ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ റൂമറുകള്‍ അവസാനിക്കുന്നില്ല. താരത്തെ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റ്‌സ് വാങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ യുവന്റസ് ഇത് നിഷേധിക്കാതെ വന്നതോടെ സംശയം കുന്നോളം ഉയര്‍ന്നിരിക്കുകയാണ്.

എന്നാല്‍ ഇപ്പോഴിതാ താരം റയല്‍ മാഡ്രിഡ് വിടില്ലെന്ന് സൂചനകള്‍ നല്‍കിയിരിക്കുകയാണ് സഹതാരം ലൂക്കാ മോഡ്രിച്ച്. റൊണാള്‍ഡോ മാഡ്രിഡ് വിടുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും സ്പെയിനില്‍ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും ക്രെയേഷ്യന്‍ നായകന്‍ പറഞ്ഞു.

ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തങ്ങളെ കൊണ്ടാകുന്ന എല്ലാ തരത്തിലും മുതലെടുപ്പ് നടത്തുമെന്നും നിയമം അനുസരിക്കുന്ന തരത്തില്‍ അവയെ കുറിച്ച് അറിയിക്കുമെന്നുമായിരുന്നു യുവന്റസിന്റെ പ്രതികരണം. എന്നാല്‍ ക്രിസ്റ്റ്യാനോയുടെ പേരോ ട്രാന്‍സ്ഫര്‍ റൂമറുകളെ കുറിച്ചോ യുവന്റസ് നേരിട്ട് പരാമര്‍ശം നടത്തിയില്ല. പക്ഷെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ എല്ലാ സാധ്യതയും മുതലെടുക്കുമെന്ന അവരുടെ വാക്കുകള്‍ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ നീക്കങ്ങളിലൊന്നിന്റെ സൂചന തന്നെയായിട്ടാണ് ആരാധകരും ഫുട്ബോള്‍ പണ്ഡിതരും വിലയിരുത്തുന്നത്.

നേരത്തെ ക്രിസ്റ്റ്യാനോയുടെ ഏജന്റായ ജോര്‍ജെ മെന്‍ഡസും താരം ക്ലബ്ബ് വിടുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. കരിയറിന്റെ പുതിയൊരു ഘട്ടവും പുതിയൊരു വെല്ലുവിളിയും ലഭിച്ചാല്‍ റൊണാള്‍ഡോ റയല്‍ വിടുമെന്നാണ് മെന്‍ഡസ് പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ