മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടു. റയല്‍ നായകന് സെര്‍ജിയോ റാമോസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ റൊണാള്‍ഡോയ്ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ക്രിസ്റ്റ്യാനോ ക്ലബ്ബ് വിട്ടതായി സ്ഥിരീകരിക്കപ്പെട്ടത്.
റയല്‍ മാഡ്രിഡ് നിങ്ങളെ എന്നും ഓര്‍മ്മിക്കും. നിങ്ങള്‍ക്ക് ഒപ്പം കളിക്കാന്‍ സാധിച്ചത് അഭിമാനമാണെന്നും റയലിന്റെ ചരിത്രത്തില്‍ നിങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ടാകുമെന്നുമായിരുന്നു റാമോസിന്റെ പോസ്റ്റ്.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നിങ്ങളുടെ ഗോളുകള്‍, റെക്കോര്‍ഡുകള്‍, നമ്മളൊരുമിച്ച് നേടിയതെല്ലാം സ്വയം സംസാരിക്കും. റയലിന്റെ ചരിത്രത്തില്‍ നിങ്ങള്‍ക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. റയല്‍ മാഡ്രിഡ് നിങ്ങളെ എന്നും ഓര്‍ക്കും. നിങ്ങള്‍ക്ക് ഒപ്പം കളിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. കെട്ടിപ്പിടിച്ചു കൊണ്ട് ആശംസകള്‍ നേരുന്നു.’ എന്നായിരുന്നു റാമോസിന്റെ പോസ്റ്റ്.
ഇറ്റാലിയന്‍ കരുത്തരായ യുവന്റസിലേക്കാണ് ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റം. കുറച്ചുനാളുകളായി തുടരുന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ അവസാനമായിരിക്കുന്നത്. 105 മില്യണ്‍ യൂറോയ്ക്കാണ് ക്രിസ്റ്റ്യാനോയുമായി യുവന്റസ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. ഇതോടെ പത്ത് വര്‍ഷത്തെ റയല്‍ കരിയറിനാണ് ക്രിസ്റ്റ്യാനോ വിരാമമിട്ടത്.
റൊണാള്‍ഡോ യുവന്റസുമായി കരാറിലെത്തിയിട്ടുണ്ടെന്ന് യുവന്റസ് മുന്‍ സിഇഒ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ റൊണാള്‍ഡോയും റയല്‍ മാഡ്രിഡും മൗനം തുടരുകയായിരുന്നു. 2009 ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും റൊണാള്‍ഡോ റയല്‍ മാഡ്രിഡിലെത്തുന്നത്. പിന്നീട് ക്ലബ്ബിനെ നാല് ചാംപ്യന്‍സ് ലീഗ് കിരിടീത്തതിലേക്ക് നയിച്ചാണ് റൊണാള്‍ഡോ ക്ലബ്ബ് വിടുന്നത്.
ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുന്ന റൊണാള്‍ഡോയെ സന്ദര്‍ശിക്കാന്‍ യുവന്റസ് പ്രസിഡന്റ് അന്ദ്രിയ അഗ്നെല്ലി യാത്രതിരിച്ചിട്ടുണ്ട്. താരത്തെ സന്ദര്‍ശിക്കാന്‍ അന്ദ്രിയ അഗ്നെല്ലി റയല്‍ മാഡ്രിഡിനെ സമീപിക്കുകയും റയല്‍ അനുവാദം നല്‍കുകയുമായിരുന്നു.