ന്യൂഡൽഹി: ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക പട്ടികയിൽനിന്നും പിതാവിന്റെ പേര് ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ. പിതാവിന്റെ പേര് ലിസ്റ്റിൽനിന്നും ഒഴിവാക്കിയ വിവരം തന്നോട് നേരത്തെ പറഞ്ഞില്ലെന്നും ഗെയിംസ് വില്ലേജിൽ എത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും സൈന ട്വിറ്ററിൽ വ്യക്തമാക്കി.

ഇന്ത്യൻ ടീമിനൊപ്പമുളള ടീമിൽ സൈനയുടെ പിതാവ് ഹർവീർ സിങ്ങിന്റെയും പി.വി.സിന്ധുവിന്റെ അമ്മ വിജയ പുസർലയുടെയും പേര് കായിക മന്ത്രാലയം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അവസാന നിമിഷം പട്ടികയിൽനിന്നും സൈനയുടെ പിതാവിന്റെ പേര് നീക്കം ചെയ്തത് എന്തുകൊണ്ടെന്ന് വ്യക്തമല്ല.

‘പിതാവിനെ കോമൺവെൽത്ത് ഒഫിഷ്യലായി അംഗീകരിച്ചതാണ്. അദ്ദേഹത്തിന്റെ ചെലവിനുളള മുഴുവൻ തുകയും ഞാൻ നൽകിയതാണ്. എന്നാൽ ഗെയിംസ് വില്ലേജിൽ എത്തിയപ്പോൾ ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേരില്ല. അദ്ദേഹത്തിന് എന്നോടൊപ്പം താമസിക്കാൻ പോലും കഴിയില്ല’–സൈന ട്വീറ്റ് ചെയ്തു.

‘അധികൃതരുടെ ഈ നടപടി കാരണം അദ്ദേഹത്തിന് എന്റെ മൽസരങ്ങൾ കാണാനോ ഗെയിംസ് വില്ലേജിലേക്കു പ്രവേശിക്കുവാനോ എന്നെ കാണാനോ കഴിയില്ല. എല്ലാ മൽസരങ്ങൾക്കും ഞാൻ അദ്ദേഹത്തെ കൂടെ കൊണ്ടുപോകാറുണ്ട്. എനിക്ക് അദ്ദേഹത്തിന്റെ പിന്തുണ ആവശ്യമാണ്. അദ്ദേഹത്തിന് ഗെയിംസ് വില്ലേജിൽ പ്രവേശനം നിഷേധിച്ചത് എന്തുകൊണ്ട് എന്നോട് നേരത്തെ ആരും പറഞ്ഞില്ല’ സൈന ചോദിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ