/indian-express-malayalam/media/media_files/2025/05/28/2bAfUf2vHfnpsL2eyTq5.jpg)
Cristiano Ronaldo Transfer Chances Photograph: (Cristiano Ronaldo, Instagram)
Cristiano Ronaldo Transfer Updates: ഈ അധ്യായം അവസാനിച്ചു..പോർച്ചുഗൽ ഇതിഹാസ താരത്തിൽ നിന്ന് ഈ വാക്കുകൾ വന്നതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി എന്ത് എന്നതിലേക്ക് ആകാംക്ഷയോടെയാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. 40ാം വയസിൽ യൂറോപ്പിന്റെ വേഗതയ്ക്കൊപ്പം റോണാൾഡോയ്ക്ക് ഓടിയെത്താനാവില്ല. അതിനാൽ അവിടേക്കൊരു മടക്കം എന്ന സാധ്യത വിദൂരതയിലാണ്. പക്ഷേ ക്രിസ്റ്റൽ പാലസിൽ നിന്നൊരു ഓഫർ ഉണ്ട്. എന്നാൽ അതിൽ ഒരു ട്വിസ്റ്റും ഉണ്ട്. എന്തെന്നല്ലേ? ക്ലബ് ലോകകപ്പിനായുള്ള താത്കാലിക ട്രാൻസ്ഫർ സാധ്യതകൾ മാറ്റി നിർത്തിയാൽ രണ്ട് ഓപ്ഷനുകളാണ് പ്രധാനമായും റൊണാൾഡോയ്ക്ക് മുൻപിലുള്ളത്.
അൽ നസറുമായുള്ള കരാർ പുതുക്കി മറ്റൊരു സീസൺ കൂടി ഇവിടെ തുടരുക എന്നതാണ് റൊണാൾഡോയ്ക്ക് മുൻപിലുള്ള സാധ്യതകളിൽ ഒന്ന്. മറ്റൊന്ന് അൽ ഹിലാലിലേക്ക് ചേക്കേറുക. അൽ ഹിലാലിലേക്ക് പോവുകയാണ് എങ്കിൽ ക്ലബ് ലോകകപ്പ് കളിക്കാനും റൊണാൾഡോയ്ക്ക് സാധിക്കും. മാത്രമല്ല അൽ ഹിലാലിനൊപ്പം സൗദിയിൽ ഒരു കിരീടം നേടുക എന്ന സാധ്യതയും റൊണാൾഡോയ്ക്ക് മുൻപിൽ തുറക്കും.
അൽ ഹിലാലുമായി റൊണാൾഡോ ചർച്ചകൾ ആരംഭിച്ചതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നെയ്മർ അൽ ഹിലാൽ വിട്ടതിന് ശേഷം മറ്റൊരു സൂപ്പർ താരത്തെ തിരയുകയാണ് അൽ ഹിലാൽ. അൽ നസർ ഓഫർ ചെയ്തതിന് സമാനമായ പ്രതിഫലം റൊണാൾഡോയ്ക്ക് നൽകാൻ അൽ ഹിലാലിനും സാധിക്കും. അതിനാൽ കിരീടം നേടാനാവാതെയുള്ള അൽ നസറിനൊപ്പമുള്ള യാത്ര അവസാനിപ്പിച്ച് അൽ ഹിലാലിലേക്ക് റൊണാൾഡോ എത്താനുള്ള സാധ്യതകളാണ് ശക്തം.
ക്ലബ് ലോകകപ്പിൽ റയൽ മാഡ്രിഡ്, റെഡ് ബുൾ സൽസ്ബർഗ് ഉൾപ്പെടെയുള്ള ക്ലബുകൾക്കെതിരെയാണ് അൽ ഹിലാലിന്റെ മത്സരങ്ങൾ. ജൂൺ 30ന് അൽ നസറുമായുള്ള റൊണാൾഡോയുടെ കരാർ അവസാനിക്കും. പ്രീമിയർ ലീഗിലും സ്പാനിഷ് ലീഗിലും സീരി എയിലും കിരീടം സ്വന്തമാക്കി സൗദി പ്രോ ലീഗിലേക്ക് എത്തിയ റൊണാൾഡോയ്ക്ക് താൻ കളിച്ച എല്ലാ ലീഗിലും കിരീടം എന്ന നേട്ടം സ്വന്തമാക്കാൻ തടസമാകുന്നത് അൽ നസറിന്റെ കിരീട വളർച്ചയാണ്.
Also Read: 'ഒരുനാൾ നിങ്ങളെന്നെ മനസിലാക്കും; നെഞ്ചിൽ കൈവെച്ച് ഞാൻ പറയുന്നു'; കരൾ പിളർന്ന് പടിയിറക്കം
അൽ നസറിന് വേണ്ടി 93 കളിയിൽ നിന്ന് 105 ഗോളുകളാണ് റൊണാൾഡോ സ്കോർ ചെയ്തത്. റൊണാൾഡോ സൗദി പ്രോ ലീഗിലേക്ക് വന്നതോടെയാണ് യൂറോപ്പിൽ നിന്ന് നെയ്മറും ബെൻസെമയും മനേയും ഉൾപ്പെടെയുള്ള താരങ്ങൾ ഇവിടേക്ക് എത്തിയത്.
കരിയറിന്റെ അവസാന ഘട്ടത്തിലാണ് റൊണാൾഡോ. ഇപ്പോൾ എടുക്കുന്ന തീരുമാനം നിർണായകമാണ് എന്ന വ്യക്തമായ ബോധ്യം റൊണാൾഡോയ്ക്കുണ്ട്. അതിനാൽ എല്ലാ സാധ്യതകളും റൊണാൾഡോ പരിഗണിക്കുന്നതായാണ് റൊണാൾഡോയുമായി അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന സ്പാനിഷ് മാധ്യമപ്രവർത്തകൻ എഡ്യു അഗ്യുറേ പറയുന്നത്.
റൊണാൾഡോയെ ക്ലബ് ലോകകപ്പിനായി റാഞ്ചാൻ ഇവർ
ക്ലബ് ലോകകപ്പിന് മുൻപായി താത്കാലിക ട്രാൻസ്ഫർ വിൻഡോ തുറക്കുന്നുണ്ട്. ഇതിലൂടെ രണ്ട് കളിക്കാരെ ക്ലബ് ലോകകപ്പിന് വേണ്ടി മാത്രമാണ് ടീമുകൾക്ക് സ്വന്തമാക്കാം. ഇതോടെ റൊണാൾഡോയുമായി ഇന്റർ മയാമി മുതൽ മെക്സിക്കൻ ക്ലബ് മോണ്ടെറി ഉൾപ്പെടെയുള്ളവരെ വരെ ബന്ധപ്പെടുത്തിയാണ് റിപ്പോർട്ടുകൾ വരുന്നത്.
മെസിയും റൊണാൾഡോയും ഒരുമിച്ച് കളിക്കുന്ന സ്വപ്നം
മെസിയും റൊണാൾഡോയും ഒരുമിച്ച് ഒരു ക്ലബിൽ കളിക്കും എന്ന റിപ്പോർട്ടുകളാണ് ക്ലബ് ലോകകപ്പ് അടുത്തതോടെ ആദ്യം ഉയർന്നത്. റൊണാൾഡോയെ ഇന്റർ മയാമി ക്ലബ് ലോകകപ്പ് കളിപ്പിക്കാൻ ടീമിലെത്തിക്കും എന്ന റിപ്പോർട്ടുകൾ വന്നു. എന്നാൽ പിന്നാലെ ഇത് സംബന്ധിച്ച വാർത്തകൾ അപ്രത്യക്ഷമായി.
Also Read: റൊണാൾഡോയേയും ബെക്കാമിനേയും വെട്ടി; അമ്പരപ്പിക്കുന്ന ഫ്രീകിക്ക് ഗോളോടെ റെക്കോർഡിട്ട് മെസി
ചെൽസിയുടെ ഒൻപതാനമായി വരുമെന്ന അഭ്യൂഹം
പ്രീമിയർ ലീഗിൽ നിന്ന് ക്ലബ് ലോകകപ്പ് കളിക്കുന്ന ചെൽസി റൊണാൾഡോയെ ക്ലബിലെത്തിക്കും എന്ന അഭ്യൂഹവും പിന്നാലെ ഉയർന്നു. വിശ്വസ്തനായ ഒൻപതാമനെ ചെൽസി ക്ലബ് ലോകകപ്പിനായി തേടുന്നു എന്ന കാരണമാണ് ഈ റിപ്പോർട്ടുകൾ ഉയർത്തിക്കാണിച്ചത്. എന്നാൽ പിന്നാലെ ഈ അഭ്യൂഹങ്ങളും അപ്രത്യക്ഷമായി.
വമ്പൻ ഓഫർ ബ്രസീലിയൻ ക്ലബ് മുൻപിൽ വെച്ചോ?
ക്ലബ് ലോകകപ്പ് കളിക്കാനായി റൊണാൾഡോയ്ക്ക് മുൻപിൽ ബ്രസീലിയൻ ക്ലബ് വമ്പൻ ഓഫർ വെച്ചതായി ആണ് പിന്നെയൊരു റിപ്പോർട്ട് വന്നത്. എന്നാൽ ഈ ബ്രസീലിയൻ ക്ലബിന്റെ പേര് പുറത്തുവന്നിരുന്നില്ല.
റാമോസ് മെക്സിക്കോയിലേക്ക് റൊണാൾഡോയെ എത്തിക്കുമോ?
റയൽ മാഡ്രിഡിലെ റൊണാൾഡോയുടെ മുൻ സഹതാരം റാമോസ് താരത്തെ ക്ലബ് ലോകകപ്പിനായി മെക്സിക്കൻ ക്ലബിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു എന്നാണ് ഏറ്റവും ഒടുവിൽ വന്ന റിപ്പോർട്ടുകളിൽ ഒന്ന്. മോണ്ടെറി റൊണാൾഡോയെ ക്ലബ് ലോകകപ്പിനായി സ്വന്തമാക്കുമെന്നാണ് ഡയറീയോ എഎസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലാ ലീഗയിലെ മുൻ താരങ്ങളായ ഒലിവർ ടൊറെസ്, സെർജിയോ കനാലസ് എന്നിവരും ഇപ്പോൾ മോണ്ടെറിയിലുണ്ട്. ഇങ്ങനെ പരിചിതമായ മുഖങ്ങൾക്കൊപ്പം ക്ലബ് ലോകകപ്പ് കളിക്കുന്നത് ഗുണം ചെയ്തേക്കും എന്ന് റൊണാൾഡോയും ഉറപ്പിച്ചാൽ ആ ട്രാൻസ്ഫർ സാധ്യമായേക്കും.
ക്ലബ് ലോകകപ്പിലേക്ക് മാത്രമായുള്ള താത്കാലിക ട്രാൻസ്ഫർ ഓഫറായി അഞ്ച് മില്യൺ ഡോളറാണ് ക്ലബ് മുൻപോട്ട് വെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മെക്സിക്കൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഷോർട്ട് ടേം ട്രാൻസ്ഫർ തുകയാണ് ഇത്.
ക്രിസ്റ്റൽ പാലസ് ഉടമയുടെ ഓഫർ
പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസ് ഉടമയുടെ കീഴിലുള്ള മറ്റൊരു ബ്രസീലിയൻ ക്ലബാണ് ബോട്ടഫോഗോ. ഈ ക്ലബിലേക്ക് റൊണാൾഡോ ചേർന്നാൽ ക്രിസ്റ്റൽ പാലസിന്റെ ഓഹരി പങ്കാളിത്തം റൊണാൾഡോയ്ക്ക് ക്ലബ് ഉടമ ഓഫർ ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
അൽ നസറിനൊപ്പം കരാർ പുതുക്കിയാൽ പ്രതിമാസം 16.5 മില്യൺ യൂറോയാണ് റൊണാൾഡോയ്ക്ക് ലഭിക്കുക എന്നാണ് റിപ്പോർട്ട്. ക്രിസ്റ്റൽ പാലസിന്റെ ഷെയർ ലഭിച്ചാലും സമാനമായ തുക റൊണാൾഡോയുടെ കൈകളിലേക്ക് എത്തും.
Read More: Cristiano Ronaldo: റൊണാൾഡോ ഇല്ലാതെ എന്ത് ക്ലബ് ലോകകപ്പ്! സൂചനയുമായി ഫിഫ പ്രസിഡന്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us