ടൂറിന്‍: ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടത്. ലാ ലീഗയുടെ തന്നെ പ്രശസ്തിയ്ക്ക് വെല്ലുവിളിയുയര്‍ത്തിയാണ് ക്രിസ്റ്റ്യാനോ ക്ലബ്ബ് വിട്ടത്. താരത്തിന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളും നടന്നിരുന്നു. താന്‍ എന്തുകൊണ്ടാണ് റയല്‍ വിട്ടതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ.

റയല്‍ പ്രസിഡന്റ് ഫോളറന്റീനോ പെരസുമായുള്ള അഭിപ്രായ വ്യത്യാസമാണ് ടീം വിടാന്‍ കാരണമായതെന്നാണ് ക്രിസ്റ്റ്യാനോ പറയുന്നത്. ”ക്ലബ്ബില്‍, പ്രത്യേകിച്ച് പ്രസിഡന്റ് പെരസില്‍ നിന്നും, എന്നോടുള്ള സമീപനം പണ്ടത്തേത് പോലെയല്ലെന്ന് അനുഭവപ്പെട്ടു. അഞ്ചോ ആറോ വര്‍ഷത്തിനിടെ ആദ്യമായി ഞാന്‍ ചെറുതായെന്ന് തോന്നി” ക്രിസ്റ്റ്യാനോ പറഞ്ഞു.

”അവര്‍ക്ക് താന്‍ പഴയതു പോലെ പ്രധാനപ്പെട്ടതല്ലെന്നായിരുന്നു പ്രസിഡന്റിന്റെ പെരുമാറ്റവും സംസാരവുമെല്ലാം തോന്നിപ്പിച്ചത്. അതുകൊണ്ടാണ് ഞാന്‍ ടീം വിട്ടത്” ഒരു ഫ്രഞ്ച് ഫുട്‌ബോള്‍ മാസികയോടായിരുന്നു ക്രിസ്റ്റിയാനോയുടെ വെളിപ്പെടുത്തല്‍. നൂറ് മില്യണ്‍ യൂറോയ്ക്കായിരുന്നു ക്രിസ്റ്റിയാനോ റയലില്‍ നിന്നും യുവന്റസിലെത്തിയത്. ഒമ്പത് വര്‍ഷത്തിന് ശേഷമായിരുന്നു താരം റയല്‍ വിട്ടത്.

ലിവര്‍പൂളിനെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ ടീമില്‍ നിന്നും പടിയിറങ്ങിയത്. ഇതോടെ മെസി-ക്രിസ്റ്റിയാനോ പോരാട്ടം ലാലീഗയില്‍ അവസാനിക്കുകയും ചെയ്തു. ക്രിസ്റ്റിയാനോ ഇല്ലാതിറങ്ങിയ റയല്‍ പക്ഷെ മോശം പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഇന്നലെ എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയോട് 5-1ന് പരാജയപ്പെടുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook