/indian-express-malayalam/media/media_files/uploads/2023/09/cr7.jpg)
Photo: X/ Cristiano Ronaldo
സൌദി പ്രോ ലീഗിന്റെ പുതിയ സീസണിൽ തുടർച്ചയായ അഞ്ച് വിജയങ്ങളുമായി തകർപ്പൻ ഫോമിൽ കളിക്കുകയാണ് സൌദി ക്ലബ്ബായ അൽ നസ്സർ. ജിദ്ദയിൽ തിങ്കളാഴ്ച രാത്രി നടക്കാനിരിക്കുന്ന കിങ് കപ്പ് ഓഫ് ചാമ്പ്യൻസ് ടൂർണമെന്റിന്റെ പ്രാഥമിക റൌണ്ട് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ലെന്നാണ് സൂചന. സൌദി ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ഒഹോദ് എഫ് സിയെ നേരിടുമ്പോൾ ക്രിസ്റ്റ്യാനോയെ കളിപ്പിക്കേണ്ടതില്ലെന്നാണ് കോച്ച് ലൂയിസ് കാസ്ട്രോയുടെ തീരുമാനം.
കിങ് കപ്പ് ഓഫ് ചാമ്പ്യൻസ് ടൂർണമെന്റിൽ കളിക്കുന്ന പല സൌദി ക്ലബ്ബുകളുടേയും ടർഫ് ഗ്രൌണ്ടുകളുടെ പരിതാപകരമായ അവസ്ഥയാണ് സൂപ്പർതാരത്തെ പിൻവലിക്കാൻ കാരണമായിരിക്കുന്നത്. ഇത്തരം ഗ്രൌണ്ടുകളിൽ 38കാരനായ ക്രിസ്റ്റ്യാനോയ്ക്ക് പരിക്കേൽക്കുമോയെന്ന ഭയമാണ് അദ്ദേഹം ഉയർത്തുന്നത്. ബ്രോസോവിച്ചിനെ പോലുള്ള അറ്റാക്കിങ്ങ് മിഡ് ഫീൽഡർക്കും കോച്ച് വിശ്രമം അനുവദിച്ചിട്ടുണ്ട്. 32 ടീമുകൾ മാറ്റുരയ്ക്കുന്ന ആദ്യ റൌണ്ട് മത്സരങ്ങളിൽ ബെഞ്ച് സ്ട്രെങ്ത്ത് ഉപയോഗിക്കാനാണ് കാസ്ട്രോയുടെ തീരുമാനം.
ഒക്ടോബർ 6ന് അഭയ്ക്കെതിരെ നടക്കുന്ന ലീഗ് മത്സരത്തിലൂടെ നായകനായ ക്രിസ്റ്റ്യാനോ ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അൽ നസ്സറിന് മത്സരമുള്ളത് എന്നതിനാൽ ഈ മത്സരത്തിലും പോർച്ചുഗീസ് സൂപ്പർതാരത്തിന് വിശ്രമം അനുവദിക്കാൻ സാധ്യതയേറെയാണ്. ലീഗ് മത്സരങ്ങളിൽ വിശ്രമം നൽകിയാൽ ടോപ് സ്കോറർ പട്ടികയിൽ പിന്നോക്കം പോകാനിടയുള്ളതിനാൽ മറ്റു മത്സരങ്ങളിൽ മാത്രമാകും വിശ്രമം നൽകുകയെന്നാണ് സൂചന.
ടീമിനായി കഴിഞ്ഞ 5 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയിട്ടുള്ളത്. സൌദി ലീഗിലെ ടോപ് സ്കോറർ പട്ടികയിൽ രണ്ടാമതുള്ള അൽ ഹിലാൽ താരം മാൽക്കമിനേക്കാൾ മൂന്ന് ഗോളുകൾക്ക് മുന്നിലാണ് ക്രിസ്റ്റ്യാനോയിപ്പോൾ. അൽ നസ്സറിനായി 33 മത്സരത്തിൽ നിന്നായി 29 ഗോളുകളാണ് നായകൻ അടിച്ചുകൂട്ടിയിരിക്കുന്നത്.
വിരമിക്കുന്നതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് രസികൻ മറുപടിയാണ് താരം നൽകിയത്. "ഇനി കഴിയില്ല ക്രിസ്റ്റ്യാനോയെന്ന് എന്ന് എന്റെ കാലുകൾ പറയുന്നുവോ, അത് വരേയും ഞാൻ കളി തുടരും,” എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ഗോട്ടിന്റെ മറുപടി. താൻ ഇനി മറ്റൊരു ക്ലബ്ബിന് കീഴിൽ കളിക്കില്ലെന്നും അൽ നസ്സറാണ് തന്റെ ഫുട്ബോൾ കരിയറിലെ അവസാനത്തെ ക്ലബ്ബെന്നും റൊണാൾഡോ ക്ലബ്ബ് ഉടമകളെ അറിയിച്ചിട്ടുണ്ട്. യൂറോപ്പിലേക്ക് ഇനിയൊരു മടക്കമുണ്ടാകില്ലെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു.
ഖത്തർ ലോകകപ്പിന് പിന്നാലെ 2023 ജനുവരി ഒന്നിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ താരതമ്യേന അപ്രശസ്തരായിരുന്ന അൽ നസ്സറിൽ ചേർന്നത്. 38കാരനായ താരത്തിന് ഫുട്ബോൾ കരിയറിലെ അന്നേവരെയുള്ളതിൽ വച്ച് ഏറ്റവുമുയർന്ന റെക്കോർഡ് പ്രതിഫലമാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. 2025 വരെ എല്ലാ വർഷവും 1630.61 കോടി രൂപയാണ് റൊണാൾഡോയ്ക്ക് പ്രതിഫലമായി ലഭിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us