രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐപിഎലില്‍ തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. മഹേന്ദ്രസിംഗ് ധോണിയുടെ നായകത്വത്തിലുളള ടീമില്‍ മികച്ച താരങ്ങളെയാണ് ലേലത്തില്‍ വിളിച്ചു വാങ്ങിയിരുന്നത്. ഈ വര്‍ഷമാദ്യം ഇന്ത്യയ്ക്ക് എതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വെച്ച ലുങ്കി എന്‍ഗിഡിയേയും ടീം സ്വന്തമാക്കിയിരുന്നു. 50 ലക്ഷം രൂപ ലേലത്തുകയിലാണ് അദ്ദേഹം ചെന്നൈയിലെത്തിയത്.

ഏറെ കഷ്ടതകള്‍ സഹിച്ചാണ് താന്‍ ഇവിടെ എത്തിയതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘റോഡരികില്‍ എന്റെ അനിയനൊപ്പം കപ്പലണ്ടി വിറ്റ ഒരു കാലം എനിക്ക് ഉണ്ടായിരുന്നു’, അദ്ദേഹം ട്വീറ്റ് ചെയ്തു. പിതാവ് മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ നാട്ടിലേക്ക് പോയിരുന്നു.

എന്‍ഗിഡിയുടെ പിതാവ് ജെറോം എന്‍ഗിഡി ആണ് കഴിഞ്ഞയാഴ്ച്ച അന്തരിച്ചത്. എന്‍ഗിഡിയുടെ പ്രാദേശിക ടീമായ ടൈറ്റന്‍സാണ് താരത്തെ വാര്‍ത്ത അറിയിച്ചത്. താരത്തിനും കുടുംബത്തിനുമൊപ്പം ടീം എന്നുമുണ്ടാകുമെന്നും വേണ്ടത് ചെയ്യുമെന്നും ടീം സിഇഒ ജാക്വസ് ഫോള്‍ അറിയിച്ചു. എന്നാല്‍ പിതാവിന്റെ മരണ വാര്‍ത്തയറിഞ്ഞതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ താരത്തിന് നേരിടേണ്ടി വന്നത് കടുത്ത അപമാനമായിരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായ എന്‍ഗിഡി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണോ അതോ മുംബൈയിലെ ചത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണോ നാട്ടിലേക്ക് വിമാനം കയറിയതെന്ന് വ്യക്തമല്ല. തന്നെ വസ്ത്രമുരിഞ്ഞ് ദേഹ പരിശോധന നടത്തിയെന്ന് താരത്തിന്റെ ട്വിറ്ററില്‍ അക്കൗണ്ടില്‍ നിന്നുമുള്ള ട്വീറ്റാണ് അറിയിച്ചത്. വിമാനത്താവളത്തില്‍ ഉണ്ടാകാറുള്ള സ്വാഭാവിക ദേഹപരിശോധനയേക്കാള്‍ അതിര് കടന്ന പരിശോധനയാണ് താരത്തിന് നേരെയുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഏറെ വേദനിപ്പിക്കുകയും അപമാനിതരുമാക്കുന്നതാണ് താരത്തെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയ സംഭവമെന്നാണ് പ്രതികരണങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ