കളിക്കാർക്കും സ്റ്റാഫ് അംഗങ്ങൾക്കും ഇടയിലെ കോവിഡ് ബാധയും, റെയ്ന നാട്ടിലേക്ക് മടങ്ങിയതും, ഏറ്റവുമൊടുവിൽ ഹർഭജന്റെ പ്രാതിനിധ്യം സംബന്ധിച്ച ആശയക്കുഴപ്പവുമെല്ലാം ചെന്നൈ സൂപ്പർ കിങ്ങ്സിന്റെ ഐപിഎൽ പങ്കാളിത്തതെയും പ്രകടനത്തെയുമെല്ലാം പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ക്ലബ്ബിന്റെ ആരാധകർ.
ഇതിനിടെ സിഎസ്കെ നായകൻ ധോണിയും സഹതാരം ഷെയ്ൻ വാട്സണും റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം സിഎസ്കെ ട്വീറ്റ് ചെയ്തു. യുഎഇയിൽ സിഎസ്കെ ടീം അംഗങ്ങളെ പാർപിച്ചിട്ടുള്ള ഹോട്ടലിന്റെ ഭക്ഷണശാലയിലിരുന്ന് ഇരുവരും ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന ചിത്രമാണിത്. “വാട്സൺ, തല ദർശനം” എന്നാണ് വിസിൽ പോട് എന്ന ഹാഷ്ടാഗിനൊപ്പം ചിത്രത്തിന് സിഎസ്കെ ക്യാപ്ഷൻ നൽകിയത്.
ക്ലബ്ബ് ആരാധകരും ആവേശത്തോടെയാണ് ട്വീറ്റിനോട് പ്രതികരിച്ചത്. ആ പുഞ്ചിരി സിഎസ്കെ ആരാധകർക്കിടയിൽ ആത്മവിശ്വാസം തിരികെ കൊണ്ടുവന്നു എന്നാണ് ആരാധകരിൽ ചിലർ അഭിപ്രായപ്പെട്ടത്.
Watto Thala Dharisanam! #WhistlePodu pic.twitter.com/mkzkVjeXgG
— Chennai Super Kings (@ChennaiIPL) September 4, 2020
അതെസമയം ഐപിഎല്ലിനായി യുഎഇയിലെത്തിയ ചെന്നൈ സൂപ്പർ കിങ്ങ്സ് താരങ്ങളിൽ കോവിഡ് -19 ബാധിതരായ ദീപക് ചാഹർ, റുതുരാജ് ഗെയ്ക്വാദ് എന്നിവരൊഴികെയുള്ളവർ ഉടൻ പരിശീലനം ആരംഭിക്കുമെന്ന് ക്ലബ്ബ് അധികൃതർ. നായകൻ എംഎസ് ധോണി അടക്കമുള്ള ടീം അംഗങ്ങൾ ഉടൻ പരിശീലനം ആരംഭിക്കും.
വ്യാഴാഴ്ച നടത്തിയ കോവിഡ് പരിശോധനയിൽ ചെന്നൈ താരങ്ങൾക്ക് നെഗറ്റീവ് ഫലം ലഭിച്ചിരുന്നു. ഇതിനു പിറകേയാണ് പരിശീലനം വെള്ളിയാഴ്ച വൈകിട്ടോടെ ആരംഭിക്കുമെന്ന് ക്ലബ്ബ് വ്യക്തമാക്കിയത്. അതേസമയം കോവിഡ് ബാധിച്ച് ഐസൊലേഷനിൽ കഴിയുന്നതിനാലാണ് ചാഹറിനും, ഗെയ്ക്വാദിനും പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയാത്തത്. ഇവരെ കൂടാതെ ക്ലബ്ബിലെ 11 സ്റ്റാഫ് അംഗങ്ങളും ഐസൊലേഷനിലാണ്.
Read More: IPL 2020: ചെന്നൈയ്ക്ക് വീണ്ടും തിരിച്ചടി; ഹർഭജൻ സിങ്ങും ഇത്തവണ കളിച്ചേക്കില്ല
ഇത്തവണ യുഎഇയിൽ നടക്കുന്ന ഐപിഎൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സിഎസ്കെയുടെ ബാറ്റിങ്ങ് ലൈൻഅപ്പിലെ പ്രധാനിയായ പ്രധാന താരം സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങിയത് ക്ലബ്ബിന് പ്രതിസന്ധിയായിട്ടുണ്ട്. ഇതിനു പിറകേ മുതിർന്ന സ്‌പിന്നർ ഹർഭജൻ സിങ്ങും ഇത്തവണത്തെ മത്സരങ്ങൾക്കായി ടീമിനൊപ്പം ചേരുന്ന കാര്യം അനിശ്ചിതത്വത്തിലാണെന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ ക്ലബ്ബിലെ മറ്റ് താരങ്ങൾക്ക് പരിശീലനം ആരംഭിക്കാനായത് ചെന്നൈക്ക് ആശ്വാസകരമായിട്ടുണ്ട്. സെപ്റ്റംബർ 19 നാണ് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നത്. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സര വേദികൾ.
“പരിശീലനം ഇന്ന് മുതൽ ആരംഭിക്കും. 13 പേരെ കൂടാതെ മറ്റുള്ളവർക്കെല്ലാം മൂന്നാം തവണ നെഗറ്റീവ് ഫലം ലഭിച്ചു. ഐസൊലേഷൻ കാലയളവ് (രണ്ടാഴ്ച) കഴിഞ്ഞാൽ മാത്രമേ പോസിറ്റീവ് ആയവരെ പരിശോധിക്കുകയുള്ളൂ,” സിഎസ്‌കെ സിഇഒ കെ എസ് വിശ്വനാഥൻ പറഞ്ഞതായി വെള്ളിയാഴ്ച പിടിഐ റിപ്പോർട്ട് ചെയ്തു.
Read More: അത്തരം വാർത്തകൾ വസ്തുതാവിരുദ്ധം; 12.5 കോടി ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോയെന്ന് റെയ്ന
14 ദിവസത്തെ ഐസൊലേഷൻ കാലാവധി കഴിയുന്നതോടെ ദീപക്കിനും ഋതുരാജിനും 11 സ്റ്റാഫ് അംഗങ്ങൾക്കും അടുത്ത ആഴ്ച അവസാനത്തോടെ കോവിഡ് പരിശോധനയ്ക്ക് വിധേയരാവാൻ കഴിയും. രണ്ട് പരിശോധനകളിൽ നെഗറ്റീവ് ഫലം ലഭിച്ചാൽ ഇരുവർക്കും പരിശീലനത്തിൽ പങ്കെടുക്കാം.
റുതുരാജിനെ സുരേഷ് റെയ്നയ്ക്ക് പകരം ടോപ് ഓർഡറിൽ ഇറക്കാനാണ് ടീം പരിഗണിക്കുന്നത്.
വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യയിൽ തന്നെ തുടരുകയാണ് ഹർഭജൻ. തന്റെ തീരുമാനം സംബന്ധിച്ച് ചെന്നൈയെ ഇതുവരെ ഒന്നും ഭാജി അറിയിച്ചിട്ടില്ലെന്നാണ് അറിയാൻ സാധിക്കുന്നത്.
“ക്ലബ്ബുമായി യാതൊരു ആശയവിനിമയവും ഹർഭജൻ നടത്തിയിട്ടില്ല. ഇന്നോ നാളെയോ അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും അദ്ദേഹത്തിന്റെ അഭാവമുണ്ടായാലുള്ള സാഹചര്യം നേരിടുന്നതിനായി തയ്യാറെടുക്കാൻ ടീം മാനേജുമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,” എന്ന് ക്ലബ്ബ് അധികൃതർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Read More: IPL 2020: ചെന്നൈയ്ക്ക് ആശ്വാസ വാർത്ത; സൂപ്പർ താരങ്ങൾ യുഎഇയിലെത്തി
ഹർഭജനെ കൂടാതെ ലെഗ് സ്പിന്നർ ഇമ്രാൻ താഹിർ, ഇടം കൈയ്യനായ മിച്ചൽ സാന്റ്നർ, പരിചയ സമ്പന്നനായ പീയൂഷ് ചാവ്ല എന്നിവർ ടീമിൽ മുൻനിര സ്പിന്നർമാരായുണ്ട്.
കഴിഞ്ഞയാഴ്ചയാണ് മത്സരങ്ങൾക്കായി ടീമിനൊപ്പം ദുബായിയിലേക്ക് തിരിച്ച റെയ്ന ക്വാറന്റൈൻ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് താരം നാട്ടിലേക്ക് മടങ്ങിയതെന്നായിരുന്നു ക്ലബ്ബിന്റെ വിശദീകരണം. ഐപിഎൽ സീസൺ പൂർണമായും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം തീർത്തും വ്യക്തിപരമാണെന്നും കുടുംബത്തിനു വേണ്ടിയാണ് ഞാൻ തിരികെ പോന്നതെന്നും റെയ്ന പറഞ്ഞിരുന്നു.
സുരേഷ് റെയ്നയുടെ അടുത്ത ബന്ധുക്കൾക്കു നേരെ കവർച്ചാ സംഘം നടത്തിയ ആക്രമണമാണ് റെയ്നയെ തിരികെ നാട്ടിലെത്തിച്ചത്. ഈ ആക്രമണത്തിൽ തന്റെ അമ്മാവനും ബന്ധുവും കൊല്ലപ്പെട്ടുവെന്നും താരം പിന്നീട് വ്യക്തമാക്കിയിരുന്നു.
Read More: CSK to start training after all, except 13, test negative for Covid-19 again