കൊച്ചി: ആരാധകരുടെ വിമര്‍ശനം അതിരു കടക്കരുതെന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം സി.കെ.വിനീത്. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പങ്കെടുത്ത ഒരു പ്രെമോഷണല്‍ പരിപാടിക്കിടെയായിരുന്നു സംഭവം. ടീമിനെ വിമര്‍ശിക്കാനുള്ള എല്ലാ അവകാശവും ആരാധകര്‍ക്കുണ്ടെന്നും എന്നാല്‍ അതിര് വിടരുതെന്നും വിനീത് പറഞ്ഞു.
‘നിങ്ങള്‍ ഞങ്ങളെ വിമര്‍ശിക്കണം. പാസിങ് മോശമാണെങ്കില്‍ അത് പറയണം, ഗോള്‍ അടിക്കുന്നതിലാണ് മോശമെങ്കില്‍ അത് പറയണം. വിമര്‍ശിക്കുന്നതില്‍ സന്തോഷമേയുള്ളൂ. വിമര്‍ശിച്ചാലേ ഞങ്ങള്‍ നന്നാവൂ. പക്ഷെ വിമര്‍ശിക്കുന്നതിന് പകരം ഞങ്ങളുടെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കരുത്. ഒരു കളിയും തോല്ക്കാന് വേണ്ടിയല്ല ഞങ്ങള്‍ കളിക്കുന്നത്” വിനീത് പറഞ്ഞു.
@ckvineeth reminding @KeralaBlasters fans not to abuse player's family members… pic.twitter.com/3DKBl1pOQW
— Kiran (@Kiran_kanhangad) December 1, 2018
കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം കളിയില്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് ആരാധകര്‍ക്കിടയില്‍ ഉയരുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു കളി മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. കഴിഞ്ഞ കളിയില്‍ ചെന്നൈയ്ക്കെതിരേയും സമനില വഴങ്ങി. ജയം അകലെ നില്ക്കുന്നതിനേക്കാള് ആരാധകരെ വേദനിക്കുന്നത് മോശം പ്രകടനാണ്. പാസിങ് പോലും കൃത്യമല്ലെന്നും പരിശീലകന് ഡേവിഡ് ജെയിംസിനെ മാറ്റണമെന്നും ആരാധകര്‍ തന്നെ പറയുന്നു.
എട്ട് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണില്‍ ഇതുവരെ കളിച്ചത്. ഇതില്‍ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയ കേരളത്തിന് പിന്നീട് ഒരിക്കല്‍ പോലും വിജയം നേടാന്‍ സാധിച്ചില്ല. അവസാനം കളിച്ച മൂന്ന് മത്സരങ്ങളും കേരളം പരാജയപ്പെട്ടു.