ഫുട്ബോൾ പ്രേമികളുടെ ഇഷ്ടതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ എത്തിയേക്കും. ഫിഫ അണ്ടർ-17 ലോകകപ്പിന്റെ ഭാഗമായി മുംബൈയിൽ ജൂലൈ ഏഴിന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ റൊണാൾഡോ എത്തിയേക്കുമെന്നാണ് സൂചന. പരിപാടിയിൽ റൊണാൾഡോയെ കൊണ്ടുവരാനുളള നീക്കത്തിലാണ് ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) സംഘാടകർ.

”പോർചുഗൽ ഫുട്ബോൾ ഫെഡറേഷനുമായി സംസാരിച്ചിട്ടുണ്ട്. റൊണാൾഡോയുടെ പ്രതിനിധിയുമായും സംസാരിക്കാനുളള ശ്രമത്തിലാണ്. ജൂലൈ ഏഴിന് റൊണാൾഡോയ്ക്ക് പ്രത്യേക പരിപാടികൾ ഒന്നുമില്ലെങ്കിൽ അദ്ദേഹം ചിലപ്പോൾ അന്നേ ദിവസം മുംബൈയിൽ ഉണ്ടാകും” എഐഎഫ്എഫ് പ്രസിഡന്റ് പ്രഭുൽ പട്ടേൽ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

അതേസമയം, ഈ മാസം ഫിഫ അണ്ടർ-17 ലോകകപ്പിന്റെ ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ കാർലോസ് പുയോൾ പങ്കെടുക്കുമെന്ന് സംഘാടകർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ റൊണാൾഡോയുടെ ഇന്ത്യൻ സന്ദർശനം ടൂർണമെന്റിനെ മാത്രമല്ല ഇന്ത്യൻ ആരാധകരെയും ആവേശത്തിലാക്കും.

അടുത്തിടെ ഇൻസ്റ്റഗ്രാമിൽ 100 മില്യൻ ഫോളോവേഴ്സുളള ഫുട്ബോൾ താരമെന്ന നേട്ടം റൊണാൾഡോ സ്വന്തമാക്കിയിരുന്നു. ഇതിനുപിന്നാല റൊണാൾഡോ ഒരു വിഡിയോയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അതിൽ താൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ചില രാജ്യങ്ങളെക്കുറിച്ചും താരം പറഞ്ഞിരുന്നു. ഇന്ത്യയെക്കുറിച്ചുളള ഒരു ആരാധകന്റെ ചോദ്യത്തിന് ഇന്ത്യയിലും ഞാൻ ഉടനെ എത്തുമെന്ന് റൊണാൾഡോ പറഞ്ഞിരുന്നു.

ഒക്ടോബർ ആറിനാണ് ഫിഫ അണ്ടർ-17 ലോകകപ്പ് മൽസരങ്ങൾ തുടങ്ങുക. ഒക്ടോബർ 28 ന് കൊൽക്കത്തയിലാണ് ഫൈനൽ മൽസരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook