മെൽബൺ: കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഷൂട്ടർ അനീഷ് ബൻവാലെ. സ്വർണമെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന നേട്ടത്തിനാണ് 15കാരനായ അനീഷ് ബൻവാലെ അർഹനായത്. 25 മീറ്റർ റാപിഡ് ഫയർ പിസ്റ്റൾ ഷൂട്ടിങ് മൽസരത്തിലായിരുന്നു കൗമാരക്കാരനായ ഇന്ത്യൻ താരത്തിന്റെ സുവർണ കുതിപ്പ്.

ഇതേ കോമൺവെൽത്ത് ഗെയിംസിൽ ഷൂട്ടിങ് ടീമംഗമായ മനു ഭകർ കുറിച്ച റെക്കോർഡാണ് അനീഷ് മറികടന്നത്. 10 മീറ്റർ എയർ റൈഫിൾ ഫൈനൽ മൽസരത്തിലാണ് 16കാരിയായ മനു ഭകർ സ്വർണം നേടിയത്. ഒരാഴ്ച പോലും തികയും മുൻപ് മനു ഭകറിൽ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ സ്വർണമെഡൽ ജേതാവ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അനീഷ് ബൻവാലെ.

ഇതിനോടകം പത്തിലേറെ മെഡലുകൾ ഇന്ത്യ ഗെയിംസിൽ ഉറപ്പിച്ചിട്ടുണ്ട്. ബാഡ്മിന്റണിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയ്ക്ക് കരുത്ത് നൽകി വനിത സിംഗിൾസിൽ സൈന നെഹ്‌വാളും പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്തും സെമിഫൈനൽ ബർത്ത് ഉറപ്പിച്ചു. ബോക്സിങ്ങിൽ 52 കിലോഗ്രാം വിഭാഗത്തിൽ ഗൗരവ് സോളങ്കി ഫൈനലിൽ കടന്നു.

ഇതേ ഇനത്തിലെ 49 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ താരം അമിത് പങ്കൽ ഫൈനലിൽ കടന്നു. അതേസമയം ഷൂട്ടിങ്ങിലെ ട്രാപ് ഇനത്തിൽ ഇന്ത്യയുടെ മറ്റൊരു സൂപ്പർ ഷൂട്ടിങ് താരം ശ്രേയസി സിങ്ങും ഫൈനലിൽ കടന്നിട്ടുണ്ട്. ഇതേ ഇനത്തിൽ സീമ തോമറിന് ഫൈനൽ ബർത്ത് ഉറപ്പാക്കാനായില്ല.

ഫൈനലിലേക്കുളള യോഗ്യത മൽസരത്തിൽ ശ്രേയസി 67 പോയിന്റ് നേടിയപ്പോൾ സീമയ്ക്ക് 61 പോയിന്റ് നേടാനേ സാധിച്ചുളളൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook