ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഫുട്ബോൾ ലോകം അടക്കി വാണവരാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡും. ഇരുവരുടെയും പ്രതിഭയ്ക്ക് മങ്ങലേറ്റിട്ടില്ലെങ്കിലും പ്രായം 30 പിന്നിട്ടിരിക്കുകയാണ്. ക്രിസ്റ്റ്യാനോയ്ക്ക് 32 വയസ്സും, മെസിക്ക് 30 വയസ്സുമാണ് ഉള്ളത്. 2018ൽ റഷ്യയിൽ വച്ച് നടക്കുന്ന ലോകകപ്പ് വരെ ഇവർ തന്നെയായിരിക്കും താരങ്ങളിലെ മുൻനിരക്കാർ. എന്നാൽ ഇവർക്ക് ശേഷം ആരായിരിക്കും ലോക ഫുട്ബോൾ അടക്കി വാഴുക എന്ന് ആലോചനയിലാണ് ഫുട്ബോൾ ലോകം. ഇക്കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു പ്രവചനം നടത്തിയിരിക്കുകയാണ് ഇപ്പോൾ.

യൂറോപ്പിലെ ഏറ്റവും മികച്ച താരത്തിനുളള അവാര്‍ഡ് സ്വന്തമാക്കാന്‍ സാധ്യതയുളള താരങ്ങളാരൊക്കെയാണെന്നായിരുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്രകാരമായിരുന്നു റൊണാൾഡോയുടെ മറുപടി. ‘വളരെ നല്ല ചോദ്യമാണിത്. ഞാന്‍ കഴിവുളള കുറച്ച് താരങ്ങളെ കാണുന്നു. അസന്‍സിയോ, എംബാപ്പ, നെയ്മര്‍, ഡംബേല, ഹസാര്‍, റാഷ്‌ഫോര്‍ഡ്… അങ്ങനെ അങ്ങനെ മറ്റ് ചില താരങ്ങളും. അടുത്ത തലമുറയില്‍ കുറഞ്ഞ 10 താരങ്ങളെങ്കിലും ഉണ്ട് വളരെ കഴിവുള്ളവര്‍’ റോണോ പറയുന്നു.

റയൽ മാഡ്രിഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുട സഹതാരമണ് അസെൻസിയോ. ഹോളണ്ടിൽ ജനിച്ച അസെൻസിയോ സ്പാനിഷ് ടീമിന് വേണ്ടിയാണ് കളിക്കുന്നത്. ഡ്രിബിളിങ്ങിലും, ഫിനിഷിങ്ങിലും അസാമാന്യ പാടവമാണ് അസെൻസിയോ കാഴ്ചവെക്കുന്നത്. 21 വയസ്സ് കാരനായ അസെൻസിയോ റയൽ മാഡ്രിഡിന്റെ ആദ്യ ഇലവനിലെ സ്ഥിരാംഗമാണ്.

ലിയണൽ മെസിയുടെ നിഴലിൽ നിന്ന് പുറത്ത് വന്ന നെയ്മറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സെലക്ഷനിൽ മുന്നിൽ. തികവാർന്ന താരമെന്ന ഖ്യാതി നേടിയ നെയ്മർ ജൂനിയർ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഫ്രഞ്ച് ടീമിലെ അദ്ഭുതബാലനായ കൈൽ എംബാപെയാണ് റൊണാൾഡോ തിരഞ്ഞെടുത്ത അടുത്തതാരം. 18 വയസ്സ് മാത്രം പ്രായമുള്ള എംബാപെ ഇതിനകം തന്നെ ലോകശ്രദ്ധ നേടിയിട്ടുണ്ട്. ഗോളടിക്കാനും അവസരങ്ങൾ സൃഷ്ടിക്കാനും മിടുക്കനായ എംബാപെയെ സ്വന്തമാക്കാൻ പണമൊഴുക്കാൻ തയ്യാറാണ് പ്രമുഖ ക്ലബുകൾ.

ഇംഗ്ലീഷ് ദേശീയ ടീമിലെ അദ്ഭുത ബാലനാണ് മാർക്കസ് റാഷ്ഫോർഡ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളിശൈലി അതേപടി ആവാഹിച്ചിരിക്കുന്ന താരമാണ് റാഷ്ഫോർഡ്. വേഗതയിലും ഡ്രിബിളിങ്ങിലുമെല്ലാം മിടുക്കനാണ് റാഷ്ഫോർഡ്.

ബാഴ്സിലോണയിലേക്ക് ചേക്കേറിയ ഉസ്മാൻ ഡെംബേലയാണ് റൊണാൾഡോയുടെ അടുത്ത സെലക്ഷൻ. 20 വയസ്സ് മാത്രം പ്രായമുള്ള ഡെംബേല ഫ്രാൻസ് ദേശീയ ടീമിലെ അഭിവാജ്യ ഘടകമാണ്. ഡ്രിബിളിങ്ങും വേഗതയും തന്നെയാണ് ഡെംബേലയുടേയും കരുത്ത്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ട്രാൻസ്ഫർ തുകയ്ക്കാണ് ഡെംബേലയെ ബാഴ്സിലോണ സ്വന്തമാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ