ബാഴ്സലോണ: സ്പാനിഷ് സൂപ്പർ കപ്പിലെ ന്യൂകാമ്പില്‍ നടന്ന ആദ്യപാത മത്സരത്തില്‍ ബാഴ്സലോണക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ബാഴ്സലോണയെ തകര്‍ത്തത്. മത്സരത്തില്‍ ക്രിറ്റ്യാനോ റൊളാള്‍ഡോ ചുകപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയി.

നെയ്മറിനു പകരം ഡെലഫൗ, മെസ്സിക്കും സുവാരസിനുമൊപ്പം ആക്രമണം നയിക്കുന്ന രീതിയിലായിരുന്നു ബാഴ്സ ഇറങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തി ആയിരുന്നു സൂപ്പർകപ്പ് ആദ്യ പാദത്തിന് സിദാൻ തന്റെ സംഘത്തെ ഇറങ്ങിയത്. രണ്ടാം പകുതിയിൽ പിക്വെയുടെ ഓൺ ഗോൾ റയലിനു ലീഡ് നേടിക്കൊടുത്തതോടെ ചൂടു പിടിച്ച കളിയിലേക്ക് 58-ാം മിനുട്ടിൽ പകരക്കാരനായി റൊണാൾഡോയും എത്തി. അതിനു ശേഷമായിരുന്നു വിവാദ തീരുമാനങ്ങൾ ഉണ്ടായത്.

76-ാം മിനുട്ടിൽ മാഡ്രിഡ് ഗോൾ കീപ്പർ നവാസ് സുവാരസിനെ വീഴ്ത്തിയതിന് നൽകിയ പെനാൾട്ടിയാണ് ആദ്യ വിവാദം. സുവാരസിന്റേത് പെനാൾട്ടിക്കു വേണ്ടിയുള്ള ഡൈവ് ആയിരുന്നു എന്ന് റീപ്ലേയിൽ വ്യക്തമാവുക ആയിരുന്നു. എന്നാൽ ആ തീരുമാനത്തിൽ കിട്ടിയ പെനാൾട്ടി അനായാസം ലക്ഷ്യത്തിലെത്തിച്ച് മെസ്സി സ്കോർ 1-1 എന്നാക്കി. 80-ാം മിനിട്ടിൽ കൗണ്ടർ അറ്റാക്കിലൂടെ മുന്നേറിയ റയൽ മാഡ്രിഡിനെ ഒന്നാംതരം സ്ട്രൈക്കിലൂടെ റൊണാൾഡോ വീണ്ടും മുന്നിലെത്തിച്ചു.

എന്നാൽ ഗോളിനു ശേഷം ജേഴ്സിയൂരി ആഹ്ലാദ പ്രകടനം നടത്തിയ റൊണാൾഡോ മഞ്ഞ കാർഡ് വാങ്ങി. അതിനു തൊട്ടടുത്ത നിമിഷം നടന്ന മറ്റൊരു റയൽ നീക്കത്തിനൊടുവിൽ പെനാൾട്ടി ബോക്സിൽ വീണ റൊണാൾഡോയ്ക്ക് ഡൈവ് എന്നാരോപിച്ച് റഫറി രണ്ടാം മഞ്ഞ കാർഡും നൽകി മാർച്ചിംഗ് ഓർഡർ കൊടുത്തു.

പത്തുപേരായി ചുരുങ്ങിയെങ്കിലും റയൽ പ്രതിരോധം ഭേദിച്ച് സമനില ഗോൾ നേടാൻ ബാഴ്സയ്ക്കായില്ല. അതേ സമയം മറ്റൊരു കൗണ്ടർ അറ്റാക്കിലൂടെ അസൻസിയോ റയലിനു വേണ്ടി വലകുലുക്കി സ്കോർ 3-1 എന്നാക്കി. സൂപ്പർ കപ്പ് രണ്ടാം പാദ മത്സരം ബുധനാഴ്ച റയൽ മാഡ്രിഡിന്റെ തട്ടകത്തിൽ വെച്ച് നടക്കും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ