ലാലിഗ മൽസരങ്ങളില്‍ താളം കിട്ടാതെ പതറുകയാണ് റയല്‍ മാഡ്രിഡ്. ബാഴ്‌സലോണയെക്കാള്‍ പതിനാല് പോയിന്‍റ് പിന്നിലുള്ള സിദാന്‍റെ കുട്ടികള്‍ക്ക് ഇനിയൊരു മടങ്ങിവരവിനുള്ള സാധ്യത കുറവാണ്. എന്നാല്‍ സീസണിന്‍റെ തുടക്കത്തില്‍ ഫോമിനായി കഷ്ടപ്പെട്ട സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മൂന്നാം പകുതിയാവുമ്പോഴേക്ക് തിരിച്ചു വന്നിരിക്കുന്നു എന്നത് റയല്‍ ക്യാമ്പിന് ആശ്വാസം പകരുന്ന വാര്‍ത്തയാണ്.

ഇന്നലെ അലാവെസിനോട് നടന്ന മൽസരത്തില്‍ മറ്റൊരു റെക്കോർഡ്‌ കൂടി കുറിച്ചിരിക്കുകയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരം. ലാലിഗയില്‍ മുന്നൂറ് ഗോള്‍ തികച്ചു എന്നതാണ് സിആര്‍7ന്‍റെ പേരിലുള്ള പുതിയ നേട്ടം.

ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമാണ് ക്രിസ്റ്റ്യാ. ലാലിഗയിലെ എക്കാലത്തേയും ഗോള്‍വേട്ടയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത് സാക്ഷാല്‍ ലയണല്‍ മെസ്സിയും. 368 ഗോളുകളാണ് മെസ്സി ലാലിഗയില്‍ ഇതുവരെയായി അടിച്ചുകൂട്ടിയത്. 406 മൽസരങ്ങളില്‍ നിന്നാണ് മെസ്സിയുടെ 368 ഗോള്‍. ക്രിസ്റ്റ്യാ റൊണാള്‍ഡോ 300 ഗോള്‍ തികച്ചത് 285 മൽസരങ്ങളില്‍ നിന്നും. മെസ്സി 300-ാം ലാലിഗ ഗോള്‍ നേടിയതിനേക്കാള്‍ 41 മൽസരം വേഗത്തിലാണ് ക്രിസ്റ്റ്യായുടെ 300 ഗോള്‍ നേട്ടം.

ലാലിഗയിലെ ഗോള്‍ ശരാശരിയിലും ഇവര്‍ തമ്മിലുള്ള അന്തരം നിലനില്‍ക്കുന്നു. മെസ്സിയുടെ ഗോള്‍ ശരാശരി 0.90 ശതമാനം ഉള്ളിടത്ത് 1.05ആണ് ക്രിസ്റ്റ്യായുടെ ഗോള്‍ ശരാശരി.

ലാലിഗയുടെ ഈ സീസണില്‍ 14 ഗോളാണ് റൊണാള്‍ഡോയുടെ പേരിലുള്ളത്. 17ഗോലുള്ള സെല്‍റ്റ ഡി വിഗോ താരം ഇയാഗോ അസ്പാസും ബാഴ്‌സലോണയുടെ ലൂയിസ് സുവാരസും റൊണാള്‍ഡോയുടെ തൊട്ട്‌ മുന്നിലായുണ്ട്. ഇരുപത് ഗോളുകളാണ് സീസണില്‍ ഇതിനോടകം തന്നെ മെസ്സി അടിച്ചുകൂട്ടിയത്. ഗോള്‍ഡന്‍ ബൂട്ടിനായുള്ള മൽസരത്തില്‍ മെസ്സിയാണ് മുന്നില്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ