കൊറോണ വൈറസ് കായിക ലോകത്തെയും നിശ്ചലമാക്കിയതോടെ പ്രധാനപ്പെട്ട പല മത്സരങ്ങളും ടൂർണമെന്റുകളും നിർത്തിവച്ചിരിക്കുകയാണ്. സൂപ്പർ താരങ്ങളിൽ തന്നെ പലർക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്രിക്കറ്റും ഫുട്ബോളും ഉൾപ്പടെ ജനപ്രിയ മത്സരങ്ങളുടെ വേദികൾ ശൂന്യമാണ്. വൈറസിന്റെ വ്യാപനം തടയുന്നതിന് പല രാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് താരങ്ങളിൽ ഭൂരിഭാഗവും.

പാചകവും പങ്കാളികളും മക്കളുമായുള്ള വാചകവുമൊക്കെയായി ഒരു അവധിക്കാലം ആഘോഷിക്കുന്ന താരങ്ങൾ വാട്സാപ്പിൽ സഹകളിക്കാരോടൊപ്പം ചാറ്റ് ചെയ്യാറുണ്ടോ? നമുക്കൊക്കെ ഉള്ളതുപോലെ ഒരു വാട്സാപ്പ് ഗ്രൂപ്പ് അവർക്കുണ്ടോ? അവരുടെ സംഭാഷണങ്ങൾ എങ്ങനെയായിരിക്കും? ഈ ചോദ്യങ്ങൾക്കെല്ലാം ഒരു രസകരമായ വീഡിയോ ഉത്തരമായി തയ്യാറാക്കിയിരിക്കുകയാണ് ഒ മൈ ഗോൾ എന്ന സോക്കർ ഗ്രൂപ്പ്.

Also Read: ഇന്ത്യയിൽ നടക്കാനിരുന്ന ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് മാറ്റിവച്ചു

തികച്ചും സാങ്കൽപ്പികമായ ഈ ഗ്രൂപ്പ് ചാറ്റ് തുടങ്ങുന്നത് യുവന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. താൻ കണ്ട ഒരു ദുഃസ്വപ്നത്തെ കുറിച്ചാണ് റൊണാൾഡോ പറയാൻ തുടങ്ങുന്നത്. എന്നന്നേക്കുമായി ഫുട്ബോൾ ഇല്ലാതാകുന്ന ഒരു സ്വപ്നമാണ് താരം കണ്ടത്. ഇനി താനെന്ത് ചെയ്യുമെന്ന മെസിയുടെ ചോദ്യത്തിന് മാർക്കറ്റിങ്ങിൽ സാധ്യതയുണ്ടെന്ന് റൊണാൾഡോ. എന്നാൽ എനിക്ക് ഇനിയും കിരീടങ്ങൾ നേടാനുണ്ടെന്നായിരുന്നു മെസി പറഞ്ഞത്.

ഇതിന് ക്രിസ്റ്റ്യാനോയുടെ മറുപടി ഒരു ട്രോളായിരുന്നു. കിരീടങ്ങളുമായുള്ള തന്രെ ഫൊട്ടോകളോടൊപ്പം പരസ്യത്തിൽ അഭിനയിക്കുന്ന മെസിയുടെ ചിത്രങ്ങളും ചേർത്ത് വച്ച് ഇതുപോലത്തെ ട്രോഫിയാണോയെന്ന് റൊണാൾഡോ ചോദിക്കുന്നു. റൊണാൾഡോയുടെ കുട്ടികളെക്കാൾ കൂടുതൽ ബാലൻ ദിഓർ താൻ നേടിയിട്ടുണ്ടെന്ന് മെസി തിരിച്ചടിച്ചു. എന്നാൽ മെസിയുടെ ബാലൻ ദിഓറിനേക്കാൾ കാമുകിമാർ തനിക്കുണ്ടെന്ന് റൊണാൾഡോ. ഇതോടെ കൂടുതൽ താരങ്ങളും ചാറ്റിന്റെ ഭാഗമാകുന്നു. ചാറ്റ് വഴിമാറി പോകുമ്പോൾ റൊണാൾഡോയുടെ ഇടപെടൽ, ഫുട്ബോൾ ഇല്ലെങ്കിൽ നിങ്ങൾ എന്തു ചെയ്യും.

Also Read: വിഖ്യാതമാക്കിയത് ധോണി; ‘ചീക്കൂ’ എന്ന ചെല്ലപ്പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി കോഹ്‌ലി

താനൊരു ഇറച്ചിക്കട തുടങ്ങുമെന്ന് റയൽ താരം സെർജിയോ റാമോസ് പറഞ്ഞു. എന്നാൽ പോർച്ചുഗീസ് താരം പെപ്പെയുടെ തലയിൽ ഉദിച്ചത് മറ്റൊരു ആശയമാണ്. വ്രസിൽമാനിയയിൽ റാമോസും അണ്ടർറ്റേക്കറും നേർക്കുനേർ. ഞാനും വരാമെന്ന് പറഞ്ഞ ഡിയാഗോ കോസ്റ്റോയോട് വേണ്ട എന്നായിരുന്നു സെർജിയോയുടെ മറുപടി. ഇതോടെ റാമോസിനെ ചൊറിയാൻ നെയ്മറും എത്തുന്നു. കാർഡുകളെക്കുറിച്ച് നന്നായി അറിയാവുന്ന റാമോസിന് പോസ്റ്റ്മാനാകാമെന്ന് നെയ്മർ, പുല്ലുകളുടെ രുചി നന്നായി അറിയാവുന്ന നെയ്മറിന് തോട്ടക്കാരനാകാമെന്ന് റാമോസും.

ഇത്തരത്തിൽ രസകരമായ സാങ്കൽപ്പിക വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ഫുട്ബോൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഏകദേശം നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അവസാനിക്കുന്നത് സ്ലാട്ടൺ ഇബ്രാഹമോവിച്ചിന്റെ മെസിയെക്കുറിച്ചുള്ള ട്രോളിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook