മാഞ്ചസ്റ്റര്‍: 37-ാം വയസില്‍ പരുക്ക് നല്കിയ ചെറിയ ഇടവേളയ്ക്ക് ശേഷം കളത്തിലേക്കുള്ള മടങ്ങി വരവ്. ടോട്ടനം പോലൊരു ശക്തമായ ടീമിനെതിരെ സുപ്രധാന മത്സരത്തില്‍ ഹാട്രിക്ക്. 2008 ന് ശേഷം ഓള്‍ഡ് ട്രഫോര്‍ഡ് ഒരിക്കല്‍കൂടി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ഹാട്രിക്കിന് സാക്ഷിയായി. ഒപ്പം ലോക റെക്കോര്‍ഡും സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തിനായി.
ഫുട്ബോള്‍ കരിയറില്‍ 807 ഗോളുകള്‍ തികയ്ക്കാന്‍ ഹാട്രിക്കിലൂടെ റൊണാള്‍ഡോയ്ക്കായി. ഇതോടെ പ്രൊഫഷണല്‍ ഫുട്ബോളില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജോസഫ് ബൈക്കണിന്റെ (805 ഗോളുകള്‍) റെക്കോര്‍ഡാണ് റൊണാള്‍ഡൊ മറികടന്നത്. 12, 38, 81 മിനുറ്റുകളിലായിരുന്നു താരം സ്കോര്‍ ചെയ്തത്.
പ്രതാപകാലത്തെ ഓര്‍മിപ്പിക്കുന്ന ഗോളായിരുന്നു റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്നും ആദ്യം പിറന്നത്. ഫ്രഡ് നല്കിയ പാസില്‍ നിന്ന് ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ട് ഗോള്‍ വലയുടെ വലത് മൂലയില്‍ പതിച്ചു. ജാദണ്‍ സാഞ്ചോയുടെ പാസില്‍ നിന്ന് അനായാസം വണ്‍ ടച്ചിലൂടെ രണ്ടാം ഗോള്‍. പക്ഷെ രണ്ട് ഗോള്‍ മടക്കി ടോട്ടനം ഒപ്പമെത്തി.
എന്നാല്‍ ടെല്ലസിന്റെ കോര്‍ണറില്‍ തലവച്ച് റൊണാള്‍ഡൊ യുണൈറ്റഡിന് വിജയം സമ്മാനിച്ചു. ക്ലബ്ബ് കരിയറിലെ 49-ാം ഹാട്രിക്കായിരുന്നു താരം നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ പ്രായമേറിയ താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോയ്ക്ക് ലഭിച്ചു. ജയത്തോടെ യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ നാലാമതെത്തി.
Also Read: സഹലിന്റെ ‘ഒരടി’യില്‍ ജംഷധ്പൂര്‍ വീണു; 90 മിനിറ്റിനപ്പുറം ഫൈനല്‍