മെൽബൺ: കോമൺവെൽത്ത് ഗെയിംസിന്റെ പത്താം ദിനം ഇന്ത്യക്ക് സ്വർണക്കൊയ്ത്ത്. മേരികോം തുടങ്ങി വച്ച സ്വർണ്ണക്കൊയ്ത്ത് മാണിക ബത്രയിലാണ് എത്തിനിൽക്കുന്നത്. പത്താം ദിനം മാത്രം ഏഴ് സ്വർണ്ണമാണ് ഇന്ത്യ നേടിയത്. സിംഗപ്പൂരിന്റെ യൂവിനെയാണ് ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ ബത്ര തോല്‍പ്പിച്ചത്. ഇത് ആദ്യമായാണ് കോമ്മണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം ലഭിക്കുന്നത്. 125 കിലോ വിഭാഗം ഗുസ്തിയിലാണ് സുമിത് കുമാർ സ്വർണ്ണം നേടിയതിന് പിന്നാലെ 50 കിലോ ഗുസ്തിയിൽ വിനേഷ് കുമാർ സ്വർണ്ണം നേടിയത്.

അത്ലറ്റിക്സ് വിഭാഗമായ ട്രാക്ക് ആന്റ് ഫീൽഡിൽ ഇന്ത്യ ചരിത്രത്തിലെ നാലാമത്തെ സ്വർണ്ണനേട്ടവും ഇന്ന് നേടി. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയാണ് ഇന്ത്യയുടെ ഇന്നത്തെ അഭിമാന താരം. ഇന്നത്തെ നാലാമത്തെ സ്വർണമെഡലാണ് നീരജ് ചോപ്ര നേടിയത്. ഇതോടെ ഇന്ത്യയ്ക്ക് 24 സ്വർണമെഡൽ എന്ന നേട്ടത്തിലേക്ക് എത്താനായി.

20 കാരനായ നീരജ് ചോപ്ര 86.47 മീറ്റർ ദൂരത്തേക്കാണ് ജാവലിൻ വലിച്ചെറിഞ്ഞത്. നീരജ് ചോപ്രയിൽ രാജ്യത്തിന് വലിയ മെഡൽ പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. താരത്തിന്റെ കരിയറിലെ മികച്ച ത്രോ 86.48 മീറ്ററായിരുന്നു. ഇതിനോടൊപ്പമെത്താൻ താരത്തിന് സാധിച്ചു. ജാവലിൻ ത്രോയിൽ താരം ഇതോടെ ഇന്ത്യയുടെ ഒളിംപിക് മെഡൽ പ്രതീക്ഷയുമായി. താരത്തിന്റെ ഫൈനലിലെ പ്രകടനം നിറഞ്ഞ കൈയ്യടികളോടെയാണ് കാണികൾ സ്വീകരിച്ചത്.

അത്‌ലറ്റിക്സ് ഇനങ്ങളിൽ ഇന്ത്യയ്ക്ക് കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ലഭിക്കുന്ന നാലാമത്തെ വ്യക്തിഗത സ്വർണമെഡലാണ് ഇത്. 440 യാർഡ് മൽസരത്തിൽ മിൽഖ സിങ്ങും, 2010 ലെ കോമൺവെൽത്ത് ഗെയിംസിൽ ഡിസ്‌കസ് ത്രോയിൽ കൃഷ്ണ പൂനിയയും 2014 ലെ കോമൺവെൽത്ത് ഗെയിംസിൽ ഡിസ്‌കസ് ത്രോ പുരുഷ വിഭാഗത്തിൽ വികാസ് ഗൗഡയുമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുളളത്.

കുതിപ്പ് തുടരുന്ന ഇന്ത്യ ഇന്നത്തെ തിളക്കമാർന്ന പ്രകടനത്തോടെ 22 സ്വർണമെഡലിലേക്ക് എത്തി. 22 സ്വർണ്ണം, 13 വെളളി, 15 വെങ്കലം എന്നിവയടക്കം ആകെ 50 മെഡലുകളാണ് ഇന്ത്യക്കുളളത്. ഇന്ന് രാവിലെ നടന്ന ബോക്സിങ് 48 കിലോഗ്രാം വിഭാഗത്തിൽ മേരി കോമാണ് പത്താം ദിനത്തിലെ ആദ്യ സ്വർണം സമ്മാനിച്ചത്. പിന്നാലെ 50 മീറ്റർ റൈഫിൾ മൽസരത്തിൽ സഞ്ജീവ് രജ്‌പുത് ഇന്ത്യക്ക് രണ്ടാം സ്വർണം സമ്മാനിച്ചു.

അധികം വൈകും മുൻപേ ബോക്സിങ്ങിൽ 49 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടി ഗൗരവ് സോളങ്കി മീറ്റിലെ ഇന്ത്യൻ പ്രകടനത്തിന്റെ ശോഭ വർദ്ധിപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ