ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിലെ ഏറ്റുമുട്ടൽ പിഎം കെയേഴ്സ് ഫണ്ടിനെ വിമർശിക്കാൻ പശ്ചാത്തലമാക്കിയ ടീം ഡോക്ടർക്കെതിരെ നടപടിയെടുത്ത് ചെന്നൈ സൂപ്പർ കിങ്സ്. ബുധനാഴ്ചയാണ് ടീം ഡോക്ടറായിരുന്ന മധു തോട്ടപ്പിള്ളിലിനെ ചെന്നൈ പുറത്താക്കിയത്. ട്വിറ്ററിലൂടെയാണ് ടീം ഇക്കാര്യം അറിയിച്ചത്. ഡോക്ടറുടെ ട്വീറ്റ് വ്യക്തിപരമാണെന്നും അദ്ദേഹത്തെ ടീമിൽനിന്ന് പുറത്താക്കുന്നതായും ടീം വ്യക്തമാക്കി.

Also Read: ഇന്ത്യ-ചൈന സംഘർഷം; സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി

‘ഡോ. മധു തോട്ടപ്പിള്ളിലിന്റെ വ്യക്തിപരമായ ട്വീറ്റിനെക്കുറിച്ച് ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റിന് അറിവുണ്ടായിരുന്നില്ല. ടീം ഡോക്ടർ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഡോക്ടറുടെ ട്വീറ്റിൽ ചെന്നൈ സൂപ്പർ കിങ്സ് ഖേദം പ്രകടിപ്പിക്കുന്നു. തീർത്തും മോശം ഭാഷയിലുള്ള ആ ട്വീറ്റിനെക്കുറിച്ച് ടീം മാനേജ്മെന്റിന് യാതൊരു അറിവുമുണ്ടായിരുന്നില്ല’ ചെന്നൈ ട്വിറ്ററിൽ കുറിച്ചു.

ഐപിഎല്ലിന് തുടക്കമായ 2008 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഔദ്യോഗിക ടീം ഡോക്ടറാണ് മധു തോട്ടപ്പിള്ളിൽ. ധോണിയടക്കമുള്ള താരങ്ങളുടെയെല്ലാം ആരോഗ്യസ്ഥിതി പരിശോധിച്ചിരുന്നതും ഇദ്ദേഹമായിരുന്നു.

Also Read: ലഡാക്ക് സംഘര്‍ഷം: വീരമൃത്യു വരിച്ചത് 20 ഇന്ത്യന്‍ സൈനികര്‍

കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയോടു ചേർന്ന് ഗൽവാനിൽ ചൈനീസ് സേനയുമായുളള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി ഇന്ത്യൻ സേന സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഘട്ടനം. കൊടും തണുപ്പുളള ഗൽവാൻ നദിയിലേക്ക് വീണാണ് ചില സൈനികർ മരിച്ചതെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. മറ്റു ചിലരുടെ മൃതദേഹത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. അതേസമയം, ചൈനീസ് പക്ഷത്തും മരണം സംഭവിച്ചതായാണ് ഇന്ത്യൻ സേന പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook