സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിടാൻ ഒരുങ്ങുന്നു. തനിക്ക്​ എതിരെ ഉയർന്ന നികുതി വെട്ടിപ്പ് കേസുകളെ തുടർന്നാണ് ക്രിസ്റ്റ്യാനോ സ്പെയിൻ വിടാൻ ഒരുങ്ങുന്നത്. പ്രമുഖ വാർത്ത ശൃംഖലയായ സ്കൈ സ്പോട്സാണ് ക്രിസ്റ്റ്യാനോ റയൽ വിടാൻ ഒരുങ്ങുന്നു എന്ന വാർത്ത റിപ്പോർട്ട് ചെയ്തത്. റയല്‍ പ്രസിഡന്റായ ഫ്‌ളെറെന്റിനോ പെരസിനെയും ക്ലബ് ഡയറക്ടര്‍ ജോസ് എയ്ഞ്ചല്‍ സാഞ്ചസിനെയും ക്ലബ് വിടുന്ന കാര്യം റൊണാള്‍ഡോ അറിയിച്ചുകഴിഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്.

റയൽ വിടുകയാണെങ്കിൽ ക്രിസ്റ്റ്യാനോയെ റാഞ്ചാൻ പ്രമുഖ ക്ലബുകൾ രംഗത്തുണ്ട്. ക്രിസ്റ്റ്യാനോയുടെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡും, പിഎസ്ജി തുടങ്ങിയ ക്ലബുകളും താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ട്. ക്രിസ്റ്റ്യോനോയെ സ്വന്തമാക്കുന്നതിനായി പണം ഒഴുക്കണം എന്നത് മറ്റൊരു വെല്ലുവിളിയാണ്. 230 മില്യൺ യൂറോ ,​ഏതാണ്ട് 2300 കോടി രൂപ ക്രിസ്റ്റ്യാനോയ്ക്ക് നൽകാൻ ചൈനീസ് ക്ലബ് തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാൽ യൂറോപ്പ് വിടാൻ റൊണാൾഡോ ഒരുക്കമല്ല എന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

അതെസമയം റയലുമായുളള റൊണാള്‍ഡോയുടെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാനും ക്ലബ് ശ്രമിക്കുന്നുണ്ട. നികുതി വെട്ടിപ്പ് കേസില്‍ ക്ലബില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല എന്നതാണ് റൊണാള്‍ഡോയുടെ പരാതി. ഇത് പരിഹരിക്കാനാണ് റയല്‍ അധികൃതരുടെ ഇപ്പോഴത്തെ ശ്രമം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ