ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഇത് സന്തോഷ ഞായർ. ഷൂട്ടിങ് മത്സരത്തിൽ സ്വർണ്ണവും വെള്ളിയും വെടിവെച്ചിട്ടാണ് ഇന്ത്യൻ വനിതകൾ ചരിത്രനേട്ടം സ്വന്തമാക്കിയത്. 10 മീറ്റർ എയർപിസ്റ്റൾ മത്സരത്തിൽ ഇന്ത്യൻ താരങ്ങളായ മനു ഭേകർ സ്വർണ്ണവും ഹീന സിന്ധു വെളളിയും നേടി.

16 വയസ്സ് മാത്രം പ്രായമുളള മനു ഭേകർ അവിസ്മരണീയമായ നേട്ടമാണ് നേടിയത്. കോമൺവെൽത്ത് ഗെയിംസ് ഷൂട്ടിങ്ങിൽ സ്വർണ്ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് മനു ഭേകർ. 240.9 പോയിന്റാണ് മനു സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് എത്തിയ ഹീന സിന്ധു 234.2 പോയിന്റാണ് നേടിയത്.

നേരത്തെ ഭാരോദ്വഹന വേദിയിൽ നിന്ന് ഇന്ത്യക്ക് ഒരു മെഡൽകൂടി ലഭിച്ചിരുന്നു. 69 കിലോഗ്രാം വിഭാഗത്തിൽ മത്സരത്തിച്ച പൂനം യാദവാണ് ഇന്ന് പൊന്നണിഞ്ഞത്. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ഇതേ വിഭാഗത്തിൽ മത്സരിച്ച പൂനത്തിന് വെങ്കലം മാത്രമെ നേടാനായിരുന്നുളളു.

മെഡൽവേട്ട തുടരുന്ന ഇന്ത്യ മെഡൽ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തി. 6 സ്വർണ്ണവും 2 വെള്ളിയും 1 വെങ്കലവുമാണ് ഇതുവരെയുളള ഇന്ത്യൻ സമ്പാദ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ