മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ കിരീടം നേടിയതിന് പിന്നാലെ ക്ലബ്ബ് വിടുന്നതായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൂചന നല്‍കിയിരുന്നു. എന്നാല്‍ അത് വെറും അഭ്യൂഹം മാത്രമായിരുന്നു എന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍. പക്ഷെ ആ അഭ്യൂഹങ്ങളെ കൂടുതല്‍ ശക്തമാക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.

അടുത്ത സീസണിലേക്ക് ജഴ്സി പ്രകാശനത്തിനായി റയല്‍ മഡ്രിഡ് പുറത്ത് വിട്ട വീഡിയോകളിലും ചിത്രങ്ങളിലും ക്ലബ്ബിന്റെ സൂപ്പര്‍ താരം ഇടം പിടിച്ചിട്ടില്ല. ഇതോടെയാണ് താരവും ക്ലബ്ബും വേര്‍പിരിയുകയാണോ എന്ന സംശയം ശക്തമായത്.

ഫൈനലില്‍ ഇരട്ട ഗോളുകളോടെ റയലിനെ കിരീടത്തിലേക്ക് നയിച്ച വേയ്‌ല്സ് താരം ഗാരേത് ബെയ്‌ലാണ് വീഡിയോകളിലെ മിന്നും താരം. മധ്യനിര താരം ലൂക്കാ മോഡ്രിച്ച്, സീസണില്‍ മോശം ഫോമിലായിരുന്ന മുന്നേറ്റ നിര താരം കരീം ബെന്‍സേമ, മാഴ്‌സലോ എന്നിവര്‍ റയല്‍ പുറത്ത് വിട്ട വീഡിയോയിലുണ്ട്.

ക്ലബ് വെബ്സൈറ്റില്‍ താരങ്ങളുടെയാല്ലാം പുതിയ ഡഴ്സി ധരിച്ച ഫോട്ടോ ഉള്ളപ്പോഴും, ക്രിസ്റ്റ്യാനോയുടെ ചിത്രം മാത്രമില്ല. ആ കോളം ഒഴിച്ചിട്ടിരിക്കുകയാണ് റയല്‍ മഡ്രിഡ്. നേരത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കഴിഞ്ഞ ഉടനെ തന്റെ ഭാവിയെക്കുറിച്ചുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞിരുന്നു.

അതേസമയം, ബെയ്‌ലും ക്ലബ്ബ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷെ വീഡിയോയിലും ചിത്രങ്ങളിലുമെല്ലാം ബെയ്ല്‍ പ്രത്യക്ഷപ്പെട്ടതോടെ താരം ടീം വിടില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook