ക്രൊയേഷ്യ ലോകകപ്പ് ഫൈനലില്‍ പന്ത് തട്ടിയപ്പോള്‍ ഹൃദയം തകര്‍ന്ന് കളി കണ്ട ഒരാളാണ് നിക്കോള കാലിനിച്ച്. ക്രൊയേഷ്യന്‍ ലോകകപ്പ് ടീമില്‍ ഇടംപിടിച്ച നിക്കോള കാലിനിച്ച് തന്റെ അഹങ്കാരം കാരണം ഗ്രൂപ്പ് മത്സരങ്ങള്‍ ആരംഭിച്ചപ്പോള്‍ നാട്ടിലേക്ക് തിരികെ പോയിരുന്നു. നൈജീരിയയ്‌ക്കെതിരെയുള്ള ഗ്രൂപ്പ് മല്‍സരത്തില്‍ 86ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങാന്‍ വിസമ്മതിച്ച കാലിനിച്ചിനെ കോച്ച് സ്ലാറ്റ്‌കോ ഡാലിച്ച് പിറ്റേദിവസം തന്നെ ടീമില്‍ നിന്നും പുറത്താക്കുകയായിരുന്നു. കളിക്കിടെ വ്യായാമംചെയ്തശേഷം നടുവേദനയുണ്ടെന്നാണ് കാലിനിച്ച് പറഞ്ഞത്. എന്നാൽ ഇത് കോച്ചും ടീം ഡോക്ടർമാരും വിശ്വസിച്ചില്ല. കാരണം ഇതിനുമുമ്പും കാലിനിച്ച് ഇതുപോലെ പ്രതികരിച്ചിട്ടുണ്ടെന്ന് കോച്ച് ഡാലിച്ച് പറഞ്ഞു.
ഇതിന് പിന്നാലെ കാലിനിച്ചിനെപ്പോലെ ആവാതിരിക്കുക എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ടീം ലോകകപ്പ് ഫൈനലില്‍ എത്തി വെള്ളി മെഡലുമായാണ് നാട്ടിലേക്ക് മടങ്ങിയത്. ഗംഭീര സ്വീകരണമായിരുന്നു ടീമിന് ക്രൊയോഷ്യയില്‍ ലഭിച്ചത്. എന്നാല്‍ ഫുട്ബോള്‍ ടീം കൊണ്ടു വന്ന വെള്ളി മെഡല്‍ വാങ്ങാന്‍ വിസമ്മതിച്ചിരിക്കുകയാണ് കാലിനിച്ചെന്ന് ക്രൊയേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘നന്ദിയുണ്ട്, പക്ഷെ ഞാന്‍ റഷ്യയിലെ ലോകകപ്പില്‍ കളിച്ചിട്ടില്ല’ എന്നായിരുന്നു അദ്ദേഹം ടീം അധികൃതരോട് പറഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുറംവേദനയായതു കൊണ്ടാണു താന്‍ കളിക്കാതിരുന്നത് എന്നായിരുന്നു കാലിനിച്ചിന്റെ ന്യായം. എന്നാല്‍ ആദ്യമായിട്ടല്ല കാലിനിച്ച് ഇങ്ങനെ കളിക്കാന്‍ വിസമ്മതിക്കുന്നത്. മുന്‍പു ബ്രസീലിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള സൗഹൃദ മല്‍സരങ്ങളിലും കാലിനിച്ച് ഇങ്ങനെ പെരുമാറിയിരുന്നു.
ക്രൊയേഷ്യയിലെ ഏറ്റവും പ്രശസ്ത ക്ലബ്ബുകളിലൊന്നായ ഹാദുക് സ്പ്ലിറ്റിലൂടെ കളിച്ചു വളര്‍ന്ന കാലിനിച്ച് പിന്നീടു ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സിലൂടെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെത്തി. യുക്രെയ്ന്‍ ക്ലബ് നിപ്രോയെ യൂറോപ്പ ലീഗ് ഫൈനലിലെത്തിച്ച പ്രകടനത്തോടെയാണു കാലിനിച്ച് യൂറോപ്പില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതു സീരി എ ടീമുകളായ ഫിയൊറന്റീനയിലേക്കും എസി മിലാനിലേക്കും വഴിയൊരുക്കി. ഇപ്പോള്‍ എസി മിലാന്റെ ഏഴാം നമ്പര്‍ താരമാണ് ഈ മുപ്പതുകാരന്‍.
ക്രൊയേഷ്യക്കായി 42 കളിയിൽ 15 ഗോൾ നേടിയ മുപ്പതുകാരന്റെ ഭാവി ഈ തീരുമാനത്തോടെ അവതാളത്തിലായി. അര്‍ജന്റീന, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്‍മാരെ ലോകകപ്പ് പോലൊരു വേദിയില്‍ തറപറ്റിക്കാന്‍ കഴിഞ്ഞത് ക്രൊയേഷ്യന്‍ ഫുട്‌ബോളിന് പുതിയ ഊര്‍ജ്ജം പകരുന്നുണ്ട്. ഫൈനലില്‍ കരുത്തരായ ഫ്രാന്‍സിനോട് 4-2ന് പരാജയപ്പെട്ടാണ് ക്രൊയേഷ്യ ലോകകപ്പിലെ രണ്ടാന്‍മാരായത്.