ചാംപ്യൻസ് ലീഗിന്റെ ഫൈനലിൽ ക്ലാസിക് പോരാട്ടത്തിന് അരങ്ങൊരുങ്ങുകയാണ്. മണിക്കൂറുകൾക്കുളളിൽ ലിവർപൂളും റയൽ മാഡ്രിഡും തമ്മിലുളള ഫൈനൽ മൽസരത്തിന് വിസിൽ മുഴങ്ങും. കീവിലെ ഒളിംപിക് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 12.15 നാണ് മൽസരം നടക്കുന്നത്.

ഇതിന് മുന്നോടിയായുളള പരിശീലനത്തിന് ഇറങ്ങിയതായിരുന്നു റൊണാൾഡോ. ലോകഫുട്ബോളിന്റെ അത്യുന്നതങ്ങളിൽ കസേരയിട്ടിരിക്കുന്ന താരത്തിന്റെ ഓരോ ചിത്രത്തിനും ഉളള പ്രാധാന്യം വളരെയേറെയാണ്. അതാണ് ലൊറൻസാനോ പ്രീറ്റോയെയും മൈതാനത്തിലേക്ക് എത്തിച്ചത്.

പരിശീലനത്തിനിടെ സൂപ്പർ താരത്തിന്റെ ഉന്നം തെറ്റി. കാലിൽ നിന്ന് വെടിയുണ്ട പോലെ പാഞ്ഞ പന്ത് ക്യാമറയുമായി നിന്ന പ്രീറ്റോയുടെ നെറ്റിയിൽ തട്ടി. നെറ്റി മുറിഞ്ഞ് രക്തം ചീന്തി.

എന്നാൽ അത് കണ്ടയുടനെ റൊണാൾഡോ ചെയ്തതാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ച. മുറിവേറ്റ മാധ്യമപ്രവർത്തകന്റെ അടുത്തേക്ക് പാഞ്ഞെത്തിയ ക്രിസ്റ്റ്യാനോ, ഫോട്ടോഗ്രാഫറോട് മാപ്പു പറഞ്ഞു. പിന്നാലെ തന്റെ പരിശീലന ജഴ്‌സിയും താരം മാധ്യമപ്രവർത്തകന് സമ്മാനിച്ചു.

മുറിവേറ്റ് ചോര പൊടിഞ്ഞെങ്കിലും തനിക്ക് ലഭിച്ച അസുലഭ നിമിഷത്തിന്റെ ആനന്ദത്തിലാണ് ലൊറൻസാനോ പ്രീറ്റോ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ