കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളിലൊന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂട് മാറ്റ വാര്‍ത്തയാണ്. സൂപ്പര്‍താരം റയല്‍മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസില്‍ ചേര്‍ന്നെന്നാണ് വാര്‍ത്തകള്‍. താരവും ക്ലബ്ബും ഇത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എല്ലാം തീരുമാനമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ ക്രിസ്റ്റ്യാനോയുടെ മെഡിക്കല്‍ ടെസ്റ്റടക്കം കഴിഞ്ഞെന്നും കരാറില്‍ ഒപ്പിട്ടെന്നും യുവന്റസിന്റെ മുന്‍ സിഇഒ ലൂസിയാനോ മോഗിയും വെളിപ്പെടുത്തി. ഇതോടെ യുവന്റസ് ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയിലാണ്. ഇപ്പോഴിതാ റൊണാള്‍ഡോയുടെ യുവന്റസിലെ ജഴ്‌സിയും വാര്‍ത്തയില്‍ ഇടം പിടിക്കുകയാണ്.

താരത്തിന്റേതെന്ന തരത്തില്‍ യുവന്റസിന്റെ വെള്ളയും കറുപ്പും ജഴ്‌സിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. റൊണാള്‍ഡോ എന്നും എഴ് എന്ന നമ്പറും എഴുതിയ യുവന്റസിന്റെ ജഴ്‌സിയാണ് വൈറലായിരിക്കുന്നത്. ക്രിസ്റ്റ്യാനോയുടെ യുവന്റ്‌സ് ജഴ്‌സിയുടെ ചിത്രങ്ങള്‍ ലീക്ക് ആയെന്ന തരത്തിലാണ് ചിത്രം പ്രചരിക്കുന്നത്.

എന്നാല്‍ ഇത് ഔദ്യോഗിക ജഴ്‌സിയല്ലെന്നും ആരാധന മൂത്ത ഏതോ വിരുതന്റെ പണിയാണെന്നുമാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൂപ്പര്‍ താരത്തിന്റെ വരവിലുള്ള ആവേശത്തില്‍ യുവന്റസിന്റെ ജഴ്‌സിയില്‍ റൊണാള്‍ഡോയുട പേരും നമ്പറും ഏഴുതി ചേര്‍ത്തതാണെന്നുമാണ് സൂചനകള്‍. ചിത്രത്തിന് പിന്നിലെ സത്യം എന്തു തന്നെയായാലും ആരാധകര്‍ അത് ആഘോഷമാക്കുക തന്നെയാണ്.

120 മില്യണ്‍ ഡോളറിന് നാല് വര്‍ഷത്തെ കരാറിലാണ് ക്രിസ്റ്റ്യാനോ യുവന്റസിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. താരവും റയലും കരാര്‍ സമ്മതിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറ്റാലിയന്‍ ലീഗായ സീരി എയില്‍ ഏറെ മുന്നിലുള്ള യുവന്റസ് ചാമ്പ്യന്‍സ് ലീഗ് എന്ന മോഹം സാക്ഷാത്കരിക്കുകയാണ് ഈ ട്രാന്‍സ്ഫറോടെ ലക്ഷ്യമിടുന്നത്.

അതേസമയം, തങ്ങളുടെ പഴയ താരത്തെ തിരികെ എത്തിക്കാനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഭാഗത്തു നിന്നും ശ്രമങ്ങള്‍ സജീവമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റൊണാള്‍ഡോ ക്ലബ് വിടുന്നതോടെ ഫ്രാന്‍സിന്റെ പിഎസ്ജി താരം കിലിയന്‍ എംബാപ്പെയെ റയലിലെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ