മിലാന്‍: വംശീയാധിക്ഷേപത്തിന്റെ നാണക്കേടില്‍ തല താഴ്ത്തി ഫുട്‌ബോള്‍ ലോകം. ഇറ്റാലിയന്‍ സീരി എയില്‍ നടന്ന മത്സരത്തിനിടെ നാപ്പോളി താരം കലിദു കോലിബാലിയ്‌ക്കെതിരായിരുന്നു വര്‍ണവെറിയന്മാര്‍ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞത്. നാപ്പോളിയും ഇന്റര്‍മിലാനും തമ്മിലുള്ള കളിക്കിടെയായിരുന്നു സംഭവം. സെനഗല്‍ താരമാണ് കലിദു.
താരത്തെ കുരങ്ങനെന്നു വിളിച്ചും കുരങ്ങിന്റെ ശബ്ദമുണ്ടാക്കിയുമാണ് ഇന്റര്‍ ആരാധകര്‍ അധിക്ഷേപിച്ചത്. ആരാധകരുടെ മോശം പെരുമാറ്റം അതിരു കടന്നപ്പോള്‍ നാപ്പോളിയുടെ പരിശീലകനായ ആഞ്ചലോട്ടിക്ക് കളി നിര്‍ത്തി വെക്കാന്‍ വരെ പറയേണ്ടി വന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാതെ റഫറി കളി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. മിലാന്റെ ഹോം ഗ്രൗണ്ടായ സാന്‍ സിറോ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.
ലോക ഫുട്‌ബോളിന് തന്നെ നാണക്കേടായി മാറിയ സംഭവം സമൂഹത്തിന്റെ പല കോണില്‍ നിന്നും പ്രതിഷേധത്തിന് ഇടയായിട്ടുണ്ട്. ഇന്നും അവസാനിക്കാത്ത വര്‍ണവെറിയുടെ അവസാനത്തെ ഇരയായി മാറുകയായിരുന്നു കലിദു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തുകയാണെങ്കില്‍ ഇനി തങ്ങള്‍ കളക്കില്ലെന്ന് ആഞ്ചലോട്ടി സിരി എയെ അറിയിച്ചിട്ടുണ്ട്. അതേസമയം, കലദുവിനെ പിന്തുണച്ചു കൊണ്ട് താരങ്ങളും ആരാധകരും രംഗത്തെത്തി.
ഇറ്റാലിയന്‍ സിരി എയില്‍ കളിക്കുന്ന യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താരത്തിന് പിന്തുണയറിച്ചു. കലിദുവും ക്രിസ്റ്റ്യാനോയും ഒരുമിച്ചുള്ള കളിക്കിടെയുള്ള ചിത്രം പോസ്റ്റ് ചെയ്തായിരുന്നു താരം പിന്തുണ അറിയിച്ചത്.
”ഫുട്‌ബോളിലും ലോകത്തും വിദ്യാഭ്യാസവും പരസ്പര ബഹുമാനവും അത്യാവശ്യമായും വേണ്ടതാണ്. വര്‍ണവെറിക്ക് ‘നോ’, എല്ലാ വിധത്തിലുള്ള അധിക്ഷേപങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ‘നോ’ പറയണം” എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ പോസ്റ്റ്. പിന്നാലെ തനിക്ക് നേരെയുണ്ടായ വംശീയധിക്ഷേപത്തിനെതിരെ കലിദു തന്നെ രംഗത്തെത്തി.
”കളി തോറ്റത്തില്‍ ക്ഷമ ചോദിക്കുന്നു. പക്ഷെ എന്റെ നിറത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ഫ്രഞ്ചുകാരന്‍ ആയതില്‍, സെനഗലുകാരന്‍ ആയതില്‍ നിയോപൊളിറ്റന്‍ ആയതില്‍, മനുഷ്യന്‍ ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു” എന്നായിരുന്നു കലിദുവിന്റെ ട്വീറ്റ്.
ലിവര്‍പൂളിന്റെ സൂപ്പര്‍ താരം മുഹമ്മദ് സലാഹും കലിദുവിന് പിന്തുണയുമായെത്തി. ലിവര്‍പൂളും നാപ്പോളിയും തമ്മിലുള്ള മത്സരത്തിനിടെ കലിദുവും സലാഹും നേര്‍ക്കുനേര്‍ എത്തിയ രംഗത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തായിരുന്നു താരം പിന്തുണ അറിയിച്ചത്.
” ഫുട്‌ബോളില്‍ വര്‍ണവെറിക്ക് സ്ഥാനമില്ല. വര്‍ണവെറിക്ക് എവിടേയും സ്ഥാനമില്ല” എന്നായിരുന്നു സലാഹിന്റെ ട്വീറ്റ്. സംഭവത്തില്‍ മിലാന്‍ ഗവര്‍ണര്‍ മാപ്പ് ചോദിച്ച് രംഗത്തെത്തി.