാംഗുലിക്കറിയാമെന്നും സേവാഗ് പറഞ്ഞു.

മുന്നില്‍ നിന്നും പിന്നില്‍ നിന്നും ഒരുപോലെ നയിക്കാനറിയുന്ന നായകനാണ് ഗാംഗുലി. അദ്ദേഹം ബിസിസിഐയുടെ തലപ്പത്തേക്ക് എത്തുമ്പോള്‍ പണ്ട് ഡ്രസിങ് റൂമില്‍ അദ്ദേഹത്തിനൊപ്പം ചെലവഴിച്ച നിമിഷങ്ങളാണ് ഓര്‍ക്കുന്നത്. മത്സരം വിജയിപ്പിക്കാന്‍ കഴിവുണ്ടെന്ന് തോന്നിയാല്‍ ഗാംഗുലി നിങ്ങള്‍ക്ക് അവസരം നല്‍കും. ഞാനും യുവരാജ് സിങ്, സഹീര്‍ ഖാന്‍, നെഹ്‌റ, കൈഫ് തുടങ്ങിയവര്‍ ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. നിങ്ങള്‍ പോയി നന്നായി കളിക്കൂ, എന്നെ വിശ്വാസത്തിലെടുക്കൂ എന്ന ഉപദേശം മാത്രമാണ് ഗാംഗുലി നല്‍കിയിരുന്നത്. ഇതാണ് എല്ലാ മാറ്റങ്ങള്‍ക്കും കാരണം. സേവാഗ് ഗാംഗുലിയെ കുറിച്ച് പറഞ്ഞു.

Read Also: ചാംപ്യന്മാർ ഒന്നും വേഗം അവസാനിപ്പിക്കില്ല; ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ഗാംഗുലി

എല്ലാ താരങ്ങള്‍ക്കും ആത്മവിശ്വാസം നല്‍കുന്ന സമീപനമാണ് ദാദയുടേത്. കഴിവുള്ള താരങ്ങള്‍ക്ക് അദ്ദേഹം നൂറ് ശതമാനം ആത്മവിശ്വാസം പകരും. അപ്പോള്‍ കൂടുതല്‍ നന്നായി കളിക്കാന്‍ സാധിക്കും. ഇതാണ് ഒരു നായകന്‍ എന്ന നിലയില്‍ ഗാംഗുലിയുടെ ഏറ്റവും നല്ല കഴിവ്. കേവലം ഒപു മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്‌മാനിൽ നിന്ന് ഓപ്പണര്‍ ബാറ്റ്‌സ്‌മാനിലേക്ക് താന്‍ എത്തിയതിനു കാരണം ഗാംഗുലിയാണെന്നും സേവാഗ് പറഞ്ഞു.

Sourav Ganguly, സൗരവ് ഗാംഗുലി, Virender Sehway, വീരേന്ദര്‍ സേവാഗ്, ganguly, dada, happy birthday dada, happy birthday ganguly, iemalayalam, ഐഇ മലയാളം

ഒരു ചോദ്യത്തില്‍ നിന്നാണ് ഇതെല്ലാം ആരംഭിക്കുന്നത്. മധ്യനിര ബാറ്റ്‌സ്‌മാനായ തന്നോട് ഗാംഗുലി ചോദിച്ചു ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുമോ എന്ന്. ഈ ഒരൊറ്റ ചോദ്യം എന്റെ ക്രിക്കറ്റ് കരിയര്‍ തന്നെ മാറ്റി. എന്തുകൊണ്ട് നിങ്ങള്‍ ഓപ്പണ്‍ ചെയ്യുന്നില്ല എന്ന മറുചോദ്യമാണ് താന്‍ ഗാംഗുലിയോട് ചോദിച്ചത്. മിഡില്‍ ഓര്‍ഡറില്‍ തന്നെ തുടരാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. ഓപ്പണറായി മൂന്നോ നാലോ അവസരങ്ങള്‍ എനിക്ക് നല്‍കുമെന്ന് ഗാംഗുലി പറഞ്ഞു. അതില്‍ പരാജയപ്പെട്ടാല്‍ മിഡില്‍ ഓര്‍ഡറിലേക്ക് തന്നെ തിരിച്ചുപോകാമെന്നും അദ്ദേഹം പറഞ്ഞു.

ഒടുവില്‍ എന്റെ നായകനെ ഞാന്‍ വിശ്വാസത്തിലെടുത്തു. ഓപ്പണര്‍ സ്ഥാനത്ത് എന്നെ വേണമെന്ന് ദാദ ആഗ്രഹിക്കുന്നു എന്ന് ഞാന്‍ മനസിലാക്കി. അതെനിക്ക് ആത്മവിശ്വാസം നല്‍കി. ദാദ എന്നെ ഏറെ വിശ്വാസത്തിലെടുക്കുന്നതായി എനിക്ക് തോന്നി. അതുകൊണ്ട് ഓപ്പണറായി ശ്രമിച്ചു നോക്കാമെന്ന് ഞാനും കരുതി. ഞാന്‍ ഇപ്പോള്‍ എന്തായിരിക്കുന്നുവോ അത് ഗാംഗുലി കാരണമാണ് സേവാഗ് പറഞ്ഞു.

“എല്ലാവരെയും കേൾക്കാൻ മനസുള്ള നായകനായിരുന്നു ഗാംഗുലി. മുതിഞ്ഞന്ന താരങ്ങളിൽ നിന്നെല്ലാം അദ്ദേഹം അഭിപ്രായങ്ങൾ സ്വീകരിക്കും. തീരുമാനങ്ങൾ എടുക്കുന്നതിൽ അദ്ദേഹം അഗ്രഗണ്യനാണ്. തനിക്കു ശരിയെന്ന് തോന്നുന്ന തീരുമാനങ്ങളേ ദാദ എടുക്കാറുള്ളൂ. ഞാൻ നിരവധി ക്യാപ്‌റ്റൻമാരെ കണ്ടിട്ടുണ്ട്. എന്നാൽ, ഗാംഗുലി അവരിൽ നിന്നെല്ലാം ഏറെ വ്യത്യസ്തനാണ്. നമുക്ക് എന്തും തുറന്നുപറയാൻ സാധിക്കുന്ന നായകനാണ് ഗാംഗുലി. അദ്ദേഹം മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യസ്തനുമാണ്” സേവാഗ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook