ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ആറു വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ നായകൻ എം.എസ്.ധോണിയുടെ മിന്നൽ സ്റ്റംപിങ്ങായിരുന്നു കാണികളിൽ ആവേശമുണർത്തിയത്.

സൺറൈസേഴ്സ് താരം ഡേവിഡ് വാർണറായിരുന്നു ഇത്തവണ ധോണിയുടെ സ്റ്റംപിങ്ങിൽ വീണത്. 14-ാം ഓവറിൽ ഹർഭജൻ സിങ്ങിന്റെ ബോൾ ക്രീസിന് പുറത്തിറങ്ങി നേരിട്ട വാർണർക്ക് തെറ്റി. ബാറ്റിൽ തട്ടിയ ബോൾ ചെന്നു വീണത് ധോണിയുടെ കൈകളിൽ. ഒരു നിമിഷം പോലും പാഴാക്കാതെ ധോണി ബെയിൽസ് ഇളക്കി.

Read: വാട്സൺ വെടിക്കെട്ടിൽ ചെന്നൈയ്ക്ക് ജയം; പോയിന്റ് പട്ടികയിലും മുന്നിൽ

സ്റ്റംപിങ് നടത്തിയത് ധോണിയാണെങ്കിൽ അത് വിക്കറ്റായിരിക്കുമെന്ന് ഇതിനു മുൻപ് പല തവണ തെളിഞ്ഞിട്ടുണ്ട്. ഇത് മനസിൽ ഓർത്തതുകൊണ്ടാണോ എന്നറിയില്ല, തേർഡ് അംപയറുടെ തീരുമാനത്തിന് കാത്തുനിൽക്കാതെ വാർണർ പവലിയനിലേക്ക് നടന്നുനീങ്ങി. പാണ്ഡ്യയും വാർണറും ചേർന്ന് പടുത്തുയർത്തിയ 115 റൺസ് കൂട്ടുകെട്ടാണ് ധോണിയുടെ സ്റ്റംപിങ്ങിലൂടെ തകർന്നത്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 175 റൺസ് നേടിയത്. മനീഷ് പാണ്ഡ്യയുടെയും ഡേവിഡ് വാർണറുടെയും വെടിക്കെട്ട് ബാറ്റിങ് മികവിലായിരുന്നു ഹൈദരാബാദിന്റെ മുന്നേറ്റം. ഹൈദരാബാദ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഒരു ബോൾ ബാക്കി നിൽക്കെയാണ് ചെന്നൈ മറികടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook