ഫുട്ബോൾ ലോകത്തെ രാജകുമാരനാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സമ്പന്നമായ തന്റെ പുതിയ ജീവിതത്തിൽ നിന്ന് പട്ടിണി നിറഞ്ഞ ബാല്യകാലത്തിലേക്ക് തിരിഞ്ഞുനോക്കുകയാണ് റൊണാൾഡോ. കുട്ടിക്കാലത്ത് സൗജന്യമായി ഭക്ഷണം നൽകി സഹായിച്ച മക്ഡൊണാൾഡ്സ് ജീവനക്കാരിയെയാണ് റൊണാൾഡോ തിരയുന്നത്. ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗന് നല്‍കിയ അഭിമുഖത്തിലാണ് റൊണാൾഡോ ബാല്യകാലത്തെക്കുറിച്ച് മനസ് തുറന്നത്.

മാക്ഡൊണാൾഡ് ജീവനക്കാരായ മൂന്നുപേരാണ് തനിക്ക് ഭക്ഷണം നൽകിയിരുന്നതെന്ന് റൊണാൾഡോ പറഞ്ഞു. അതിൽ ഒരാളുടെ പേര് എഡ്ന എന്നാണ്, മറ്റ് രണ്ടു പെൺകുട്ടികളുടെ പേര് അറിയില്ല. അവരെ ഇപ്പോൾ കാണാൻ ആഗ്രഹമുണ്ടെന്നും കുറെ തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ലെന്നും റൊണാൾഡോ പറഞ്ഞു.

Also Read: റോണോയ്‌ക്ക് കൂടുതൽ പ്രിയം ജോർജിയക്കൊപ്പമുള്ള സെക്‌സ്; മനസ്സുതുറന്ന് താരം

“എനിക്ക് 11-12 വയസുള്ളപ്പോഴാണ് അത്. കൈയ്യിൽ പണമില്ല, എന്നാൽ നല്ല വിശപ്പായിരുന്നു. സ്റ്റേഡിയത്തിന് അടുത്ത് ഒരു മക്ഡൊണാൾഡ്സ് ഉണ്ടായിരുന്നു. വാതിലിൽ മുട്ടി, ബർഗർ വല്ലതും ബാക്കിയിരിക്കുന്നുണ്ടോയെന്ന് തിരക്കി. അവർ ബാക്കി വന്ന ബർഗർ നൽകുമായിരുന്നു. ഈ അഭിമുഖത്തിലൂടെ അവരെ കണ്ടെത്താനായാൽ വലിയ സന്തോഷം. അവരെ ലിസ്ബനിലേക്ക് ക്ഷണിച്ച് അത്താഴവിരുന്ന് നൽകണം എന്നുണ്ടെനിക്ക്. അങ്ങനെയെന്തെങ്കിലും തിരിച്ച് അവർക്കുവേണ്ടി ചെയ്യണമെന്നുണ്ട്,” റൊണാൾഡോ പറ‍ഞ്ഞു.

അതേസമയം അഭിമുഖത്തിന് പിന്നാലെ രണ്ട് പെൺകുട്ടികളിൽ ഒരാളെ ഒരു പോർച്ചുഗീസ് റേഡിയോ കണ്ടെത്തി. പോളോ ലേക്ക എന്നാണ് ഇവരുടെ പേര്. റൊണാൾഡോ പറഞ്ഞ കഥ സത്യമാണെന്നും എഡ്ന തന്റെ സുപ്പീരിയറായിരുന്നെന്നും അവർ പറഞ്ഞു. എന്നാൽ ഇപ്പോൾ അവരെക്കുറിച്ച് വിവരമില്ലെന്നും പോളോ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook