പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മാർക്ക ലെജൻഡ് പുരസ്കാരം. സ്‌പാനിഷ് സ്പോർട്സ് മീഡിയ ഔട്‌ലെറ്റ് സമ്മാനിക്കുന്ന പുരസ്കാരമാണ് മാർക്ക ലെജൻഡ്. കായിക രംഗത്ത് മികവ് തെളിയിക്കുന്ന മിന്നും താരങ്ങൾക്കാണ് പുരസ്കാരം സമ്മാനിക്കുന്നത്. അർജന്റീനിയൻ താരം ലയണൽ മെസിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഫുട്ബോളറാണ് റൊണാൾഡോ. മെസിയുടെ നേട്ടത്തിന് പത്ത് വയസ് തികയുമ്പോഴാണ് റൊണാൾഡോ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പടെ മാർക്ക ലെജൻഡ് പുരസ്കാരം ലഭിച്ചത് ആകെ ആറ് ഫുട്ബോൾ താരങ്ങൾക്കാണ്. ബ്രസീൽ ഇതിഹാസം പെലെ, അർജന്റീനിയൻ ഇതിഹാസം മറഡോണ, മാൾഡിനി, റൗൾ ഗോൺസാലസ്, ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിങ്ങനെയാനണ് പട്ടിക.

കായിക രംഗത്തെ എലൈറ്റ് ഗ്രൂപ്പിലേക്കാണ് റൊണാൾഡോയും ഇപ്പോൾ ഉയർത്തപ്പെട്ടിരിക്കുന്നത്. റാഫേൽ നദാൽ, മൈക്കിൾ ജോർദാൻ, മൈക്കിൾ ഫെൽപ്സ്, ഉസൈൻ ബോൾട്ട്, റോജർ ഫെഡറർ എന്നിവരും നേരത്തെ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.

രാജ്യന്തര ഫുട്ബോളിലും ക്ലബ്ബ് ഫുട്ബോളിലും മിന്നും പ്രകടനവുമായി തിളങ്ങുന്ന റൊണാൾഡോ ഈ വർഷം ക്ലബ്ബ് മാറിയിരുന്നു. ഏറെക്കാലം തന്റെ തട്ടകമായിരുന്ന റയൽ മാഡ്രിഡിൽ നിന്നും റെക്കോർഡ് തുകയ്ക്ക് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിലെത്തുകയായിരുന്നു. നൂറ് മില്യണ്‍ യൂറോയ്ക്കാണ് 33 കാരനായ പോര്‍ച്ചുഗീസ് ഇതിഹാസത്തെ യുവന്റസ് വാങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook