അബുദബി: അഞ്ചാം ബാലൺ ഡി ഓർ നേട്ടത്തിന് പിന്നാലെ അപൂർവ്വ റെക്കോഡ് നേട്ടവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫിഫ ക്ലബ് ഫുട്ബോൾ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന നേട്ടമാണ് റൊണാൾഡോ സ്വന്തമാക്കിയിരിക്കുന്നത്. 5 ഗോളുകൾ എന്ന ലിയണൽ മെസിയുടേയും ലൂയി സൂവാരലിന്റേയും റെക്കോഡാണ് റൊണാൾഡോ ഇന്നലെ തിരുത്തി കുറിച്ചത്.

ഫിഫ ക്ലബ് ലോകകപ്പിന്രെ സെമി പോരാട്ടത്തിൽ ഏഷ്യൻ ജേതാക്കളായ അൽ ജസീറ ക്ലബിനെതിരെയാണ് റൊണാൾഡോ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. മത്സരത്തിന്റെ 53 ആം മിനുറ്റിലാണ് റൊണാൾഡോ അൽജസീറയുടെ വലകുലുക്കിയത്. ഇതോടെ ക്ലബ് ലോകകപ്പിൽ റൊണാൾഡോയുടെ ഗോൾനേട്ടം 6 ആയി. മത്സരത്തിൽ റയൽ മാഡ്രിഡ് 2-1 എന്ന സ്കോറിന് വിജയിച്ചു. ഗാരത് ബെയ്‌ലാണ് റയലിന്റെ വിജയഗോൾ നേടിയത്.

ഇത് മൂന്നാം തവണയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് ലോകകപ്പിൽ പങ്കെടുക്കുന്നത്. 2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയും, 2016, 2017 വർഷങ്ങളിൽ റയൽ മാഡ്രിഡിനും വേണ്ടിയാണ് ക്രിസ്റ്റ്യാനോ ബൂട്ട്കെട്ടിയത്. 2008,2016 എന്നീ വർഷങ്ങളിൽ കപ്പുമായാണ് ക്രിസ്റ്റ്യാനോ മടങ്ങിയത്. ഈ വർഷം കൂടി കിരീടം നേടാനായാൽ തുടർച്ചയായി ലോക ക്ലബ് ലോകകപ്പ് നേടുന്ന ആദ്യ ടീമെന്ന നേട്ടം റയൽ മാഡ്രിഡിന് സ്വന്തമാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ