IPL 2019 CSK vs DC: ചെന്നൈ: ടോസ് നേടിയ ഡല്‍ഹി ബോളിങ് തിരഞ്ഞെടുത്തു. പ്ലേ ഓഫിലേക്കുള്ള ടിക്കറ്റെടുത്ത ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. പോയന്റ് പട്ടികയില്‍ ഒന്നാമതായി പ്ലേ ഓഫിലേക്ക് പോകാം എന്നതാണ് ഇന്നത്തെ മത്സരത്തില്‍ രണ്ട് ടീമുകളും ഉറ്റു നോക്കുന്നത്. മറ്റു ടീമുകള്‍ പോയന്റ് പട്ടികയില്‍ കയറ്റിറക്കങ്ങളില്‍ തിരക്കിലായിരുന്നപ്പോള്‍ നേരത്തേ തന്നെ സീറ്റുറപ്പിച്ചവരാണ് ചെന്നൈ. നന്നായി തുടങ്ങി ഇടക്കൊന്ന് ഉഴപ്പി വീണ്ടും മിടുക്കരായി തിരിച്ചു വന്നാണ് ഡല്‍ഹി പ്ലേ ഓഫ് സീറ്റ് നേടിയത്.

തുടക്കത്തിലെ എട്ട് കളികളില്‍ ഏഴ് കളികളും ജയിച്ച ചെന്നൈ കഴിഞ്ഞ നാല് മത്സരങ്ങളായി ആ ഫോമിലല്ല കളിക്കുന്നത് എന്നതാണ് വാസ്തവം. കഴിഞ്ഞ നാല് കളികളില്‍ ഒരെണ്ണം മാത്രമാണ് ചെന്നൈയ്ക്ക് ജയിക്കാനായത്. നായകന്‍ എംഎസ് ധോണി പനി മൂലം കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ കളിച്ചിട്ടില്ല. കരുത്തരായ മുംബൈ ഇന്ത്യന്‍സിനെതിരെയായിരുന്നു ചെന്നൈയുടെ അവസാന കളിയും. ധോണിയും ജഡേജയും ഇല്ലാതെ ഇറങ്ങിയ ചെന്നൈ ജയ സാധ്യതയുള്ള കളിയാണ് ചെന്നൈ കൈ വിട്ടത്. മുംബൈയെ 155 റണ്‍സിന് ഒതുക്കിയിട്ടും ടീം പരാജയപ്പെടുകയായിരുന്നു.

അതേസമയം, ചെന്നൈയെ സംബന്ധിച്ച് ഇന്ന് കളിക്കിറങ്ങുന്നതിന് മുന്‍പത്തെ പ്രധാന ആശങ്ക നായകന്‍ എംഎസ് ധോണിയെ സംബന്ധിച്ചായിരുന്നു. ധോണി പൂര്‍ണമായും പന വിമുക്തനായിട്ടില്ലെന്ന കോച്ച് സ്റ്റീവന്‍ പ്‌ളെമ്മിങിന്റെ വാക്കുകള്‍ ആരാധകരെ ആശങ്കപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ധോണി ടോസിടാനായി എത്തിയതോടെ ആ ആശങ്ക ആവേശത്തിന് വഴി മാറുകയായിരുന്നു. അതേസയം ജഡേജ ഇന്ന് കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

മറുവശത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സാകട്ടെ 2012 ന് ശേഷമുള്ള ഏറ്റവും മികച്ച നിലയിലാണ്. 2012 ന് ശേഷം ഇതാദ്യമായാണ് ഡല്‍ഹി പ്ലേ ഓഫിലേക്ക് എത്തുന്നത്. പേരും മുഖവും മാറിയപ്പോള്‍ ടീമിന്റെ ഗതിയും മാറിയെന്നാണ് സൂചിപ്പിക്കുന്നത്. പോയന്റ് പട്ടികയില്‍ ഒന്നാമതുള്ള ഡല്‍ഹി കഴിഞ്ഞ ഏഴ് കളികളില്‍ ആറിലും ജയിച്ചാണ് വരുന്നത്. ഓരോ മത്സരത്തിലും വിജയ ശില്‍പ്പിയായി മാറുന്നത് ഓരോ താരങ്ങളാണെന്നത് ഡല്‍ഹിയെ സംബന്ധിച്ച് ഏറെ ഗുണകരമാണ്.

ചെന്നൈയെ സംബന്ധിച്ചിടത്തോളം മുന്നിലുള്ള പ്രധാന ആശങ്ക സുരേഷ് റെയ്‌നയുടെ ഫോമാണ്. കഴിഞ്ഞ 11 സീസണിലും 350 ല്‍ പരം റണ്‍സ് നേടിയിട്ടുള്ള ഏകതാരമായ സുരേഷ് റെയ്‌നയ്ക്ക് ഈ സീസണില്‍ ഇതുവരെ നേടാനായത് 247 റണ്‍സ് മാത്രമാണ്. കേദാര്‍ ജാദവ് ഏഴ് മത്സരങ്ങളില്‍ നിന്നും 56 റണ്‍സ് മാത്രമാണ് കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ നിന്നും നേടിയതെന്നതും ടീമിന് ആശങ്കയാണ്.

ശിഖര്‍ ധവാന്റെ സ്ഥിരതയാണ് ഡല്‍ഹിയുടെ നട്ടെല്ല്. ആദ്യ കളികളേക്കാള്‍ ആക്രമിച്ചാണ് ധവാന്‍ രണ്ടാം പകുതിയില്‍ കളിച്ചത്. നായകന്‍ ശ്രേയസ് അയ്യരും മികച്ച ഫോമിലാണ്. അതേസമയം, ഒരു കളിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ തൊട്ടടുത്ത കളിയില്‍ രണ്ടക്കം കാണാതെ പുറത്താകുന്നത് ഡല്‍ഹിക്ക് അനുകൂലമാകില്ല.

പ്ലെയിങ് ഇലവന്‍

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, കോളിന്‍ ഇന്‍ഗ്രം, റുഥര്‍ഫോഡ്, അക്‌സര്‍ പട്ടേല്‍, സന്ദീപ് എല്‍, അമിത് മിശ്ര, സുചിത്ത്, ട്രെന്റ് ബോള്‍ട്ട്

ചെന്നൈ സൂപ്പര്‍ കിങ്‌സ്: ഷെയ്ന്‍ വാട്‌സണ്‍, ഫാഫ് ഡുപ്ലെസിസ്, സുരേഷ് റെയ്‌ന, അമ്പട്ടി റായിഡു, കേദാര്‍ ജാദവ്, എംഎസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook