കേരള പൊലീസിനെ ആദ്യമായി ഫെഡറേഷന്‍ കപ്പ് ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സി വി പാപ്പച്ചന്‍ മൂന്ന് ദശാബ്ദത്തിനുശേഷവും സംഖ്യകളുടെ അപ്രതീക്ഷിതമായൊരു കൂടിച്ചേരലിനെയോര്‍ത്ത് അത്ഭുതപ്പെടാറുണ്ട്. 1990-ല്‍ മലയാള മാസം 14-ാം തിയതിയായിരുന്നു ഫൈനല്‍ മത്സരം. കേരള പൊലീസും സാല്‍ഗോക്കര്‍ ഗോവയും തമ്മില്‍ ഏറ്റുമുട്ടിയ ഫൈനലില്‍ ഇരുടീമുകള്‍ക്കുവേണ്ടിയും ഗോളുകള്‍ അടിച്ചത് 14-ാം നമ്പറുകാര്‍. ഒരിക്കല്‍ രാജ്യത്തെ ഒന്നാംനിര ടൂര്‍ണമെന്റായിരുന്ന ഫെഡറേഷന്‍ കപ്പിന്റെ 14-ാമത് എഡിഷനായിരുന്നു അത്.

പ്രാദേശിക ലീഗ് ചാമ്പ്യന്‍മാര്‍ തമ്മിലേറ്റുമുട്ടിയിരുന്ന ഫെഡറേഷന്‍ കപ്പിന് ആ വര്‍ഷം കേരള പൊലീസ് യോഗ്യത നേടിയിരുന്നില്ല. സംഘാടകരുടെ ഔദാര്യം മൂലമാണ് കേരള പൊലീസ് ടൂര്‍ണമെന്റില്‍ കളിച്ചത്. ആ വര്‍ഷം കൗമുദി ലീഗ് ഫൈനലില്‍ അനുഭവസമ്പത്ത് കുറവായിരുന്ന കേരള പൊലീസിനെ അന്നത്തെ കേരള ഫുട്‌ബോളിന്റെ മുഖമായിരുന്ന ടൈറ്റാനിയം എഫ് സി തോല്‍പിച്ചു.

“പക്ഷേ, പ്രാദേശിക താല്‍പര്യമുണ്ടാക്കാന്‍ സംഘാടകര്‍ ഒരു ടീമിനെ കൂടെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. അങ്ങനെ പൊലീസിനെ ക്ഷണിച്ചു,” പാപ്പച്ചന്‍ ഓര്‍മ്മിക്കുന്നു.

കപ്പിന് ആതിഥേയത്വം വഹിച്ച തൃശൂരില്‍ നിന്നുള്ള കളിക്കാര്‍ക്കായിരുന്നു ടീമില്‍ മുന്‍തൂക്കം. അതായിരുന്നു കേരള പൊലീസ് ടീമിനെ ഉള്‍പ്പെടുത്താന്‍ സംഘാടകരെ പ്രേരിപ്പിച്ചത്. പൊലീസിന്റെ ആക്രമണനിരയിലെ ത്രിശൂലം തൃശൂരില്‍ നിന്നുള്ള യുവാക്കളായിരുന്നു. രണ്ടുകാലുകള്‍ കൊണ്ടും ഗോളടിക്കാന്‍ കഴിവുള്ള സ്‌ട്രൈക്കറായ പാപ്പച്ചന്‍, ഫുട്‌ബോളുമായി നൃത്തം ചെയ്യുന്ന കാലുകളുള്ള ഐഎം വിജയന്‍, അതിവേഗതയും മികച്ച പാസുകള്‍ നല്‍കാന്‍ കഴിവുമുള്ള സന്തോഷ് എന്നിവരായിരുന്നു അത്. അന്ന് പാപ്പച്ചന് 25, വിജയന് 21, സന്തോഷ് 23 എന്നിങ്ങനെയായിരുന്നു പ്രായം.

Read Also: “ഞാൻ അവരോട് പറഞ്ഞു, നിങ്ങളെ ഒരു മാതൃകയായി കാണാൻ; ജീവിതം ചെറുതാണ്, ഫുട്ബോൾ കളിക്കുന്ന സമയവും ചെറുതാണ്”-ഐഎം വിജയൻ സുനിൽ ഛേത്രിയോട്

പ്രാദേശിക കളിക്കാര്‍ ഉണ്ടാകുമ്പോള്‍ പ്രാദേശിക സ്‌പോണ്‍സര്‍ കൂടെവരും. മത്സരവേദിയില്‍ പ്രാദേശിക ജ്വല്ലറികളുടെ (പലചരക്കുകടകളേക്കാള്‍ അധികം ജ്വല്ലറികളുണ്ടെന്ന് അവകാശപ്പെടുന്ന നഗരം) ബാനറുകള്‍ കൊണ്ട് നിറഞ്ഞു.

നാല് മാസം കൊണ്ട് മൈതാനം സ്റ്റേഡിയമായി മാറി. 70 അടി ഉയരമുള്ള ഗാലറി നിര്‍മ്മിച്ചു. അത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും വലുതുമായ താല്‍ക്കാലിക സ്റ്റേഡിയമെന്ന ഗിന്നസ് റെക്കോര്‍ഡും കരസ്ഥമാക്കി. ഏതാനും ആയിരങ്ങള്‍ക്ക്‌ കളികാണാവുന്ന സാഹചര്യത്തില്‍ നിന്നും 35,000 പേര്‍ക്ക് മത്സരം വീക്ഷിക്കാവുന്ന സൗകര്യം ഒരുങ്ങി. ഫൈനല്‍ മത്സരം കണ്ടത് 40,000 പേര്‍. മൈതാനത്തെ വേര്‍തിരിക്കുന്ന വര വരെ ആളുകള്‍ തിങ്ങിനിറഞ്ഞു.

എന്നാല്‍, ഈ 40,000 എന്നത് ലക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ പൂരം നടക്കുന്ന തൃശൂരിലെ നാട്ടുകാര്‍ക്കൊരു പുതുമയല്ല. അതിനാല്‍, കേരള പൊലീസ് ടീമിനെ ഉള്‍പ്പെടുത്തുകയെന്നത് ഒരു വിപണി തന്ത്രമായിരുന്നു (തിരിഞ്ഞ് നോക്കുമ്പോള്‍ അത് മികച്ചതായിരുന്നു. കാരണം, ടൂര്‍ണമെന്റ് വന്‍ ലാഭം നേടി).

1990-ല്‍ ഫെഡറേഷന് കപ്പ് നേടിയ കേരള പൊലീസ് ടീം (സ്രോതസ്സ്: എക്‌സ്പ്രസ് ഫോട്ടോ)

എങ്കിലും പൊലീസ് ഫെഡറേഷന്‍ കപ്പ് വിജയിക്കുമെന്ന് ഫുട്‌ബോള്‍ ലോകത്തെ വളരെ കുറച്ചു പേരെ കരുതിയിരുന്നുള്ളൂ. “ഐ എഫ് സിയെ തോല്‍പിച്ച് ഞങ്ങള്‍ സൗത്ത് സോണ്‍ ലീഗ് നേടിയിരുന്നുവെങ്കിലും ഈസ്റ്റ് ബംഗാളിനെയോ ജെ സി ടിയെയോ സാല്‍ഗോക്കറിനെയോ (രണ്ട് തവണ ചാമ്പ്യന്‍മാരായിരുന്നു) തോല്‍പിക്കുമെന്ന് ആരും കരുതിയില്ല. അതിനാല്‍, ഞങ്ങള്‍ക്ക് കിട്ടിയ നിര്‍ദ്ദേശം, വലിയ പരാജയം ഏറ്റുവാങ്ങരുത്. ആകര്‍ഷകമായ ഫുട്‌ബോള്‍ കളിക്കുക,” പാപ്പച്ചന്‍ ഓര്‍മ്മിക്കുന്നു.

“വലിയ ചരിത്രമുള്ള ടീമുകളുമായി മത്സരിക്കാന്‍ അവസരം കിട്ടിയത് ഞങ്ങളുടെ ഭാഗ്യമായി ഞങ്ങള്‍ കരുതി. വലിയ കളിക്കാരില്‍ നിന്നും ടീമുകളില്‍ നിന്നും പഠിക്കാന്‍ നോക്കിയിരുന്ന ഒരു യുവടീമായിരുന്നു ഞങ്ങള്‍. ഞങ്ങള്‍ക്ക് പ്രതിഭയുണ്ട്. സംശയമില്ല. പക്ഷേ, സ്ഥിരതയുണ്ടായിരുന്നില്ല,” അദ്ദേഹം പറഞ്ഞു.

Read Also: ഇന്ത്യന്‍ ഫുട്‌ബോളിനെ പുതിയ ലോകത്തേക്ക് പിടിച്ചുയര്‍ത്തിയ പികെ

പ്രതിരോധമായിരുന്നു പൊലീസിന്റെ ശക്തി. വിപി സത്യനും യു ഷറഫലിയുമായുണ് കോട്ട കാത്തത്.

“കേരളത്തിലെ എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ ടീമുകളില്‍ ഒന്നിന്റെ കേന്ദ്രം ഞങ്ങളായിരുന്നുവെന്ന് നിങ്ങള്‍ തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലാകും. പക്ഷേ, അന്ന് ഞങ്ങളത് തിരിച്ചറിഞ്ഞില്ല. സ്വന്തം വില മനസ്സിലാകാത്ത യുവാക്കളായിരുന്നു ഞങ്ങള്‍,” പാപ്പച്ചന്‍ പറയുന്നു.

ആരുടേയും ശ്രദ്ധ ആകര്‍ഷിക്കാത്ത, വില കുറച്ച് കാണുന്ന, ഒരു മൂലയിലൊതുങ്ങുന്ന മലയാളി ഫുട്‌ബോള്‍ താരങ്ങളുടെ സ്വഭാവമാണിത്. അവര്‍ സന്തോഷ് ട്രോഫികള്‍ ജയിക്കുന്നു. പക്ഷേ, സങ്കോചത്തിന്റേയും ആത്മവിശ്വാസമില്ലായ്മയുടേയും കരാളഹസ്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റെന്തോ കൂടുതല്‍ വേണ്ടിയിരുന്നു. ആ നിമിഷമായിരുന്നു ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ വിജയം. അതില്ലാതെ, കേരളത്തിന്റെ ഫുട്‌ബോള്‍ സംസ്‌കാരം മറ്റൊന്നാകുമായിരുന്നു.

ഫൈനലിന് മുമ്പുള്ള ദിവസം ആരും ഉറങ്ങിയില്ല. പെട്ടെന്ന്, താങ്ങാനാകാത്ത സമ്മര്‍ദ്ദം അവര്‍ക്ക് അനുഭവപ്പെട്ടു. “അതുവരെ ഞങ്ങള്‍ സമ്മര്‍ദ്ദരഹിതമായി കളിച്ചു. ഓരോ റൗണ്ട് മുന്നേറുന്നതും ബോണസായി കരുതി. ഇപ്പോള്‍ ഞങ്ങള്‍ വിജയിക്കുമെന്ന് കരുതുന്നു. ആരാധകരുടെ പിന്തുണയില്ലാതെ ഞങ്ങള്‍ ഫൈനലില്‍ എത്തുമായിരുന്നില്ല. പക്ഷേ, ഫൈനലില്‍ എത്തിയാല്‍ ഓ.. നമുക്കിത് തോല്‍ക്കാനാകില്ല എന്ന അവസ്ഥയിലെത്തും. അതൊരു കലാശക്കൊട്ടുപോലെയാണ്.”

തൃശൂരിന്റെ ഒഴുക്കുള്ള ഭാഷയില്‍ പൂരവും ചെണ്ടയും ആനയുമെല്ലാം ഉപമകളായി കയറിവരും. കറുത്ത മാന്‍ ഐഎം വിജയനെ മോഹന്‍ ബഗാന്‍ ഫാന്‍സ് കൊണ്ടുപോകും മുമ്പേ വിജയന്‍ ജനക്കൂട്ടത്തിന്റെ കുട്ടിക്കൊമ്പനായിരുന്നു.

Read Also: തൊട്ടതെല്ലാം പൊന്നാക്കുന്ന തല; ടെന്നീസ് കോർട്ടിലും ധോണി അപരാജിതൻ

“വിജയനെപ്പോലെ മറ്റൊന്നും അവരെ ആഹ്ലാദിപ്പിച്ചില്ല. അവന്റെ കാലില്‍ പന്ത് കിട്ടുമ്പോള്‍ മൈതാനം മുഴുവന്‍ ശ്വാസമടക്കിപ്പിടിച്ച് നില്‍ക്കും. അവനൊരു ജീനിയസാണ്. നിങ്ങള്‍ ചിന്തിക്കാത്ത തരത്തിലെ തന്ത്രങ്ങളെടുക്കും. അവസാനമൊരു കുസൃതി നിറഞ്ഞ ചിരിയുണ്ട്. അത് അവരെ നിലംപരിശാക്കും,” പാപ്പച്ചന്‍ പറയുന്നു.

ടീമംഗങ്ങള്‍ തമ്മിലെ പരസ്പര ധാരണ ടെലിപതിക് ആണ്. ഓരോരുത്തര്‍ക്കും മറ്റുള്ളവരുടെ കളി നന്നായി അറിയാം. അതിനാല്‍ അവര്‍ക്ക് കണ്ണടച്ചു കൊണ്ട് ഗോളുകള്‍ അടിക്കാന്‍ സാധിക്കും.

“പാസ് ചെയ്യുംമുമ്പ് വിജയന്‍ നോക്കുകപോലുമില്ല. പക്ഷേ, അവനറിയാം. ഞാന്‍ എവിടെ നില്‍ക്കുന്നുവെന്ന്. അവന്‍ എപ്പോള്‍ എവിടെ വച്ച് പാസ് ചെയ്യുമെന്ന് എനിക്കുമറിയാം. ചില സമയങ്ങളില്‍ വിജയനെ പ്രവചരിക്കാന്‍ സാധിക്കില്ല. സ്വന്തംകീശയില്‍ അനവധി തന്ത്രങ്ങളുണ്ട്. എന്നാല്‍, അവനേത് പുറത്തെടുക്കുമെന്ന് എനിക്ക് കൃത്യമായി അറിയാം. അവന്റെ കാല്‍വഴക്കത്തിന്റെ നൈപുണ്യത കണ്ട് അമ്പരക്കരുതെന്ന് മാത്രം,” അദ്ദേഹം പറയുന്നു.

കുറച്ചുകാലം ഇന്ത്യയ്ക്കുവേണ്ടി ഇരുവരും മികച്ച കൂട്ടുകെട്ടുണ്ടാക്കി. വിജയന്റെ പാസില്‍ നിന്നാണ് 1991-ലെ നെഹ്‌റു കപ്പില്‍ ഹംഗറിക്കെതിരെ പാപ്പച്ചന്റെ അവിസ്മരണീയ അന്താരാഷ്ട്ര ഗോള്‍ വന്നത്.

തൃശൂരിലെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തെ ആവേശം കൊണ്ട് പൊട്ടിത്തെറിപ്പിച്ചതായിരുന്നു ആദ്യ ഗോള്‍. വിജയന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി തിരിച്ച് കൃത്യമായി പാപ്പച്ചന്റെ വലതു കാലിലേക്ക് വന്നു. അദ്ദേഹത്തിന്റെ വലംകാലനടി ഗോവന്‍ ക്ലബിന്റെ ഇതിഹാസ ഗോള്‍ കീപ്പറായ ബ്രഹ്മാനന്ദ് ശങ്ക്വാല്‍ക്കയുടെ കൈയില്‍ തട്ടി തിരിച്ചുവന്നു. ഇത്തവണ പാപ്പച്ചന്റെ ഇടംകാലിലേക്ക്. എല്ലാ ശക്തിയോടും കൂടെ കൃത്യതയാര്‍ന്ന ഷോട്ട് വലതുളച്ചു കയറി.

“എന്റെ ജീവിതത്തില്‍ അടുത്ത 10 മിനിട്ടുകള്‍ എനിക്ക് ഓര്‍മ്മയില്ല. ഒരു സുന്ദരമായ സ്വപ്‌നത്തിന്റെ നടുവിലായിരുന്നു ഞാന്‍. ചുറ്റിലുമുള്ള ശബ്ദം എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല. 40,000-ത്തോളം പേര്‍ കൈയടിക്കുന്നു. പക്ഷേ എനിക്ക് കേള്‍ക്കാന്‍ കഴിയുന്നില്ല.”

ആ ഗോള്‍ അദ്ദേഹത്തിന്റെ ഭാരമകറ്റി. “ഞങ്ങളെ തടയാനാകില്ലെന്ന് ആദ്യമായി ഞങ്ങള്‍ക്ക് തോന്നി. അവസാന ചില മത്സരങ്ങള്‍ ഞങ്ങള്‍ കഷ്ടിച്ച് ജയിച്ചതാണ്. പക്ഷേ, ആ ഗോളിനുശേഷം ഞങ്ങള്‍ക്ക് തെറ്റുപറ്റിക്കൂടായെന്ന വിശ്വാസം പെട്ടെന്ന് വന്നു.”

എങ്കിലും ബ്രൂണോ കുടീഞ്ഞോയും റോയ് ബാരെറ്റോയും ചേര്‍ന്നൊരുക്കിയ ഗോളില്‍ ഗോവന്‍ ക്ലബ് തിരിച്ചടിച്ചു. പക്ഷേ, പോലീസ് തിരമാല കളം പിടിച്ചു. “ഞങ്ങള്‍ 14 പേരുമായിട്ടാണ് കളിച്ചിരുന്നത്. ജനക്കൂട്ടമായിരുന്നു ഞങ്ങളുടെ 12, 13, 14 കളിക്കാര്‍. ശബ്ദമുഖരിതമായിരുന്നു. ആ ശബ്ദത്തില്‍ സാല്‍ഗോക്കര്‍ മുങ്ങിപ്പോയി. അതേസമയം, ഞങ്ങള്‍ക്കത് പരിചിതമായിരുന്നു. അത് ഞങ്ങളെ പ്രചോദിപ്പിച്ചതേയുള്ളൂ. പടക്കങ്ങളില്ലാതെ ഞങ്ങള്‍ വെടിക്കെട്ട് സൃഷ്ടിച്ചു,” പാപ്പച്ചന്‍ പറയുന്നു.

Read Also: ലോക്ക്ഡൗണില്‍ ഐ.എം.വിജയനെ ‘കളിപ്പിച്ച്’ പേരക്കുട്ടി; മിസ് ചെയ്യുന്നത് ടീമിനെ

കൂടുതല്‍ ഗോളുകള്‍ക്ക് പൊലീസ് ജയിക്കുമായിരുന്നു. പക്ഷേ, സാല്‍ഗോക്കറിന്റെ ഗോള്‍കീപ്പര്‍ വന്‍മതില്‍ പോലെ നിന്നിരുന്നു. “അപ്പോള്‍ വലതുവശത്തു നിന്നും ഉയര്‍ന്നൊരു പന്തെത്തി. ഞാനൊന്ന് കുതിച്ചുചാടി. തലകൊണ്ടൊന്ന് തട്ടി. പന്ത് ലക്ഷ്യത്തിലെത്തിയോയെന്ന് ഞാന്‍ നോക്കിയതുപോലുമില്ല. എങ്കിലും അതൊരു ഗോള്‍ ആകുമെന്ന് എനിക്കറിയാമായിരുന്നു,” അദ്ദേഹം ഓര്‍ക്കുന്നു.

ആഹ്ലാദത്താല്‍ പൊട്ടിത്തെറിച്ച താല്‍ക്കാലിക സ്റ്റേഡിയം തകരുമോയെന്ന പേടി സംഘാടകര്‍ക്കുണ്ടായി. എങ്കിലും പിടിച്ച് നിന്നു, അവസാന നിമിഷങ്ങളില്‍ പൊലീസിന്റെ പ്രതിരോധം പിടിച്ച് നിന്നത് പോലെ. അന്തിമ വിസില്‍ മുഴങ്ങിയപ്പോള്‍ കോര്‍പ്പറേഷന്‍ മൈതാനത്ത് തൃശൂര്‍ പൂരം ആരംഭിച്ചിരുന്നു.

സാല്‍ഗോക്കറിനെതിരെ ഫെഡറേഷന്‍കപ്പ് ഫൈനലില്‍ സി വി പാപ്പച്ചന്‍ രണ്ട് ഗോളുകള്‍ നേടി (സ്രോതസ്സ് എക്‌സ്പ്രസ് ഫോട്ടോ)

“രാജക്കാന്‍മാരെപ്പോലെയാണ് ഞങ്ങള്‍ തൃശൂരുകാര്‍ ജീവിതം ആഘോഷിക്കുന്നത്. അതൊരു ആഘോഷത്തിന്റെ ദിവസമായിരുന്നു. ഈസ്റ്ററും വിഷവും ഞങ്ങളുടെ വിജയവും ഒരുമിച്ചെത്തിയ നാള്‍.”

ആ രാത്രിയും തുടര്‍ന്നുള്ള രാത്രിയും അവര്‍ ഉറങ്ങിയില്ല. തൃശൂരില്‍ ഒരാഴ്ച നീണ്ടു ആഘോഷങ്ങള്‍.

ഒരു തരത്തില്‍ കേരള പൊലീസ് ടീമിന്റെ തുടക്കവും ഒടുക്കവും അതായിരുന്നു. കേരളത്തില്‍ നിന്നൊരു ടീം ഒരു ദേശീയ ടൂര്‍ണമെന്റ് വിജയിക്കുന്നത് ആദ്യമായിട്ടായിരുന്നു. കേരളത്തിലെ ടീമിന് വിജയിക്കാന്‍ സാധിക്കുമെന്നും തെളിയിച്ചു. കേരള പൊലീസിന്റെ അത്യുന്നതി കുറച്ചു കാലം മാത്രമായിരുന്നു. അവര്‍ അടുത്ത വര്‍ഷം കിരീടം നിലനിര്‍ത്തി. പക്ഷേ, വലിയ ക്ലബ്ബുകള്‍ കളിക്കാരെ റാഞ്ചി.

മൂന്ന് വര്‍ഷം കൊണ്ട് കേരള പൊലീസിന്റെ ന്യൂക്ലിയസ് തകര്‍ന്നു. വിജയനും സത്യനും ബഗാനില്‍ ചേര്‍ന്നു. മറ്റു ചിലര്‍ ഗോവന്‍ ക്ലബ്ബുകളില്‍ ചേര്‍ന്നു. എഫ് സി കൊച്ചിന്‍ തുടങ്ങിയപ്പോള്‍ പാപ്പച്ചനും ചില സ്വപ്‌നങ്ങള്‍ നെയ്തു. ഒരു വര്‍ഷത്തിനുശേഷം പരിക്ക് സത്യനെ പിടികൂടി. പക്ഷേ, അദ്ദേഹം പഴയ ഉന്നതിയിലേക്ക് തിരിച്ചെത്തിയില്ല. ദീര്‍ഘകാലം ഇന്ത്യന്‍ ഫുട്‌ബോള്‍ ഭരിക്കാമായിരുന്നുവെന്നും സംസ്ഥാനത്തിനും രാജ്യത്തിനുംവേണ്ടി കളിക്കാരെ സംഭാവന ചെയ്യാമായിരുന്നുവെന്നും പാപ്പച്ചന് ചിലപ്പോള്‍ തോന്നും. “ചില കാര്യങ്ങള്‍ നമ്മളുദ്ദേശിക്കുന്നത് പോലെയല്ലല്ലോ,” അദ്ദേഹം പറഞ്ഞു.

Read in English: When the stands shook: The tale of CV Pappachan’s Federation Cup glory

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook