മെൽബൺ: കോമൺവെൽത്ത് ഗെയിംസിൽ ടേബിൾ ടെന്നിസിൽ ഇന്ത്യൻ ആധിപത്യം. ടീമിനത്തിൽ വനിതകൾ സ്വർണം നേടിയതിന് പിന്നാലെ പുരുഷന്മാരും സ്വർണമണിഞ്ഞു. ഫൈനലിൽ നൈജീരയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ പുരുഷ ടീം സ്വർണം കരസ്ഥമാക്കിയത്. ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം ഒൻപതായി ഉയർന്നു.

നൈജീരിയയ്ക്കെതിരെ നേരിട്ടുളള സെറ്റുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ 2 സിംഗിൾസും വിജയിച്ച ഇന്ത്യൻ താരങ്ങൾ, നിർണായകമായ ഡബിൾസ് മൽസരത്തിലും വിജയക്കൊടി പാറിക്കുകയായിരുന്നു.

ആദ്യ സിംഗിൾസിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടേബിൾ ടെന്നീസ് താരം അജന്ത ശരത് കമൽ നൈജീരിയയുടെ അബുദൂനെയാണ് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് നഷ്ടമായതിന് ശേഷം തിരികെ വന്ന ശരത് കമൽ പിന്നീടുളള മൂന്ന് സെറ്റുകളും വിജയിച്ചു.

രണ്ടാം സിംഗിൾസിൽ സത്യൻ ജ്ഞാനശേഖരനാണ് ഇന്ത്യക്കായി മൽസരിക്കാൻ എത്തിയത്. 3-1 എന്ന സ്കോറിന് എതിരാളിയെ വീഴ്ത്തി ഇന്ത്യൻ താരം ടീമിന് 2-0 എന്ന ലീഡ് നൽകി.

നിർണായകമായ ഡബിൾസ് മൽസരത്തിൽ നൈജീരിയൻ താരങ്ങളെ നിലം തൊടാൻ​ അനുവദിക്കാതെ ഇന്ത്യൻ താരങ്ങളായ ഹർമീത് ദേശായിയും സത്യൻ ജ്ഞാനശേഖരനും ഇന്ത്യയെ സ്വർണത്തിലേക്ക് നയിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ