ഫുട്ബോൾ ലോകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലയണൽ മെസിയുടെ ഭാവി സംബന്ധിച്ചുള്ള ചർച്ചകളാണ്. അതേസമയം മെസിയുടെ സമകാലികനും പ്രധാന എതിരാളിയുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിൽ മൂന്ന് വർഷം തികച്ചിരിക്കുകയാണ്. ഈ സമയത്ത് തന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും എക്കാലത്തെയും ഉയർന്ന തലത്തിലാണെന്ന് റൊണാൾഡോ പറയുന്നു. വ്യാഴാഴ്ച ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു റൊണാൾഡോ തന്റെ പദ്ധതികളെക്കുറിച്ച് മനസ് തുറന്നത്.
“എന്റെ മൂന്നാം സീസണിന് തയ്യാറെടുക്കുമ്പോൾ അഭിലാഷങ്ങളും തീക്ഷ്ണതയും എക്കാലത്തെയും ഉയർന്ന തലത്തിലാണ്. ലക്ഷ്യങ്ങൾ. വിജയങ്ങൾ. പ്രതിബദ്ധത. സമർപ്പണം. എന്റെ എല്ലാ കരുത്തിനുമൊപ്പം യുവന്റസിലെ സഹതാരങ്ങളുടെയും സ്റ്റാഫിന്റെയും സഹായത്തോടെ ഒരിക്കൽ കൂടി ഞങ്ങൾ ഇറ്റലിയും യൂറോപ്പും ലോകവും കീഴടക്കാൻ ഒരുങ്ങുകയാണ്,” റൊണാൾഡോ പറഞ്ഞു.
Also Read: മെസി ഇല്ലെങ്കിലും ഗ്രീസ്മാൻ വേണം; ബാഴ്സയിലെ നീക്കങ്ങൾ ഉറ്റുനോക്കി കായികലോകം
റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലെത്തിയ ശേഷം നടന്ന രണ്ട് സീരി എയിലും ടൂറിൻ ക്ലബ്ബിനെ കിരീടത്തിലെത്തിക്കാൻ റൊണാൾഡോയ്ക്ക് സാധിച്ചു. എന്നാൽ ചാംപ്യൻസ് ലീഗ് എന്ന അവരുടെ വലിയ ലക്ഷ്യം മാത്രം സാധിച്ചുനൽകാൻ റൊണാൾഡോയ്ക്ക് രണ്ട് തവണയും സാധിച്ചില്ല. ഇത്തവണ പ്രീക്വാർട്ടറിൽ ലിയോണിനോട് തോറ്റ് പുറത്തായ യുവന്റസ് കഴിഞ്ഞ സീസണിൽ അയാക്സിനോടാണ് അടിയറവ് പറഞ്ഞത്.
Also Read: മെസിക്കുവേണ്ടി 800 മില്ല്യണ്‍ യൂറോ ചെലവഴിക്കാന്‍ ഏത് ഫുട്ബോള്‍ ടീമിന് കഴിയും?
“റെക്കോർഡുകൾ തകർത്ത്, പ്രതിബന്ധങ്ങളെ മറികടന്ന്. കിരീടങ്ങളും വ്യക്തിഗത നേട്ടങ്ങളും സ്വന്തമാക്കി. ഒരിക്കൽ കൂടി കൂടുതൽ മികച്ചതായി. മുന്നിലുള്ള വെല്ലുവിളികളെയെല്ലാം മറികടന്ന് കൂടുതൽ ഉയരത്തിലെത്തണം,” റൊണാൾഡോ വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ യുവന്റസിനായി 46 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ റൊണാൾഡോ 37 ഗോളുകളാണ് സ്വന്തമാക്കിയത്.
Also Read: ‘മെസ്സി തുടരണം, ബർതോമ്യു രാജി വയ്ക്കുക’; നൗക്യാംപിനുമുന്നിൽ പ്രതിഷേധവുമായി ബാഴ്സ ആരാധകർ
ഞങ്ങളുടെ ഓരോ ആരാധകർക്കു വേണ്ടിയും ഓരോ വർഷവും കൂടുതൽ സഹാസികമാക്കേണ്ടതുണ്ട്. ഞങ്ങൾ യുവന്റസാണ്, ഞങ്ങൾ ചാംപ്യന്മാരാണ്, എപ്പോഴത്തേക്കാളും കരുത്തരാണ്, ഒന്നിച്ച്. റൊണാൾഡോയുടെ പോസ്റ്റിൽ അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിക്കാലം മുതൽ താൻ ഇഷ്ടപ്പെട്ടിരുന്ന ക്ലബ്ബാണ് യുവന്റസെന്നും, ഒരിക്കലെങ്കിലും ക്ലബ്ബിനായി കളിക്കാൻ സാധിക്കുമെന്നറിയാമായിരുന്നെന്നും താരം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.