ടൂറിന്‍: വീണ്ടും റയലിന്‍റെ വിജയനായകനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവന്റസിനെ അവരുടെ തട്ടകത്തില്‍ വച്ച് റയല്‍ മാഡ്രിഡ് തകര്‍ത്തത് ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോളിന്റെ കരുത്തില്‍. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യ പാദ മൽസരത്തില്‍ റയലിന്റെ ജയം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്.

കളിയാരംഭിച്ച് വെറും മൂന്ന് മിനിറ്റ് പിന്നിടുമ്പോഴായിരുന്നു യുവന്റസിന്റെ ഹൃദയം തകര്‍ത്ത് ക്രിസ്റ്റ്യാനോയുടെ ബൈസിക്കിള്‍ കിക്ക് ഗോള്‍ പിറക്കുന്നത്. ഇതോടെ ഒരിക്കല്‍ കൂടി റെക്കോര്‍ഡ് ബുക്കില്‍ തന്റെ പേര് എഴുതി ചേര്‍ക്കുകയും ചെയ്തു ക്രിസ്റ്റ്യാനോ. തുടര്‍ച്ചയായി 10 ചാമ്പ്യന്‍സ് ലീഗ് മൽസരങ്ങളില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്.

കരുത്തര്‍ ഏറ്റമുട്ടിയ മൽസരം ആവേശം നിറഞ്ഞതായിരുന്നു. പലപ്പോഴും കളി പരുക്കനാവുകയും ചെയ്തു. ഗോള്‍ മടക്കാന്‍ യുവന്റസ് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. രണ്ടാം പകുതിയിലെ 64-ാം മിനിറ്റില്‍ വീണ്ടും യുവന്റസിന്റെ ഗോള്‍ വല കുലുക്കി ക്രിസ്റ്റ്യാനോ റയലിന്റെ ലീഡ് ഉയര്‍ത്തിയതോടെ റയല്‍ വിജയം ഉറപ്പിച്ചു. തൊട്ട് പിന്നാലെ 72-ാം മിനിറ്റില്‍ മാഴ്‌സലോയുടെ വക മൂന്നാമത്തെ ഗോളും പിറന്നു. ഇതിനിടെ യുവന്റസിന്റെ സൂപ്പര്‍ താരം ഡിബാല ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook