ആരാധകരെ ആവേശത്തിലാക്കി സൂപ്പർ താരം റൊണാൾഡോയുടെ യുവന്റസ് അരങ്ങേറ്റം. യുവന്റസിന്റെ ബി ടീമിനെതിരെ നടന്ന മത്സരത്തിൽ ഗോൾ നേടികൊണ്ടായിരുന്നു താരം ആദ്യ മത്സരം തന്നെ ഗംഭീരമാക്കിയത്. കളി തുടങ്ങി എട്ടാം മിനിറ്റിൽ ഗോൾ കണ്ടെത്തിയ റൊണാൾഡോ ടീമിന് ലീഡ് സമ്മാനിക്കുകയായിരുന്നു.

നീണ്ട 9 വർഷത്തെ റയൽ മാഡ്രിഡ്‌ കളിജീവിതം അവസാനിപ്പിച്ച് റൊണാൾഡോ കഴിഞ്ഞ ജൂലൈയിലാണ് യുവന്റസിൽ എത്തിയത്. ഇറ്റാലിയൻ വമ്പന്മാരിലേക്കുള്ള താരത്തിന്റെ വരവ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. റയലിനായി തുടർച്ചയായ മൂന്നാം വർഷവും ചാംപ്യൻസ് ലീഗ് കിരീടം സമ്മാനിച്ച ശേഷമാണ് താരം പടിയിറങ്ങിയത്.

എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് യുവന്റസിന്റെ ഒന്നാം നിര അവരുടെ തന്നെ ബി ടീമിനെ പരാജയപ്പെടുത്തിയത്. റൊണാൾഡോക്ക് പുറമെ ആരാധകരുടെ പ്രിയ താരം പൗലോ ഡിബാലയും മത്സരത്തിൽ ഇരട്ട ഗോൾ കണ്ടെത്തി. ക്ലോഡിയോ മച്ചീസിയോയാണ് മറ്റൊരു ഗോൾ സ്‌കോറർ.

യുവന്റസിന്റെ അണ്ടർ 20 ടീമാണ് യുവന്റസ് ബി. പുതിയ സീസണിൽ ചാംപ്യൻസ് ലീഗ് കിരീടം ഇറ്റലിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് യുവന്റസും ആരാധകരും. ഇന്നലെ നടന്ന മത്സരത്തിലുടനീളം ചാംപ്യൻസ് ലീഗ് കിരീടം ഇറ്റലിയിൽ എത്തിക്കാൻ റൊണാൾഡോയോട് ആരാധകർ അലമുറയിട്ട് ആവശ്യപ്പെടുന്നതും കാണാമായിരുന്നു.

കുട്ടിക്കാലം മുതൽ താൻ ഇഷ്ടപ്പെട്ടിരുന്ന ക്ലബ്ബാണ് യുവന്റസെന്നും, ഒരിക്കലെങ്കിലും ക്ലബ്ബിനായി കളിക്കാൻ സാധിക്കുമെന്നറിയാമായിരുന്നെന്നും താരം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും റൊണാൾഡോയുടെ കൂടുതൽ പ്രകടനങ്ങൾക്കും വിജയത്തിനുമായി കാത്തിരിക്കുകയാണ് ആരാധകർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook