/indian-express-malayalam/media/media_files/uploads/2018/09/cr7-1.jpg)
പാരീസ്: ഫുട്‌ബോള്‍ ആരാധകരെല്ലാം ഒരുപോലെ ആഗ്രഹിച്ചതായിരുന്നു ലൂക്കാ മോഡ്രിച്ചിന് ബാലന്‍ ദി ഓര്‍ ലഭിക്കണമെന്നത്. എന്നാല്‍ ചിലര്‍ക്ക് മാത്രം ലൂക്കയ്ക്ക് പുരസ്‌കാരം നല്‍കിയതില്‍ അതൃപ്തിയുണ്ട്. ഇത്തരം അതൃപ്തികള്‍ സ്വാഭാവികാണെന്നിരിക്കെ തന്നെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയുടെ സഹോദരിമാരുടെ പ്രതികരണങ്ങള്‍ വലിയ വിവാദത്തിലേക്ക് നയിക്കുന്നതാണ്. ക്രിസ്റ്റ്യാനോയ്ക്ക് പുരസ്‌കാരം ലഭിക്കാതിരുന്നതിന് പിന്നില്‍ മാഫിയ ആണെന്നാണ് ക്രിസ്റ്റ്യോനോയുടെ സഹോദരിയുടെ ആരോപണം.
സഹോദരിമാരില്‍ മൂത്തവളായ എല്‍മയാണ് ക്രിസ്റ്റിയാനോയ്ക്ക് പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ മാഫിയയാണെന്ന ആരോപണമുന്നയിച്ചത്. ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിലൂടെയായിരുന്നു എല്‍മയുടെ ആരോപണം. ''നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ജീവിക്കുന്നത് മാഫിയകളും പണവും കാരണം ചീഞ്ഞ ഒരു ലോകത്തിലാണ്. പക്ഷെ എല്ലാത്തിനേക്കാളും വലുതാണ് ദൈവത്തിന്റെ കരുത്ത്. ദൈവം സമയം എടുക്കും പക്ഷെ ഒരിക്കലും പരാജയപ്പെടില്ല'' എന്നായിരുന്നു എല്‍മയുടെ പോസ്റ്റ്.
ക്രിസ്റ്റിയാനോ ബാലന്‍ ദി ഓര്‍ പുരസ്‌കാരവുമായി നില്‍ക്കുന്ന ചിത്രവും എല്‍മ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ ചിത്രം തന്നെ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു രണ്ടാമത്തെ സഹോദരിയും പോപ്പ് ഗായികയുമായ കാത്തിയ അവേറോയും രംഗത്തെത്തിയത്. ലോകത്തെ ഏറ്റവും മികച്ച താരമാണ് ക്രിസ്റ്റിയാനോയെന്നും ഫുട്‌ബോള്‍ മനസിലാകുവര്‍ക്ക് മാത്രമേ അത് മനസിലാകൂവെന്നും കാത്തിയ പറഞ്ഞു.
നീണ്ട പത്ത് വര്‍ഷക്കാലം മെസ്സിയും റൊണാള്‍ഡോയും മാറി മാറി കൈവശം വച്ചുപോന്ന ബാലന്‍ ദി ഓര്‍ പുരസ്‌കാരം ഇക്കുറി ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിനാണ് ലഭിച്ചത്.
ലോകമെമ്പാടുമുളള സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകള്‍, അവസാന മുപ്പതംഗ പട്ടികയില്‍ നിന്ന് വോട്ടെടുപ്പിലൂടെയാണ് മികച്ച ഫുട്‌ബോള്‍ താരത്തെ തിരഞ്ഞെടുത്തത്. ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിനു പിന്നാലെയാണ് ലൂക്ക മോഡ്രിച്ച് ബാലന്‍ ദി ഓര്‍ പുരസ്‌കാരവും സ്വന്തമാക്കുന്നത്. ഒരു ദശാബ്ദക്കാലം ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫുട്‌ബോള്‍ ലോകത്ത് നിലനിര്‍ത്തിപ്പോന്ന അപ്രമാദിത്വത്തിനേറ്റ തിരിച്ചടി കൂടിയായി ഇത്.
പാരിസില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക നല്‍കുന്ന പുരസ്‌കാരം മോഡ്രിച്ച് ഏറ്റുവാങ്ങി. വോട്ടെടുപ്പില്‍ മോഡ്രിച്ചിന് 753 പോയിന്റ് ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 476പോയിന്റാണ് സ്വന്തമാക്കാനായത്. മൂന്നാമതെത്തിയ അന്റോയ്ന്‍ ഗ്രീസ്മാന്‍ 414 പോയിന്റും നേടി. ഫ്രാന്‍സ് താരം കിലിയന്‍ എംബാപെയാണ് നാലാമത്. മെസ്സിക്ക് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
എംബാപെയാണ് മികച്ച അണ്ടര്‍21 താരം. പാരീസില്‍ നടന്ന പുരസ്‌കാരദാന ചടങ്ങ് മെസ്സിയുടെയും റൊണാള്‍ഡോയുടെയും അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. 2007 ന് ശേഷം ഇതാദ്യമായാണ് ഇവരാരെങ്കിലും ഒരാളില്ലാതെ ഈ പുരസ്‌കാരദാന ചടങ്ങ് നടന്നത്.
ലോകകപ്പില്‍ ക്രൊയേഷ്യയ്ക്ക് വേണ്ടിയും ചാംപ്യന്‍സ് ലീഗില്‍ റയല്‍ മഡ്രിഡിന് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുത്തതാണ് മോഡ്രിച്ചിനെ പുരസ്‌കാരത്തിന് പ്രാപ്തനാക്കിയത്. ലോകകപ്പില്‍ രണ്ടാം സ്ഥാനം കൊണ്ട് ക്രൊയേഷ്യ തൃപ്തിപ്പെടേണ്ടി വന്നെങ്കില്‍, ചാംപ്യന്‍സ് ലീഗില്‍ റയലിനെ ജേതാക്കളാക്കുന്നതില്‍ മോഡ്രിച്ച് പ്രധാന പങ്കാണ് വഹിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us