Latest News

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡിൽ; സ്ഥിരീകരിച്ച് ക്ലബ്ബ് അധികൃതർ

13 വർഷത്തിന് ശേഷമാണ് താരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബിലെത്തിലേക്ക് തിരിച്ചെത്തുന്നത്

Cristiano Ronaldo, UEFA EURO
Photo: Facebook/UEFA EURO 2020

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും മാഞ്ചസ്റ്റർ യുനൈറ്റഡിൽ. ഒരു പതിറ്റാണ്ടിലധികം നീണ്ട കാലത്തിന് ശേഷമാണ് താരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബിലെത്തിയത്. താരം ക്ലബ്ബിലെത്തിയ കാര്യം മാഞ്ചസ്റ്റർ യുനൈറ്റഡ് അവരുടെ സാമൂഹ്യ മാധ്യമ പേജുകളിൽ സ്ഥിരീകരിച്ചു. റോണോയുടെ ക്ലബ്ബ് മാറ്റത്തെക്കുറിച്ച് ദിവസങ്ങളായി തുടരുന്ന അഭ്യൂഹങ്ങൾക്കിടെയാണ് ക്ലബ്ബിന്റെ സ്ഥിരീകരണം.

റോണോയെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റുകൾ മാഞ്ചസ്റ്റർ യുനൈറ്റഡ് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവച്ചിട്ടുണ്ട്. വെൽകം ഹോം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് പറഞ്ഞാണ് താരത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റ് ക്ലബ്ബ് പങ്കുവച്ചത്.

2009 സീസൺ വരെ മാഞ്ചസ്റ്ററിൽ കളിച്ച റോണോയെ 80 മില്യൺ പൗണ്ട് ചെലവഴിച്ചാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ആറ് സീസണുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ താരം ചെലവഴിച്ചത്. 2018ലാണ് താരം റയൽ വിട്ട് ഇറ്റാലിയൻ സോക്കർ ക്ലബ്ബായ യുവന്റസിൽ ചേർന്നത്.

2003 മുതൽ 2009 വരെയുള്ള സീസണുകളിൽ 196 മത്സരങ്ങളിലാണ് റോണോ മാഞ്ചസ്റ്ററിനു വേണ്ടി ഇറങ്ങിയത്. 84 ഗോൾ നേടിയ താരം ഒരു തവണ ഗോൾഡൺ ബൂട്ട് പുരസ്കാരവും രണ്ട് തവണ പ്ലേയർ ഓഫ് ദ ഇയർ പുരസ്കാരവും സ്വന്തമാക്കി. മൂന്ന് ഇപിഎൽ കിരീടനേട്ടങ്ങളുടെയും ഭാഗമായി.

വെള്ളിയാഴ്ചയോടെയാണ് താരം മാഞ്ചസ്റ്റർ സിറ്റിയിലെത്തുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായത്. തുടർന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് താരത്തിന്റെ ക്ലബ്ബ് പ്രവേശനം സ്ഥിരീകരിക്കുന്നത്. ആയ യുവന്റസ് വിടാൻ റോണോ ഒരുങ്ങുന്നതായുള്ള വാർത്തകൾക്ക് പിറകെ താരം വീണ്ടും പ്രീമിയർ ലീഗിലേക്ക് വരുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

മറ്റൊരു ഇപിഎൽ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് താരം പോകുമെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ റോണോയ്ക്ക് വേണ്ടിയുള്ള ശ്രമം സിറ്റി ഉപേക്ഷിച്ചതായി പിന്നീട് വാർത്തകൾ പുറത്തുവന്നു.

Read More: പിഎസ്‌ജി മാത്രമല്ല, ഫ്രഞ്ച് ലീഗ് ആകെ മാറും; മെസ്സി വന്നത് കാരണമുള്ള നേട്ടങ്ങൾ

36 കാരനായ റൊണാൾഡോ തന്റെ ഏജന്റ് ജോർജ്ജ് മെൻഡസിനോട് തന്റെ മുൻ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ വീണ്ടും ചേരാൻ തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ പറഞ്ഞിരുന്നു.

ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തിന് 2023 ജൂൺ വരെ ഒരു കരാർ വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്.

“ഇതിഹാസത്തെ” തിരികെ സ്വാഗതം ചെയ്യുമെന്ന് ക്ലബ്ബ് മുഖ്യ പരിശീലകൻ ഓൽ ഗന്നർ സോൾഷ്യർ വെള്ളിയാഴ്ച പറഞ്ഞിരുന്നു.

“റൊണാൾഡോ യുവന്റസ് വിടുമെന്ന് ഞാൻ കരുതിയിരുന്നില്ല, ഇന്ന് രാവിലെ ഇത് ഊഹാപോഹമാണ്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഊഹാപോഹങ്ങളുണ്ട്, തീർച്ചയായും,” അദ്ദേഹം പറഞ്ഞു.

“ഞങ്ങൾക്ക് എല്ലായ്പ്പോഴും നല്ല ആശയവിനിമയം ഉണ്ടായിരുന്നു, ബ്രൂണോ [ഫെർണാണ്ടസ്] അദ്ദേഹത്തോട് സംസാരിക്കുന്നുണ്ടെന്നും എനിക്കറിയാം, അയാളെക്കുറിച്ച് ഞങ്ങൾക്ക് എന്തുതോന്നുന്നുവെന്ന് അയാൾക്കറിയാം, അയാൾ യുവന്റസിൽ നിന്ന് അകന്നുപോകാൻ പോവുകയാണെങ്കിൽ, ഞങ്ങൾ ഇവിടെയുണ്ടെന്ന് അയാൾക്കറിയാം.”

അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ റോണോയ്ക്ക് ക്ലബ്ബിൽ തുടരപാൻ ഉദ്ദേശമില്ലെന്ന് യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി വെള്ളിയാഴ്ച പറഞ്ഞിരുന്നു. ക്ലബ്ബ് മാറ്റം സംബന്ധിച്ച മാധ്യമങ്ങളുടെ ഊഹാപോഹങ്ങൾക്കിടയിലാണ് അല്ലെഗ്രിയുടെ പ്രഖ്യാപനം.

“താൻ ഇനി യുവന്റസിനായി കളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ക്രിസ്റ്റ്യാനോ എന്നോട് പറഞ്ഞു,” അല്ലെഗ്രി പറഞ്ഞു.

“അതുകൊണ്ടാണ് നാളെ അദ്ദേഹത്തെ വിളിക്കാത്തത്. അദ്ദേഹം ഇന്നലെ പരിശീലിച്ചിട്ടില്ല. ഇന്ന് രാവിലെ അദ്ദേഹം തന്റെ സഹപ്രവർത്തകരോട് അത് പറഞ്ഞു. ഞാൻ ഒന്നിലും ആശ്ചര്യപ്പെടുന്നില്ല, ഫുട്ബോളിൽ മാർക്കറ്റും വ്യക്തികളുടെ ആവശ്യങ്ങളും ഉണ്ട്. അദ്ദേഹം തന്റെ തിരഞ്ഞെടുപ്പ് നടത്തി. ജീവിതം പൊയ്ക്കൊണ്ടേയിരിക്കുന്നു,” അല്ലെഗ്രി പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Cristiano ronaldo manchester united city transfer news

Next Story
റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്? സാധ്യത തുറക്കുന്നുവെന്ന് റിപ്പോർട്ടുകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com